പാകിസ്താനില്‍ മതസംഘടനകളും പോലീസും സൈന്യവും ഏറ്റുമുട്ടി; കലാപം അക്രമാസക്തമായി

pakisthan-protest-830x412പാകിസ്താനിൽ വിവിധ സംസ്ഥാനങ്ങളിലെ ദേശീയപാതകൾ ഉപരോധിച്ച് മതസംഘടനകൾ നടത്തിയ പ്രതിഷേധ പ്രകടനം അക്രമാസക്തമായി. കറാച്ചി, ലാഹോർ, റാവൽപിണ്ടി, പെഷാവർ നഗരങ്ങളിലാണ് പ്രകടനം അക്രമാസക്തമായത്. നിരവധി പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കോടതി ഉത്തരവിനെത്തുടർന്ന് പ്രതിഷേധക്കാരെ അടിച്ചമർത്താൻ പൊലീസും സൈന്യവും രംഗത്തെത്തിയതോടെയാണ് പ്രശ്നം കൂടുതൽ വഷളായത്. ലഹോറിലെ തെരുവുകൾ യുദ്ധസമാനമായി. ഇസ്‌ലാമാബാദിൽ പ്രതിഷേധക്കാരും സുരക്ഷാസേനയും ഏറ്റുമുട്ടി. അക്രമത്തിൽ ഒരു പൊലീസുകാരൻ മരിച്ചു.150ലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

മുഹമ്മദ് അന്ത്യ പ്രവാചകനാണെന്ന് സത്യപ്രതിജ്ഞ വേളയിൽ സാമാജികർ പ്രഖ്യാപിക്കുന്നതുമായി ബന്ധപ്പെട്ട നിയമ ഭേദഗതിയാണ് പ്രശ്നത്തിനാധാരം. 2017 സെപ്റ്റംബറിൽ ഇക്കാര്യം സത്യപ്രതിജ്ഞയിൽ ഉൾപ്പെടുത്തേണ്ടെന്നും പ്രഖ്യാപനമായാൽ മതിയെന്നുമുള്ള തരത്തിൽ ഭേദഗതി കൊണ്ടുവന്നു. തുടർന്നാണ് ഭേദഗതി അംഗീകരിച്ച നിയമമന്ത്രി സാഹിദ് ഹാമിദിന്റെ രാജിയാവശ്യപ്പെട്ട് തഹ്രീകെ ലബ്ബയ്ക യാ റസൂലല്ല, സുന്നി തഹ്രീകെ പാകിസ്താൻ തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിൽ ഇസ്‌ലാമാബാദ് എക്സ്പ്രസ്‌വേ ഉപരോധം തുടങ്ങിയത്.

പൊലീസ് നടപടി സംബന്ധിച്ച വാർത്തകൾ പ്രചരിപ്പിക്കുന്നത് തടയാൻ സ്വകാര്യ ചാനലുകൾക്ക് താൽക്കാലിക വിലക്കും ഏർപ്പെടുത്തിയിട്ടുണ്ട്. പാക് ഇലക്ട്രോണിക് മീഡിയ റെഗുലേറ്ററി അതോറിറ്റിയുടേതാണ് നടപടി. എന്നാൽ, സർക്കാർ ഉടമസ്ഥതയിലുള്ള ചാനലുകൾക്ക് വിലക്കില്ല. നേരത്തേ ഫേസ്ബുക്ക്, ട്വിറ്റർ, യുട്യൂബ് പോലുള്ള സാമൂഹികമാധ്യമങ്ങളും നിരോധിച്ചിരുന്നു. കണ്ണീർവാതകവും ലാത്തിയും റബർ ബുള്ളറ്റുകളും ഉപയോഗിച്ചാണ് പൊലീസ് സമരക്കാരെ നേരിടുന്നത്.

ഫൈസാബാദിൽ പ്രക്ഷോഭകർ മുൻ ആഭ്യന്തര മന്ത്രി ചൗധരി നിസാർ അലിഖാന്റെ വീടും ആക്രമിച്ചു. ഗേറ്റ് തകർത്ത് വീട്ടിനുള്ളിലേക്ക് കടക്കാൻ ശ്രമിച്ചവരെ പൊലീസ് തടയുകയായിരുന്നു. പലയിടത്തും പൊലീസ് സ്റ്റേഷനു തീയിടാനും ശ്രമിച്ചു. മുൻ പ്രധാനമന്ത്രി നവാസ് ശരീഫിന്റെ ഔദ്യോഗിക വസതിയിലേക്കുള്ള എല്ലാ റോഡുകളും പൊലീസ് അടച്ചു. റോഡുമാർഗം യാത്ര ഒഴിവാക്കണമെന്നു ശരീഫിനോടും കുടുംബത്തിനോടും ആവശ്യപ്പെട്ടിട്ടുണ്ട്.

വിവിധ മതസംഘടനകളിൽനിന്നായി രണ്ടായിരത്തിലേറെ ആളുകളാണ് ഇസ്ലാമാബാദിനടുത്ത് ഇൗ മാസം എട്ടുമുതൽ പ്രതിഷേധം തുടരുന്നത്. 24 മണിക്കൂറിനകം പ്രതിഷേധക്കാരെ നീക്കണമെന്നാവശ്യപ്പെട്ട് ഇസ്‌ലാമാബാദ് ഹൈക്കോടതി വെള്ളിയാഴ്ച രംഗത്തുവന്നു. സർക്കാർ പരാജയപ്പെട്ടതോടെ ആഭ്യന്തരമന്ത്രി അഹ്സൻ ഇഖ്ബാലിനെതിരെ കോടതിയലക്ഷ്യ നോട്ടീസയച്ചു. പിന്നീടാണ് പ്രതിഷേധക്കാരെ നേരിടാൻ എണ്ണായിരത്തിലേറെ സുരക്ഷാഉദ്യോഗസ്ഥരെ രംഗത്തിറക്കിയത്. അതിനിടെ, പ്രശ്നത്തിന് എത്രയും വേഗം പരിഹാരം കാണണമെന്നാവശ്യപ്പെട്ട് സൈനിക മേധാവി ഖമർ ജാവേദ് ബാജ്വ പ്രധാനമന്ത്രി ശാഹിദ് അബ്ബാസിയുമായി ടെലിഫോണിൽ ചർച്ച നടത്തി.

Print Friendly, PDF & Email

Related posts

Leave a Comment