ഇറാഖിലെ സ്ത്രീകള്‍ ചേലാകര്‍മ്മം ചെയ്യണമെന്ന് ഐ.എസ്‌.ഐ.എസ് ഭീകരരുടെ ഫത്‌വ

image.adapt.445.lowബാഗ്ദാദ്: ഇറാഖിലെ ആഭ്യന്തരകലാപത്തെ തുടര്‍ന്ന് പിടിച്ചെടുത്ത വിമതരുടെ അധീനതയിലുള്ള പ്രദേശങ്ങളിലെ സ്ത്രീകള്‍ ചേലാകര്‍മ്മം ചെയ്യണമെന്ന് ഐ.എസ്‌.ഐ.എസ് ഭീകരരുടെ ഫത്‌വ. വിശ്വാസത്തിന്റെ ഭാഗമായി അഗ്രചര്‍മ്മം മുറിച്ചുമാറ്റുന്ന ഈ ആചാരം മൊസൂളിലും പരിസരപ്രദേശങ്ങളിലുമുള്ള 11നും 46നും ഇടയില്‍ പ്രായമുള്ള എല്ലാ സ്ത്രീകളെയും പെണ്‍കുട്ടികളെയും ബാധിക്കുന്നതാണ്. ഭീകരരുടെ ഫത്‌വ 40 ലക്ഷത്തോളം സ്ത്രീകളെയും പെണ്‍കുട്ടികളെയും ബാധിക്കുമെന്ന് യു.എന്‍ പ്രതിനിധി ജാക്വലിന്‍ ബാഡ്കോക് അറിയിച്ചു. വാര്‍ത്ത പുറത്ത് വിട്ടിരിക്കുന്നത് യു.എന്‍ ഉന്നതോദ്യോഗസ്ഥരാണ്.

സോഷ്യല്‍ മീഡിയകള്‍ വഴി വാര്‍ത്തയ്ക്ക് വലിയ പ്രചാരവും ലഭിക്കുന്നുണ്ട്. ശക്തമായ പോരാട്ടം നടക്കുന്ന ഇറാഖില്‍ മൊസൂളും വടക്കുപടിഞ്ഞാറന്‍ മേഖലയിലെ പല നഗരങ്ങളും ഐ.എസ്‌.ഐ.എസ് വിമതര്‍ പിടിച്ചെടുത്തു കഴിഞ്ഞു.

പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ നാലു ദശലക്ഷം സ്ത്രീകള്‍ ഇറാഖിന്റെ വടക്കന്‍ നഗരമായ മൊസൂളിലുണ്ട്. കടുത്ത ഉത്കണ്ഠയുളവാക്കുന്ന വിഷയം ഗൗരവമായി ചര്‍ച്ച ചെയ്യപ്പെടേണ്ടതാണെന്നും യു‌.എന്‍ അധികൃതര്‍ ചൂണ്ടിക്കാട്ടി.

അതേസമയം ഐ.എസ്‌.ഐ.എസ്നെ അപമാനപ്പെടുത്തുക എന്നതാണ്‌ ഈ വ്യാജ പ്രചരണത്തിന്‌ പിന്നിലെന്നും ഐ.എസ്‌.ഐ.എസ് പ്രതികരിച്ചു. വാര്‍ത്ത വ്യാജമാണെന്നാണ്‌ ഇറാഖില്‍ റിപ്പോര്‍ട്ടിനായി എത്തിയിരിക്കുന്ന അന്താരാഷ്‌ട്ര മാധ്യമപ്രവര്‍ത്തകരും പറയുന്നത്‌. മൊസൂളില്‍ ഇങ്ങനെയൊരു നിര്‍ദേശം ഉണ്ടായതായി വിവരമില്ലെന്നും കലാപം റിപ്പോര്‍ട്ട്‌ ചെയ്യാനെത്തിയ ചില അന്താരാഷ്‌ട്ര മാധ്യമ പ്രവര്‍ത്തകര്‍ പറയുന്നത്‌.

ഈ ആഴ്‌ച ആദ്യം നഗരത്തിലെ ക്രിസ്‌ത്യാനികളെ ഇറക്കി വിട്ട ശേഷം അറബിക്‌ അക്ഷരം ഉപയോഗിച്ച്‌ അവരുടെ വീട്‌ മാര്‍ക്ക്‌ ചെയ്‌തതായി വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു. ഇതിനെ തുടര്‍ന്ന്‌ ആയിരങ്ങള്‍ കുര്‍ദിഷ്‌ മേഖലയായ വടക്കന്‍ മേഖലയിലേക്ക്‌ പലായനം ചെയ്‌തു. 20 കുടുംബങ്ങള്‍ മൊസൂളില്‍ ഇപ്പോഴും നില്‍ക്കുകയാണ്‌.

Print Friendly, PDF & Email

Related posts

Leave a Comment