ഒമ്പതാം ക്ലാസില്‍ പഠിക്കുന്ന സ്വന്തം മകനെ കഴുത്തില്‍ ഷാള്‍ ചുറ്റി കൊലപ്പെടുത്തി, മൃതദേഹം വെട്ടിനുറുക്കി പല കഷണങ്ങളാക്കി, മണ്ണെണ്ണ ഒഴിച്ചു തീകൊളുത്തി വികൃതമാക്കി രണ്ടു ദിവസം വീടിന്‍റെ പിന്നാമ്പുറത്ത് കാക്കയ്ക്കും കഴുകനും തിന്നാന്‍ എറിഞ്ഞുകൊടുത്ത ഒരമ്മയുടെ നിസംഗമായ ഭാവങ്ങള്‍ കണ്ടു സ്തബ്ധരായിരിക്കയാണു മനഃസാക്ഷി മരവിച്ചിട്ടില്ലാത്ത ലക്ഷക്കണക്കിനു സാധാരണക്കാര്‍. ഒരു പ്രകോപനവുമില്ലാതെയാണു കൊല്ലം കൊട്ടിയത്ത് ജിത്തു എന്ന ബാലനെ മാതാവ് ജയമോള്‍ നിഷ്ഠുരമായി കൊലപ്പെടുത്തിയതെന്നാണു പറയപ്പെടുന്നത്. ജയമോളെ അമ്മയെന്നു വിളിക്കാനോ വിശേഷിപ്പിക്കാനോ കഴിയാത്തവരാണു കൂടുതലും. ജയയ്ക്കു മാനസിക പ്രശ്നങ്ങളുണ്ടെന്നും കുടുംബകലഹത്തിന്‍റെ ഇരയാണു ജിത്തുമോനെന്നുമൊക്കെ പല തരത്തിലാണു വിശദീകരണങ്ങള്‍. അതിന്‍റെ കാര്യങ്ങളും കാരണങ്ങളും പ്രതികളുമെല്ലാം പൊലീസിന്‍റെ കര്‍ശന നിരീക്ഷണത്തിലാണ്. അതവിടെ നില്‍ക്കട്ടെ. ജിത്തു വധം ഉന്നയിക്കുന്ന ഒരു പ്രധാന ചോദ്യമുണ്ട്. സാക്ഷര സമ്പന്നമായ കേരളത്തിന് ഇതെന്തു പറ്റി? മലയാളികളുടെയെല്ലാം മനസും മനസാക്ഷിയും മരവിച്ചു പോയോ?
കഴിഞ്ഞ ദിവസം അരുംകൊല ചെയ്യപ്പെട്ട കണ്ണൂര്‍ കാക്കയങ്ങാട് ഐടിഐ വിദ്യാര്‍ഥി ശ്യാമ പ്രസാദ് എന്ന യുവാവിന്‍റെ ജീവന്‍ മലയാളികളോടു ചോദിക്കുന്നതും ഇതേ ചോദ്യം. ശ്യാമപ്രസാദിന്‍റെ കൊലപാതകം തന്നെ അസ്വസ്ഥനാക്കുന്നു എന്നാണു സുപ്രീം കോടതിയിലെ മുന്‍ ചീഫ് ജസ്റ്റിസും സംസ്ഥാന ഗവര്‍ണറുമായ പി. സദാശിവത്തിന്‍റെ ഏറ്റുപറച്ചില്‍. അതാകട്ടെ, ഓരോ കേരളയീന്‍റെയും അസ്വസ്ഥത തന്നെയാണ്. ഗവര്‍ണര്‍ പറഞ്ഞതു പോലെ, സംസ്ഥാനത്തിന്‍റെ പ്രതിച്ഛായ തകര്‍ക്കുന്ന സംഭവങ്ങളാണ് ഓരോ ദിവസവും ഇവിടെ നടക്കുന്നത്. പണ്ടൊക്കെ, ചമ്പല്‍ക്കാടുകളിലും വടക്കേ ഇന്ത്യന്‍ വനമേഖലകളിലും മാത്രം കണ്ടുവന്ന തരത്തിലുള്ള കുറ്റകൃത്യങ്ങളാണിപ്പോള്‍ കേരളത്തില്‍ അരങ്ങേറുന്നത്.
ജിത്തു വധക്കേസിലെ പ്രധാന പ്രതി ജയമോള്‍ ഇപ്പോള്‍ റിമാന്‍ഡിലാണ്. ശ്യാമപ്രസാദിന്‍റെ ഘാതകരില്‍ ചിലരും പിടിയിലായി. ഇവര്‍ എസ്ഡിപിഐ പ്രവര്‍ത്തകരാണെന്നു പൊലീസ് പറയുന്നു. ഒരുകാലത്ത് കണ്ണൂര്‍, കോഴിക്കോട് മേഖലകളില്‍ പരസ്പരം വെട്ടിയും കുത്തിയും മരിക്കുന്നവര്‍ സിപിഎം അല്ലെങ്കില്‍ ബിജെപി/ആര്‍എസ്എസ് പ്രവര്‍ത്തകരായിരുന്നു കൂടുതലും. എന്നാലിപ്പോള്‍ എസ്ഡിപിഐ, മുസ്ലിം ലീഗ് തുടങ്ങിയ സംഘടനകളിലുള്ളവരാണ് ബിജെപിക്കും സിപിഎമ്മിനുമെതിരായ ആക്രമണങ്ങളില്‍ പങ്കെടുക്കുന്നത്.
ആക്രമണത്തിന് ഇരയാകുന്നവും ആക്രമിക്കുന്നവരുമൊക്കെ ഏതേതു പാര്‍ട്ടികളില്‍പ്പെട്ടവരാണെന്നത് അപ്രസക്തമാണ്. എല്ലാവരും നടത്തുന്നതു ചോരക്കളി തന്നെയാണെന്ന് എല്ലാവരും തിരിച്ചറിയണം. കണ്ണൂരിലും കോഴിക്കോട്ടും തൃശൂരിലും തിരുവനന്തപുരത്തുമൊക്കെ ഇത്തരം എത്രയെത്ര സംഭവങ്ങളുണ്ടായി. ഗവര്‍ണര്‍ പറഞ്ഞതു പോലെ പ്രശാന്ത സുന്ദരമായിരുന്ന കേരളത്തിന്‍റെ സ്വസ്ഥത തകര്‍ക്കുന്നതായിരുന്നു ഈ സംഭവങ്ങളെല്ലാം.
കുറ്റവാളികള്‍ പിടിക്കപ്പെടാത്തതല്ല, കുറ്റകൃത്യങ്ങള്‍ പെരുകാന്‍ കാരണം. അവര്‍ക്ക് യഥാവിധി സംരക്ഷണം കിട്ടുന്നു എന്നതാണു മുഖ്യം. പെറ്റമ്മയുടെ പോലും മനഃസാക്ഷിയെ ബാധിക്കാത്ത തരത്തിലുള്ള നിഷ്ഠുരമായ കുറ്റകൃത്യങ്ങള്‍ക്കു കേരളം എങ്ങനെ വശപ്പെട്ടു എന്നത് വളരെ പ്രസക്തമാണ്. കേരളത്തിലെ കുറ്റകൃത്യങ്ങളുടെ സ്വഭാവവും അതില്‍ ഏര്‍പ്പെടുന്നവരുടെ സാമൂഹിക പശ്ചാത്തലങ്ങളുമൊക്കെ ആരിലും അവമതിയും അറപ്പും ഉളവാക്കും. കുറ്റവാളികളും ഇരകളും പണക്കാരെന്നോ പാവപ്പെട്ടവരെന്നോ വേര്‍തിരിവില്ല. ജാതിമതങ്ങളിലുമില്ല വ്യത്യാസം. പണമുള്ളവരും ഇല്ലാത്തവരും എല്ലാ ജാതിമത വിഭാഗങ്ങളില്‍പ്പെട്ടവരും പീഡിപ്പിക്കുകയോ പീഡനത്തിന് ഇരയാകുകയോ ചെയ്യുന്നു. കഴിഞ്ഞ ഏതാനും മാസങ്ങളായി രേഖപ്പെടുത്തപ്പെട്ട കേസുകളുടെ സ്വഭാവം മാത്രം പരിശോധിച്ചാല്‍ മതി, കേരളത്തിന്‍റെ സാംസ്കാരികവും സാമൂഹികവുമായ അധഃപതനം മനസിലാക്കാന്‍.
ഭക്തിയുടെയും വിശ്വാസങ്ങളുടെയും പ്രകട ഭാവങ്ങളില്‍ പല മാറ്റങ്ങളും വന്നിട്ടുണ്ടെങ്കിലും ഓരോ മനുഷ്യന്‍റെയും ആത്മീയ പ്രശ്നങ്ങള്‍ക്കു പരിഹാരമില്ലാതെ പോകുന്നതാവാം ഒരു പക്ഷേ, ഇങ്ങനെയൊക്കെ ചെയ്യാന്‍ കുറ്റവാളികളെ പ്രേരിപ്പിക്കുന്നത്. മറ്റെല്ലാത്തിനും മീതേ മനുഷ്യത്വത്തെ പ്രതിഷ്ഠിച്ചാല്‍ മാത്രമേ പരസ്പരം സ്നേഹിക്കാന്‍ കഴിയൂ. ജിത്തുവിന്‍റെയും ശ്യാമ പ്രസാദിന്‍റെയും കൊലപാതകങ്ങള്‍ക്കു സമാനതകളില്ലെന്നു സമ്മതിക്കാം. പക്ഷേ, ആരുടെയൊക്കെയോ അസഹനീയമായ അസഹിഷ്ണുതകളാണ് ഇത്തരം ക്രൂരകൃത്യങ്ങളിലേക്കു നയിക്കുന്നത്. അത്തരം അസഹിഷ്ണുതകളെയും അസഹിഷ്ണുക്കളെയും ദയാദാക്ഷിണ്യം തെല്ലുമില്ലാതെ കൈകാര്യം ചെയ്താല്‍ മാത്രമേ ഇത്തരം നിഷ്ഠുരമായ സംഭവങ്ങള്‍ തടയാനാകൂ. ഗവര്‍ണര്‍ ജസ്റ്റിസ് പി. ചിദംബരം പറഞ്ഞതു പോലെ, ഇത്തരം സംഭവങ്ങള്‍ ആരെയെങ്കിലും അസ്വസ്ഥമാക്കുകയല്ല, എല്ലാവരും ചേര്‍ന്നു ചെറുത്ത് തോൽപ്പിക്കുക തന്നെ വേണം. കുറ്റവാളികള്‍ക്ക് ഒരു പഴുതും വിട്ടുകൊടുക്കാതെ, പരമാവധി വേഗത്തില്‍ വിചാരണ പൂര്‍ത്തിയാക്കി നിയമം അനുശാസിക്കുന്ന പരമാവധി ശിക്ഷ ഉറപ്പാക്കാന്‍ കഴിയണം. എങ്കില്‍ മാത്രമേ തടയാനാകൂ, ഭൂമി നടുങ്ങുന്ന അക്രമങ്ങളും കൊലപാതകങ്ങളും.