ഹിന്ദുവും മുസ്ലീമും വിവാഹം കഴിച്ചാല്‍ അത് ജിഹാദാകുന്നതെങ്ങനെ? സെയ്ഫ് അലി ഖാന്‍

മകന് തൈമുര്‍ എന്നു പേരിട്ടതിന് സാമൂഹ്യ മാധ്യമങ്ങള്‍ കൊല്ലാക്കൊല ചെയ്യുന്നതിനിടെ മതവിശ്വാസത്തെക്കുറിച്ചും വര്‍ത്തമാനകാലത്തെ മതവിശ്വാസത്തിന്റെ പ്രസക്തിയെക്കുറിച്ചും മിശ്രവിവാഹത്തെക്കുറിച്ചുമെല്ലാമുള്ള തന്റെ ഉറച്ച നിലപാടുകള്‍ ഉറക്കെ വിളിച്ചുപറഞ്ഞ് നടന്‍ സെയ്ഫ് അലി ഖാന്‍. ഇന്ത്യന്‍ എക്‌സ്പ്രസിലെ ലേഖനത്തിലാണ് സെയ്ഫിന്റെ തുറന്നുപറച്ചില്‍.

മിശ്രവിവാഹം എന്നാല്‍ ജിഹാദല്ല. മിശ്രവിവാഹം കഴിഞ്ഞാലും ഭാര്യയ്ക്കും ഭര്‍ത്താവിനും അവരുടെ വിശ്വാസം വച്ചുപലര്‍ത്തി ജീവിക്കാന്‍ ഒരു തടസ്സവുമില്ല. വിവാഹം കഴിക്കാന്‍ ആരും മതംമാറേണ്ടതില്ല. മുസ്ലീമും ഹിന്ദുവുമെല്ലാം ചേര്‍ന്ന് നെയ്‌തെടുത്തതാണ് ഇന്ത്യ. ഈ വൈജാത്യമാണ് ഇന്ത്യയെ ഇന്ത്യയാക്കുന്നത്. ഇന്ന് മതത്തിനാണ് കൂടുതല്‍ പ്രാധാന്യം കല്‍പിക്കുന്നത്. അല്ലാതെ മനുഷ്യത്വത്തിനല്ല. ഇന്ന് ഓരോ മതത്തിനും ഓരോ നിയമമാണ്. ഇത് ദോഷമാണ്. എല്ലാ ഇന്ത്യക്കാര്‍ക്കും ഒരു നിയമമേ പാടുള്ളൂ. ഒരു ഏകീകൃത സിവില്‍ കോഡാണ് ഇവിടെ വേണ്ടത്.

ഇസ്ലാം മതം ഏറ്റവും അധികം അവമതി നേരിടുന്ന കാലമാണിത്. പെണ്‍മക്കളെ മുസ്ലീങ്ങള്‍ക്ക് വിവാഹം ചെയ്തു കൊടുക്കാന്‍ പലരും ഭയക്കുന്നു. മതംമാറ്റവും മുത്തലാഖും ബഹുഭാര്യാത്വവുമാണ് ഈ ഭയത്തിന് ആധാരം. ഇതെല്ലാം അപരിഷ്‌കൃതമാണ്. ഇസ്ലാം മതത്തില്‍ ഒരുപാട് പരിഷ്‌കാരങ്ങള്‍ വരേണ്ട നേരമായി. എന്റെ മനസ്സിലെ മതം സമാധാനവും ആത്മസമര്‍പ്പണവുമായിരുന്നു.

taimur1-l-twitterചന്ദ്രനും മരുഭൂമിയും കാലിഗ്രാഫിയും ആയിരത്തൊന്ന് രാവുകളുമൊക്കെയായിരുന്നു പണ്ടെനിക്ക് മതം. വളര്‍ന്നുവന്നപ്പോള്‍ മതം ദുരുപയോഗം ചെയ്യപ്പെടുന്നതാണ് ഞാന്‍ കണ്ടത്. ഇന്ന് മനുഷ്യ നിര്‍മിതമായ മതങ്ങളില്‍ നിന്ന് അകലം പാലിക്കുകയാണ് ഞാന്‍.

വ്യത്യസ്ത മതത്തില്‍പ്പെട്ട കരീന കപൂറുമായുള്ള വിവാഹം അത്ര എളുപ്പമായിരുന്നില്ല. രണ്ടു വീട്ടുകാര്‍ക്കും എതിര്‍പ്പായിരുന്നു. രാജകുടുംബത്തിന് അവരുടേതായ പ്രശ്‌നങ്ങളുണ്ടായിരുന്നു. ബ്രാഹ്മണര്‍ക്ക് അവരുടേതും. ഇരു മതങ്ങളിലെയും തീവ്രവാദികളും എതിര്‍പ്പുമായി വന്നു. ഇരുഭാഗത്ത് നിന്നും വധഭീഷണിവരെയുണ്ടായി. ലൗ ജിഹാദ് എന്ന് പരിഹാസ്യമായി അധിക്ഷേപിച്ചു. എന്നിട്ടും ഞങ്ങളുടെ വിവാഹം യാഥാര്‍ഥ്യമായി.

എന്റെ മുത്തശ്ശിയുടെ പ്രണയവിവാഹത്തിന്റെ ചരിത്രമാണ് ഞങ്ങള്‍ക്ക് തുണയായത്. യഥാര്‍ഥ ജീവിതത്തിലെ പ്രണയകഥകള്‍ കേട്ടാണ് ഞങ്ങള്‍ വളര്‍ന്നത്. ദൈവം ഒന്നാണെന്നും പല പേരുകളില്‍ അറിയപ്പെടുക മാത്രമാണെന്നും പഠിപ്പിച്ചാണ് ഞങ്ങളെ വളര്‍ത്തിയത്. ഇന്ന് ഞങ്ങള്‍ ഇരുവരുടെയും വിശ്വാസങ്ങളെ അംഗീകരിച്ചാണ് ജീവിക്കുന്നത്. ഞാന്‍ കരീനയ്‌ക്കൊപ്പം പോയി പള്ളിയില്‍ പ്രാര്‍ഥിച്ചിട്ടുണ്ട്. കുര്‍ബാന കൂടിയിട്ടുണ്ട്. കരീന ദര്‍ഗകളില്‍ നമസ്‌കരിക്കാറുണ്ട്. പള്ളികളില്‍ പ്രാര്‍ഥിക്കാറുണ്ട്. പുതിയ വീട്ടില്‍ ഹോമം നടത്തി, വെഞ്ചരിപ്പു നടത്തി. ഖുറാന്‍ പാരായണവും ഉണ്ടായിരുന്നു

Print Friendly, PDF & Email

Related posts

Leave a Comment