കേരളാ റൈറ്റേഴ്‌സ് ഫോറത്തില്‍ കഥ – സുന്ദരിയായ കാന്‍സര്‍ രോഗി

4-Kerala Writers Forum Meeting photo 2ഹ്യൂസ്റ്റന്‍ : ഹ്യൂസ്റ്റന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കേരളാ റൈറ്റേഴ്‌സ് ഫോറത്തിന്റെ ജൂലൈ മാസ യോഗം ജൂലൈ 22-ാംതീയത് വൈകുന്നേരം ഹ്യൂസ്റ്റനിലെ സ്റ്റാഫോര്‍ഡിലുള്ള കേരളാ കിച്ചന്‍ റസ്റ്റോറണ്ട് ഓഡിറ്റോറിയത്തില്‍ കൂടി. പ്രാരംഭ യോഗനടപടിക്രമങ്ങള്‍ക്കു ശേഷം ജോസഫ് പൊന്നോലി എഴുതിയ സുന്ദരിയായ കാന്‍സര്‍ രോഗി എന്ന ചെറുകഥ അദ്ദേഹം തന്നെ പാരായണം ചെയ്തു. കഥയിലെ നായകന്‍ സോഷ്യല്‍ മീഡിയ വഴി ഒരു ചൈനീസ് സുന്ദരിയെ കണ്ടുമുട്ടി അതീവ സൗഹൃദത്തിലാകുന്നു. ഒരു രാജ്യാന്തര ബിസിനസ്സ് ശ്രൃംഖലയുടെ ഉടമയായ ഈ ധനിക സുന്ദരി ഒരു കാന്‍സര്‍ രോഗിയാണെന്ന വിവരം കഥാനായകനെ അറിയിക്കുന്നതോടെ നായകന്റെ മനസ്സലിയുന്നു. സുന്ദരിയുടെ കുമിഞ്ഞുകൂടിയ സമ്പത്തിന്റെ നല്ലൊരംശം ലോകമെങ്ങും ജീവകാരുണ്യ പ്രവര്‍ത്തനത്തിനു കൂടി പങ്കിടുന്നുവെന്നറിഞ്ഞപ്പോള്‍ കഥാനായകന്റെ മനസ്സും ഹൃദയവും ആ സുന്ദരിയില്‍ കൂടുതല്‍ അലിയാന്‍ തുടങ്ങി. ഇന്ത്യയിലെ പാവപ്പെട്ട കുട്ടികളെ സഹായിക്കാന്‍ കോടിക്കണക്കിന് തുക കഥാനായകനായ ഇന്ത്യന്‍ സുഹൃത്തിന് ആ ചൈനീസ് ക്യാന്‍സര്‍ സുന്ദരി ബാങ്ക് ട്രാന്‍സ്ഫര്‍ വഴി അയക്കാമെന്ന മെസേജ് വരുന്നു. ആ ബാങ്ക് അക്കൗണ്ട് തുറക്കാനായി പാസ്‌പോര്‍ട്ട്, വിസാ കോപ്പികളും ജനനസര്‍ട്ടിഫിക്കറ്റ് കോപ്പിയും റജിസ്‌ട്രേഷനും അതിനൂ ഫീസുമൊക്കെയായി 700 ഡോളര്‍ കൂടി കഥാനായകന്‍ അയക്കണമെന്ന മറ്റൊരു മേസേജും വരുന്നു. തുടര്‍ന്നുള്ള അന്വേഷണത്തില്‍ നിന്ന് സൈബര്‍ കുറ്റകൃത്യത്തിന്റെ അല്ലെങ്കില്‍ സുന്ദര മോഹന വാഗ്ദാനങ്ങളാകുന്ന വഞ്ചനകളിലൂടെ പണം ചോര്‍ത്തിയെടുക്കാനുള്ള ഒരു തന്ത്രമായിരുന്നെന്ന ബോധ്യം വരുന്നു. കഥയുടെ കാതലായ സന്ദേശം സൈബര്‍ കുറ്റകൃത്യങ്ങളും അതിനിരയാകുന്ന സാധാരണക്കാരുമായിരുന്നു.

3-Kerala Writers Forum Meeting photo 1തുടര്‍ന്ന് ജോസഫ് തച്ചാറയുടെ ക്രൂരഭയം എന്ന കവിത വേനല്‍കാലത്തെ ഒരു പ്രഭാതത്തില്‍ വീട്ടുവാതില്‍ക്കല്‍ ഫണം വിടര്‍ത്തി നില്‍ക്കുന്ന അതീവ വിഷഹാരിയായ ഒരു പാമ്പിനെ നിഷ്കരുണം തല്ലിക്കൊല്ലുന്നതിനെ ആധാരമാക്കിയുള്ളതായിരുന്നു. പിന്നീട് ജോണ്‍ മാത്യുവിന്റെ ലേഖനമായ കഥയുടെ സാമ്രാജ്യത്തില്‍ ഗൃഹാതുരത്വം എന്നത് ലേഖന കര്‍ത്താവു തന്നെ വായിച്ചു. വിദേശത്ത് അധിവസിക്കുന്ന മലയാളികളുടെ അഗാധമായ ഗൃഹാതുര ചിന്തകളെ തട്ടി ഉണര്‍ത്താന്‍ പര്യാപ്തമായിരുന്നു ആ ലേഖനം.

ചര്‍ച്ചാ സമ്മേളനത്തില്‍ എ.സി.ജോര്‍ജ് മോഡറേറ്ററായിരുന്നു. ഗ്രെയിറ്റര്‍ ഹ്യൂസ്റ്റനിലെ ഭാഷാസ്‌നേഹികളും സാഹിത്യ പ്രതിഭകളും എഴുത്തുകാരുമായ അഡ്വക്കേറ്റ് മാത്യു വൈരമണ്‍, ഫാദര്‍ എ.വി. തോമസ്, മാത്യു നെല്ലിക്കുന്ന്, ദേവരാജ് കുറുപ്പ്, കുര്യന്‍ മ്യാലില്‍, ജോസഫ് പൊന്നോലി, എ.സി.ജോര്‍ജ്, ഗ്രേസി നെല്ലിക്കുന്ന്, ജോസഫ് തച്ചാറ, ജോണ്‍ മാത്യു, നയിനാന്‍ മാത്തുള്ള, ബോബി മാത്യു, തോമസ് തയ്യില്‍ തുടങ്ങിയവര്‍ പങ്കെടുത്തു സംസാരിച്ചു.

Print Friendly, PDF & Email

Related posts

Leave a Comment