ലണ്ടന്‍: ഐസിസി ചാമ്പ്യന്‍സ് ട്രോഫിയില്‍ ആസ്ട്രേലിയയും ന്യൂസിലന്‍ഡും തമ്മില്‍ നടന്ന മല്‍സരം മഴമൂലം ഉപേക്ഷിച്ചു. മഴമൂലം ആദ്യം 46 ഓവറാക്കി ചുരുക്കിയ കളിയില്‍ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്‍ഡ് 45 ഓവറില്‍ 291 റണ്‍സിന് ഓള്‍ ഔട്ടായതിന് തൊട്ടുപിന്നാലെ വീണ്ടും മഴയെത്തി. ആസ്‌ത്രേലിയയുടെ വിജയ ലക്ഷ്യം 33 ഓവറില്‍ 235 റണ്‍സായി വെട്ടിച്ചുരുക്കിയ ശേഷം ബാറ്റിങിനിറങ്ങിയ ഓസീസ് ഒമ്പത് ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 53 റണ്‍സെന്ന നിലയില്‍ വീണ്ടും മഴയെത്തുകയായിരുന്നു. പിന്നീട് മഴ ശക്തമായതിനെത്തുടര്‍ന്ന് ഇരു ടീമുകളും ഓരോ പോയിന്റ് വീതം പങ്കിട്ട് പിരിയുകയായിരുന്നു.
കളിച്ച രണ്ട് സന്നാഹ മല്‍സരത്തിലും പരാജയപ്പെട്ട കിവീസ് നിര മികച്ച പ്രകടനം തന്നെയാണ് ഓസീസിനെതിരേ പുറത്തെടുത്തത്. നായകന്‍ കെയ്ന്‍ വില്യംസണിന്റെ (100)നിര്‍ണായക സെഞ്ച്വറി പ്രകടനമാണ് ടീമിന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. ഓപണര്‍മാരായ മാര്‍ട്ടിന്‍ ഗുപ്റ്റിലും ലൂക്ക് റോഞ്ചിയും മികച്ച തുടക്കം കിവീസിന് സമ്മാനിച്ചു. പതിവ് ശൈലിയില്‍ ആക്രമിച്ച് കളിച്ച ഗുപ്റ്റില്‍ 22 പന്തില്‍ അഞ്ച് ഫോറുകള്‍ സഹിതം 26 റണ്‍സുമായി കത്തിക്കയറവേ ജോഷ് ഹെയ്‌സല്‍വുഡിന് മുന്നില്‍ കുടുങ്ങി.
രണ്ടാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന റോഞ്ചിയും വില്യംസണും 77 റണ്‍സ് കൂട്ടുകെട്ടാണ് ടീമിന് സമ്മാനിച്ചത്. 43 പന്തില്‍ ഒമ്പത് ഫോറും മൂന്ന് സിക്‌സറുകളും സഹിതം 65 റണ്‍സെടുത്ത റോഞ്ചിയെ ജോണ്‍ ഹാസ്റ്റിങ്‌സ് പുറത്താക്കി. മഴ ഇടക്കിടെ വില്ലനായതിനാല്‍ ആഞ്ഞടിച്ച കളിച്ച കിവീസ് നിരയില്‍ റോസ് ടെയ്‌ലറും(46) ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. നെയ്ല്‍ ബ്രോം(14), ജെയിംസ് നിഷാം(6), കോറി ആന്‍ഡേഴ്‌സണ്‍(8), മിച്ചല്‍ സാന്റര്‍(8), ആദം മില്‍നി(11) എന്നിവരാണ് കിവീസിന്റെ മറ്റ് സ്‌കോറര്‍മാര്‍.
ഓസീസിന് വേണ്ടി ഒമ്പത് ഓവറില്‍ 52 റണ്‍സ് വിട്ടുനല്‍കിയാണ് ഹെയ്‌സല്‍വുഡ് ആറ് വിക്കറ്റുകള്‍ വീഴ്ത്തിയത്. ജോണ്‍ ഹാസ്റ്റിങ്‌സ് രണ്ടും പാറ്റ് കുമ്മിന്‍സ് ഒരു വിക്കറ്റും വീഴ്ത്തി കരുത്തുകാട്ടി. 235 റണ്‍സാക്കി ചുരുക്കിയ വിജയ ലക്ഷ്യത്തിലേക്ക് ബാറ്റിങിനിറങ്ങിയ ആസ്‌ത്രേലിയ ഡേവിഡ് വാര്‍ണര്‍(18) ആരോണ്‍ ഫിഞ്ച്(8) മോയിസസ് ഹെന്റിക്വസ്(18) എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത്. ന്യൂസിലന്‍ഡിന് വേണ്ടി ആദ്യം മില്‍നി രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ട്രന്റ് ബോള്‍ട്ട് ഒരു വിക്കറ്റും സ്വന്തമാക്കി.