ഫിലഡല്‍ഫിയ: ചരിത്ര സ്മരണകളുറങ്ങുന്ന സാഹോദരീയ നഗരത്തിന്റെ തിരുമുറ്റത്തു നടത്തിയ കോട്ടയം അസോസിയേഷന്റെ ചാരിറ്റി ബാങ്ക്വറ്റ് നൈറ്റ് പ്രവര്‍ത്തന മികവുകൊണ്ടും സംഘടനാപാടവം കൊണ്ടും മറ്റൊരു പൊന്‍തൂവല്‍ കൂടി ചാര്‍ത്തി വിജയമാഘോഷിച്ചു.
ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍തൂക്കം കൊടുത്ത് മറ്റു സംഘടനകള്‍ക്കു പോലും മാതൃകയായി സമൂഹത്തില്‍ സജീവമായിരിക്കുന്ന കോട്ടയം അസോസിയേഷന്റെ പ്രവര്‍ത്തനങ്ങളെ വിവിധ തുറകളിലെ സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ നേതാക്കള്‍ വളരെയധികം ശ്ലാഘിച്ചു. ഈപ്പന്‍ സ്‌കറിയ അമേരിക്കന്‍ ദേശീയ ഗാനവും സാബു പാമ്പാടി, ജോസ്‌ലിന്‍ സാബു എന്നിവര്‍ ഇന്ത്യന്‍ ദേശീയഗാനവും ആലപിച്ചതോടെ പൊതുസമ്മേളനത്തിനു തുടക്കം കുറിച്ചു. സമൂഹത്തിലുണ്ടാകുന്ന ആവശ്യങ്ങളുടെ പ്രാധാന്യം മനസ്സിലാക്കി പ്രവര്‍ത്തിക്കുന്ന സംഘടനകളെ മാത്രമെ ജനങ്ങള്‍ അംഗീകരിക്കുകയുള്ളൂ എന്നും, അതിലുമുപരി മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ച വെക്കുന്ന സംഘടനകള്‍ മാത്രമെ സമൂഹത്തില്‍ പച്ചപിടിച്ചു നില്‍ക്കുകയുള്ളൂ എന്നും, സംഘടനകളുടെ സമൂഹത്തിലെ പ്രവര്‍ത്തനങ്ങളാണ് ജനങ്ങള്‍ അംഗീകരിക്കുന്നതെന്നും, അല്ലാത്ത സംഘടനകള്‍ സമൂഹത്തില്‍ നിന്നും തിരസ്‌കരിക്കപ്പെടുമെന്നും, ശക്തമായ നവമാധ്യമങ്ങളുടെ കടന്നു വരവോടുകൂടി സംഘടനാ പ്രവര്‍ത്തനങ്ങള്‍ വളരെയധികം സുതാര്യമായെന്നും പ്രസിഡന്റ് ബെന്നി കൊട്ടാരത്തില്‍ തന്റെ അധ്യക്ഷ പ്രസംഗത്തില്‍ സൂചിപ്പിച്ചു.
ഇന്ത്യന്‍ സമൂഹവുമായുള്ള തന്റെ വ്യക്തിപരമായ ബന്ധവും അമേരിക്കന്‍ സമൂഹത്തില്‍ ഇന്ത്യക്കാര്‍ നല്‍കിയ സാമ്പത്തിക വിദ്യാഭ്യാസ മേഖലകളിലെ സംഭാവനകളെക്കുറിച്ചും സ്റ്റേറ്റ് സെനറ്റര്‍ ജോണ്‍ സബറ്റീന പ്രതിപാദിച്ചു. മാര്‍ട്ടീന വൈറ്റ് (സ്റ്റേറ്റ് റപ്രസന്റേറ്റീവ്) താന്‍ പ്രതിനിധാനം ചെയ്യുന്ന ഡിസ്ട്രിക്റ്റില്‍ ധാരാളം ഇന്ത്യാക്കാര്‍ ഉണ്ടെന്നും പ്രത്യേകിച്ച് മലയാളികള്‍ ധാരാളം അധിവസിക്കുന്ന നോര്‍ത്ത് – ഈസ്റ്റ് ഫിലഡല്‍ഫിയ ആണെന്നും അതുകൊണ്ട് മലയാളി സമൂഹവുമായി തനിക്ക് അടുത്ത ബന്ധമാണെന്നും അതിലുമുപരി അവരുടെ ആവശ്യങ്ങളെക്കുറിച്ച് താന്‍ ബോധവതിയാണെന്നും കൂടാതെ മലയാളി സമൂഹം അമേരിക്കന്‍ രാഷ്ട്രീയ മേഖലയിലേക്ക് കടന്നു വരണമെന്നും ആഹ്വാനം ചെയ്തു.
മാത്യു ജോഷ്വ (സിഎസ്‌ഐ കൗണ്‍സില്‍, സെക്രട്ടറി) സാമൂഹിക പ്രസക്തിയുള്ള ഒരു ചെറുകഥയിലൂടെ കോട്ടയവുമായിട്ടുള്ള തന്റെ കഴിഞ്ഞ കാല ബന്ധത്തെക്കുറിച്ച് പരാമര്‍ശിക്കുകയും കോട്ടയം അസോസിയേഷന്റെ ചാരിറ്റി പ്രവര്‍ത്തനങ്ങളെ കുറിച്ച് പ്രശംസിക്കുകയും ഉണ്ടായി. കഴിഞ്ഞ കാലങ്ങളില്‍ കോട്ടയം അസോസിയേഷന്‍ നടത്തിയ ചാരിറ്റി പ്രവര്‍ത്തനങ്ങളെകുറിച്ച് കുര്യന്‍ രാജന്‍(ചാരിറ്റി കോഡിനേറ്റര്‍) അറിയിക്കുകയുണ്ടായി. കോട്ടയം അസോസിയേഷന്റെ പ്രവര്‍ത്തനങ്ങളിലെ മുഖ്യപങ്കാളികളായ വനിതാ ഫോറമിനെ പ്രതിനിധികരിച്ച് ബീനാ കോശിയും തദവസരത്തില്‍ ആശംസകളര്‍പ്പിച്ചു. ജോഷി കുര്യാക്കോസ്(ട്രൈസ്റ്റേറ്റ് കേരള ഫോറം) ജോര്‍ജ് ഓലിക്കല്‍ (പമ്പ മലയാളി അസോസിയേഷന്‍) തോമസ് ജോയി (ഫ്രണ്ട്‌സ് ഓഫ് തിരുവല്ല) സുരേഷ് നായര്‍ (ഫ്രണ്ട്‌സ് ഓഫ് റാന്നി), മോന്‍സി ജോയി (CEMEO)തുടങ്ങിയവരും ആശംസകളര്‍പ്പിച്ച് സംസാരിച്ചു.
ജീമോന്‍ ജോര്‍ജിന്റെ (പ്രോഗ്രാം കോര്‍ഡിനേറ്റര്‍) നേതൃത്വത്തില്‍ തുടര്‍ന്ന് നടന്ന കലാപരിപാടികള്‍ നിലവാരം പുലര്‍ത്തി. വടക്കേ അമേരിക്കയിലെ ഗായക നിരയിലെ പ്രമുഖ ഗായകരായ ജോഷിയും ജിനുവും ചേര്‍ന്ന് നടത്തിയ ഗാനമേള ശ്രോതാക്കള്‍ക്ക് ഒരു ശ്രവണ വിരുന്നൊരുക്കിക്കൊണ്ട് വിവിധ ഭാഷകളിലുള്ള പുതിയതും പഴയതുമായ ഗാനങ്ങള്‍ ആലപിച്ച് എല്ലാതരം ശ്രോതാക്കളുടെയും മുക്തകണ്ഠം പ്രശംസ പിടിച്ചു പറ്റി. നിമ്മി ദാസിന്റെ (ഭരതം ഡാന്‍സ് അക്കാദമി) നേതൃത്വത്തില്‍ ശാസ്ത്രീയമായി നൃത്തം അഭ്യസിച്ച കുട്ടികളുടെ നൃത്തവും, യൂണിവേഴ്‌സിറ്റി തലത്തില്‍ രൂപീകൃതമായ ഡാന്‍സ് ഗ്രൂപ്പായ അഗ്‌നിയുടെ നൃത്തവും, കോട്ടയം അസോസിയേഷനിലെ തന്നെ അംഗങ്ങളും കുട്ടികളും അവതരിപ്പിച്ച വിവിധ തരത്തിലുള്ള നൃത്തങ്ങളും, ഗാനാലാപനവും എല്ലാവരുടെയും പ്രശംസനേടി.
ബാങ്ക്വറ്റിന് പരസ്യങ്ങളിലൂടെ സഹായിച്ചിട്ടുള്ള വ്യാപാരസ്ഥാപനങ്ങളെയും വ്യക്തികളെയും ജെയിംസ് അന്ത്രയോസ് (സെക്രട്ടറി) സദസില്‍ പരിജയപ്പെടുത്തുകയുണ്ടായി. പിക്‌നിക്കില്‍ വച്ചു നടത്തിയ കായിക മത്സരങ്ങളിലെ വിജയികള്‍ക്ക് മാത്യു ഐപ്പ്, വര്‍ഗീസ് വര്‍ഗീസ് എന്നിവരുടെ നേതൃത്വത്തില്‍ സമ്മാനദാനം നിര്‍വ്വഹിച്ചു. കോട്ടയം അസോസിയേഷന്റെ ഈ വര്‍ഷത്തെ ചാരിറ്റി ബാങ്ക്വറ്റ് നൈറ്റ് ജോബി ജോര്‍ജിന്റെ നേതൃത്വത്തില്‍ ആണ് നടത്തിയത്. പൊതുസമ്മേളനത്തിന്റെ എംസിയായും പ്രാവര്‍ത്തിക്കുകയുണ്ടായി. സാബു ജേക്കബ് (ജന.സെക്രട്ടറി) വന്ന എല്ലാവര്‍ക്കും നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു. ഡിന്നറോടുകൂടി കോട്ടയം അസോസിയേഷന്റെ ചാരിറ്റി ബാങ്ക്വറ്റിന് തിരശീല വീണു.
ജോസഫ് മാണി, ഏബ്രഹാം ജോസഫ് സാജന്‍ വര്‍ഗീസ് , ജോണ്‍ പി. വര്‍ക്കി, രാജു കുരുവിള , വര്‍ക്കി പൈലോ, ജേക്കബ് തോമസ്, സാബു പാമ്പാടി, മാത്യു ജോഷ്വാ, സണ്ണി കിഴക്കേമുറി, സെറിന്‍ കുരുവിള, റോണി വര്‍ഗീസ് , സാറാ ഐപ്പ് (വനിതാ ഫോറം) എന്നിവരുടെ നേതൃത്വത്തിലുള്ള വിപുലമായ കമ്മിറ്റിയുടെ കൂട്ടായ പ്രവര്‍ത്തനം കൊണ്ട് ധാരാളം ആളുകളെ പങ്കെടുപ്പിച്ചു നടത്തിയ ഈ വര്‍ഷത്തെ ചാരിറ്റി ബാങ്ക്വറ്റ് നൈറ്റ് ഒരു വന്‍ വിജയമാക്കിത്തീര്‍ക്കുവാന്‍ സാധിച്ചു.