Flash News

നിയമ ലംഘനം (കവിത) സാവിത്രി രാജീവന്‍

April 19, 2014 , സാവിത്രി രാജീവന്‍

lamghanam

മക്കളും മരുമക്കളും പേരക്കുട്ടികളും
ബന്ധുക്കളും സുഹൃത്തുക്കളും
ഒത്തൊരുമയോടെ പറഞ്ഞു
“ഇത് പഴഞ്ചനായി
കണ്ടില്ലേ അതിന്റെ മുഖപ്പ്
കണ്ടില്ലേ അതിന്റെ മേലാപ്പ്
കണ്ടില്ലേ
അതിന്റെ അകത്തേക്കും
പുറത്തേക്കും തുറക്കാവുന്ന
ഇളകുന്ന മുന്‍ മുന്‍വാതില്‍
കണ്ടില്ലേ അതിന്റെ വളഞ്ഞ മോന്തായം

എല്ലാം പഴഞ്ചനായി
അതിലില്ല ഞങ്ങള്‍ക്ക് മതഭേദം”

അമ്മാമന്‍ ആലോചനയോടെ പറഞ്ഞു
“പരിഷ്കരിക്കാം,
പക്ഷേ, ഓര്‍ത്തോളൂ
ഇരുനൂറു കൊല്ലം പഴക്കമുള്ള
എടുപ്പാണ്
മേല്‍ക്കൂരയും ചുമരുമാണ്
ശീമയില്‍നിന്നും വന്ന തച്ചന്‍
കണക്കുകൂട്ടി കുറ്റിയടിച്ചതാണ്”

തലയാട്ടുന്ന അനുസരണശീലരോട്
കനിവോടെ
അമ്മാവന്‍ വീണ്ടും പറഞ്ഞു

“തെക്കേ മുറിയിലെ ഓവറ പൊളിക്കരുത്
വേണമെങ്കിലതില്‍
പുതിയൊരു കുന്താണി ക്കക്കൂസ് വച്ചോളൂ
മച്ചിനും മുറിച്ചുമരുകള്‍ക്കും
പുതിയ ചായം പുരട്ടിക്കോളൂ
എന്നാല്‍ നിറം മാറ്റരുത്.

നടുമുറ്റം അങ്ങനെത്തന്നെ നില്‍ക്കട്ടെ
മുറ്റത്തേക്കിറങ്ങാന്‍ പുതുതായി
രണ്ടു വാതിലുകള്‍ കൂടിയാവാം
തൊടിയിലെ തൊഴുത്ത്
പത്തായപ്പുര ,
പടിപ്പുരയും അങ്ങനെ തന്നെ നില്‍ക്കട്ടെ

“പക്ഷേ”
ഒന്ന് നിര്‍ത്തി അമ്മാമന്‍ പറഞ്ഞു

‘കാരണവരുടെ മണ്ഡപം മൂലസ്ഥാനത്ത് ഇനി വേണ്ട,
ആ പ്രതിമയും.
ഇടിച്ചു നിരത്തിയേക്കൂ’

പറയുമ്പോള്‍ അതും പറയണമല്ലോ,
പരിഷ്കാരങ്ങള്‍ക്ക് ഞാന്‍ എതിരേയല്ല

അമ്മാവന്റെ വാക്കുകള്‍
കാരണവരുടെ ചെവികളില്‍
തേനീച്ചയോ കരിവണ്ടുകളോ ആയി
പറന്നു കയറിയത്രേ,
നോക്കി നില്‍ക്കേ ഉപ്പു കുറുക്കാനെന്നവണ്ണം

കാരണവര്‍ അറബിക്കടലോരത്തെക്ക്‌
കാല്‍ നീട്ടി വച്ചു നടന്നത്രേ.
വടിയൂന്നി ഊന്നിത്തന്നെ.

ചത്തിട്ടും ഇയാള്‍ നിയമം ലംഘിക്കാനാണല്ലോ
പോകുന്നത് !


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top