ആനന്ദകരമായ ജീവിതം നയിക്കാന്‍ വഴികളേറെ

image (5)ആനന്ദകരമായ ജീവിതമാണ് എല്ലാവരും ആഗ്രഹിക്കുന്നത്. അതിനുള്ള വഴികളും അവര്‍ അന്വേഷിക്കുന്നു. ഭാവിയെക്കുറിച്ചുള്ള ആലോചന മനുഷ്യര്‍ക്കു മാത്രമാണുള്ളത്. പല കൊള്ളരുതായ്മകള്‍ ചെയ്യുന്നതും ജീവിതം ആനന്ദകരമാക്കി മാറ്റാമെന്ന വ്യാമോഹത്താലാണ്. ആനന്ദമുണ്ടാവാന്‍ ജൈവിക ആവശ്യങ്ങള്‍ തടസമില്ലാതെ നിര്‍വഹിക്കപ്പെടണം, പണം ആവശ്യങ്ങള്‍ നിര്‍വഹിക്കാനുള്ള ഉപാധിമാത്രമാണ്. എങ്ങനെയെങ്കിലും കുറേ പണമുണ്ടാക്കണം, അതിലൂടെ സന്തോഷം നിലനിര്‍ത്താനാവും എന്നാണ് എല്ലാവരും കണക്കുകൂട്ടുന്നത്. ചിലര്‍ അതിനുവേണ്ടി രാപ്പകല്‍ അത്യാധ്വാനം ചെയ്യുന്നു. മറ്റുചിലര്‍ വളഞ്ഞ വഴികള്‍ തേടുന്നു. എന്തിന് എന്ന ചോദ്യത്തിനുള്ള മറുപടി ജീവിതം ആനന്ദകരമാക്കി മാറ്റാനെന്നതായിരിക്കും. എന്നാൽ പണം നേടിക്കഴിയുമ്പോഴാണറിയുക അതല്ല ആനന്ദത്തിന്‍റെയും സന്തോഷത്തിന്‍റെയും വഴിയെന്ന്. ആ സന്തോഷം താൽക്കാലികമാണെന്നും ബോധ്യപ്പെടും.

ആനന്ദത്തിനു കുറുക്കുവഴികളില്ല
പണം ഉപയോഗിച്ച് ജീവിതം ആസ്വദിക്കാന്‍ വട്ടംകൂട്ടുന്നവര്‍ പെട്ടെന്നു നിരാശരാകും. ഒരു പാവപ്പെട്ടവന്‍ കാശുണ്ടെങ്കില്‍ രണ്ട് നേരം ചില്ലിചിക്കനും ചപ്പാത്തിയും കഴിക്കാമായിരുന്നുവെന്ന് ചിന്തിക്കുന്നു. തന്‍റെ വിഷയാസക്തി ശമിപ്പിക്കാനും പണം ഉപകാരപ്പെടും എന്നവന്‍ ചിന്തിക്കും. ഒരു ഭൗതികവാദിക്ക് ആവശ്യത്തിന് പണം ഉണ്ടാകുമ്പോള്‍ , നിയമത്തിന്‍റെയും ധാര്‍മികതയുടെയും വിലക്കില്ലെങ്കില്‍, ജീവിതം കുറേക്കൂടി സുന്ദരവും സന്തോഷകരവുമാക്കാന്‍ കഴിയുമായിരുന്നുവെന്നു കരുതുന്നു. മനുഷ്യന്‍ ഏറ്റവും കോപിഷ്ടനാകുന്നത് ആഗ്രഹങ്ങള്‍ക്കു തടസങ്ങള്‍ കാണപ്പെടുമ്പോഴാണ്. നമുക്കു ലഭിച്ച ചുരുങ്ങിയ കാലത്തെ ജീവിതം ആനന്ദത്തോടെയും സന്തോഷത്തോടെയും ജീവിക്കാന്‍ കുറുക്കുവഴികളില്ല. പണം തീര്‍ച്ചയായും ജീവിതസൗകര്യങ്ങളെ മെച്ചപ്പെടുത്തും. പക്ഷെ അതോടൊപ്പം മാനസികമായ സന്തോഷത്തിനുകൂടി മാര്‍ഗങ്ങള്‍ കണ്ടെത്തിയിട്ടില്ലെങ്കില്‍ ആനന്ദം അകന്നുതന്നെ നില്‍ക്കും.

ആനന്ദം നിലനിര്‍ത്താനുള്ള വഴികൾ
നാം ആഗ്രഹിക്കുന്നതും കാണുന്നതും സ്വന്തമാക്കണമെന്നു മോഹിക്കുന്ന ആ നിമിഷം മുതല്‍ ആനന്ദം അവനെ കൈവിടുകയായി.ജീവിതത്തില്‍ തീര്‍ച്ചയായും സ്വപ്നങ്ങള്‍ ഉണ്ടാവണം. മോഹങ്ങള്‍ ഉണ്ടാകരുതെന്നോ, കൂടുതല്‍ നേട്ടത്തിന് ആഗ്രഹിക്കരുതെന്നോ അല്ല ഉദ്ദേശിക്കുന്നത്. ആവശ്യങ്ങളുടെ കാര്യത്തിലുള്ള മുന്‍ഗണനാക്രമം പാലിച്ച് സന്തുലിത മനസോടെ അവ നേടിയെടുക്കാന്‍ ശ്രമിക്കുക. എല്ലാം എനിക്കുമാത്രം ഉണ്ടാകണം, മറ്റാര്‍ക്കും പാടില്ല എന്നആര്‍ത്തി ഉപേക്ഷിക്കുക. കാരണം ഒരു മനുഷ്യനും ആഗ്രഹിച്ചതെല്ലാം നേടുക സാധ്യമല്ല. നമ്മുടെ ആഗ്രഹങ്ങള്‍ക്ക് നാം തന്നെ കടിഞ്ഞാണിടുക എന്നതാണ് ഉദ്ദേശിക്കുന്നത്. നമുക്കും മറ്റുള്ളവര്‍ക്കും ഒരുപോലെ നന്മ വരുന്നകാര്യങ്ങള്‍ എത്രവേണമെങ്കിലുമാകാം. അതുപോലെ മറ്റുള്ളവരില്‍ ആസൂയപ്പെടാതെ സ്വന്തം ഉത്തരവാദിത്തം നിര്‍വഹിക്കുക.

ഉത്തരവാദിത്തം നിർവഹിക്കുക
ഒരോരുത്തരും തങ്ങളുടെ ഉത്തരവാദിത്തം യഥാവിധി നിര്‍വഹിക്കപ്പെടുമ്പോഴാണ് അതിനേക്കാള്‍ ഉന്നതമായ ഒരു പദവിയില്‍ എത്തുന്നത്. സാദാജോലിക്കാരനായിരിക്കെ യഥാവിധി ഉത്തരവാദിത്തം നിര്‍വഹിക്കാത്ത ഒരാള്‍, മാനേജര്‍ സ്ഥാനത്ത് എത്തുക അസംഭവ്യമാണ്. അതിനാല്‍ ഇപ്പോള്‍ എവിടെ നില്‍ക്കുന്നുവോ അവിടെ നില്‍ക്കുമ്പോള്‍ ചെയ്യേണ്ട ഉത്തവാദിത്തം ഭംഗിയായി നിര്‍വഹിച്ചാല്‍ മാത്രം മതി. ആനന്ദവും സന്തോഷവും പുരോഗതിയും നമ്മെ തേടിയെത്തുകയായി.

ആത്മാര്‍ഥമായി ഉത്തരവാദിത്തം നിര്‍വഹിച്ചിട്ടും കാര്യമായ അംഗീകാരമൊന്നും ലഭിച്ചില്ലെന്നു കരുതുക. നിരാശപ്പെടാതിരിക്കുക. നന്നായി ചെയ്തിട്ടും ആരും ഗൗനിക്കുന്നില്ല എന്നൊരു വേള തോന്നിയേക്കാം. പക്ഷെ അതൊരു പരീക്ഷണ ഘട്ടമാണ്, അവിടുന്നും കടന്ന് നിങ്ങള്‍ ആത്മാര്‍ഥതയോടെ ഉത്തവാദിത്തം ചെയ്യുമ്പോഴേ അംഗീകാരത്തിനു യഥാര്‍ഥത്തില്‍ അര്‍ഹത നേടുന്നുള്ളൂ. അല്ലെങ്കില്‍ താങ്കള്‍ ചെയ്തത് അംഗീകാരത്തിനാണ് എന്നാണ് അത് അര്‍ഥമാക്കുന്നത്.

ആത്മാര്‍ഥമായി ഉത്തവാദിത്തം നിര്‍വഹിച്ച ആര്‍ക്കും അതിന് അംഗീകാരം ലഭിക്കാതെ പോകുകയില്ല. ഇന്നല്ലെങ്കില്‍ നാളെ അവ ലഭിച്ചിരിക്കും. നമ്മുടെ സാമിപ്യം മറ്റുള്ളവര്‍ ആഗ്രഹിക്കണം. നമ്മുടെ സന്തോഷം നമ്മുടെ വ്യക്തിഗതമായ മാത്രം ഉപാധികളില്‍ പരിമിതമല്ല. ചുറ്റുപാടുമുള്ള ജനങ്ങള്‍ സംശയത്തോടെ വീക്ഷിക്കുമ്പോള്‍ അവരുടെ വിശ്വസം നഷ്ടപ്പെട്ട അവസ്ഥയില്‍ ഒരിക്കലും ആര്‍ക്കും യഥാര്‍ഥ ആനന്ദവും സന്തോഷവും ലഭിക്കില്ല. വിശ്വാസം നഷ്ടപ്പെടാന്‍ എളുപ്പമാണ്. പക്ഷെ വിശ്വാസം നേടിയെടുക്കുക ശ്രമകരവും, പണം കൊണ്ട് നേടാന്‍ കഴിയാത്ത ഒന്നാണ് ജനങ്ങളുടെ വിശ്വാസം.

സംയമനം പാലിക്കുക

ഏതു പ്രയാസകരമായ അവസ്ഥയിലും കഴിയുന്നതും സംയമനം പാലിക്കുക. ആനന്ദകരമായ അവസ്ഥയില്‍ സംയമനം പാലിക്കുക പ്രയാസമുള്ള സംഗതിയല്ല. എന്നാല്‍ പ്രയാസങ്ങള്‍ അഭിമുഖീകരിക്കുമ്പോള്‍ സംയമനം പാലിക്കുക അൽപ്പം ശ്രമകരമാണ്. പ്രയാസത്തിന്‍റെ സന്ദര്‍ഭത്തില്‍ നാം കാണിക്കുന്ന അക്ഷമ പ്രയാസം കൂട്ടുകയും ദുരിതം വര്‍ദ്ധിപ്പിക്കുകയും ചെയ്യും. ആനന്ദവും സന്തോഷവും പിടിതരാതെ അകന്നുപോകുക എന്നതായിരിക്കും അതിന്‍റെ മറ്റൊരു ഫലം. നമ്മുടെ ആനന്ദവും, ആവലാതിയും നമ്മുടെ പ്രതികരണങ്ങളേയും, വികാരങ്ങളേയും ആശ്രയിച്ചിരിക്കുന്നു.

സഹജീവികളെ സ്നേഹിക്കുകയും സഹായിക്കുകയും ചെയ്യാനുള്ള മനസുണ്ടാവണം. കാരണം മനുഷ്യന്‍ ഒരു സമൂഹജീവിയാണ്, പരസ്പര സ്നേഹവും സഹായവും മൊത്തം മനുഷ്യര്‍ക്ക് സന്തോഷകരമായ അനുഭവം നല്‍കുന്നു. ഭൗതികമായി മാത്രം ചിന്തിക്കുമ്പോള്‍ ഇത് വൈരുദ്ധ്യമായി തോന്നാം. കാരണം തന്‍റെ സന്തോഷത്തിന് താന്‍ ഉണ്ടാക്കിയ പണം മറ്റുള്ളവര്‍ക്ക് വെറുതെ നല്‍കുക എന്നതാണല്ലോ സാമ്പത്തിക സഹായത്തിലൂടെ സംഭവിക്കുന്നത്. എന്നാല്‍ മനുഷ്യമനസില്‍ ദൈവം നിക്ഷേപിച്ച ഒരു കാര്യമാണ് ധാര്‍മിക ബോധം.

ശുഭാപ്തി വിശ്വാസിയായിരിക്കുക
തെറ്റുചെയ്യാനൊരുങ്ങുമ്പോള്‍ അതു തെറ്റാണെന്ന് ഉള്ളിലിരുന്ന് ഓര്‍മ്മിപ്പിക്കുകയും നന്മ ചെയ്യുമ്പോള്‍ അവനില്‍ സന്തോഷം നിറക്കുകയും ചെയ്യുന്നത് അതാണ്. മറ്റുള്ളവരെ നിന്ദിക്കുകയും ദ്രോഹിക്കുകയും ചെയ്യുന്നവര്‍ക്ക് ആനന്ദവും സന്തോഷം കിട്ടാക്കനിയായിരിക്കും. എല്ലായ്പ്പോഴും ശുഭാപ്തി വിശ്വാസിയായിരിക്കുക. ഇതു കൃത്രിമമായ ഒരു മാനസികാവസ്ഥ സൃഷ്ടിക്കലാണ് എന്ന് തോന്നാം. ഒരു പരിധിവരെ അത് ശരിയുമാണ്. പക്ഷെ സന്തോഷം വേണോ അപ്രകാരം ചെയ്തേ മതിയാവൂ. കച്ചവടത്തില്‍ വലിയ ഒരു തിരിച്ചടി നേരിട്ടപ്പോള്‍ നിലവിലെ ബിസിനസ് തകര്‍ന്നപ്പോള്‍ ഇതില്‍ എനിക്ക് എന്തോ നന്മയുണ്ട് എന്നു ചിന്തിക്കാന്‍ കഴിയുക. സംഭവിച്ച കാര്യങ്ങള്‍ നല്ലതിനായിരിക്കും എന്നും തനിക്ക് കൂടുതല്‍ നന്മ വരാനുണ്ടെന്നും ഞാനതിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണെന്നും വിശ്വസിക്കുക. ഇത് നമ്മെ വിജയത്തിലേക്ക് നയിക്കും.

നമുക്ക് ഏതെങ്കിലും തരത്തിലുള്ള വിഷമാവസ്ഥയൊ, വേദനയോ, യാതനയോ ഉണ്ടാകുമ്പോള്‍ സ്വയം പറയുക. ഇതു നേരെയാക്കുവാന്‍ എനിക്കു കഴിയും. ആനന്ദവും സന്തോഷവും പ്രസന്നതയും ഞാന്‍ തിരികെ കൊണ്ടു വരും. ഇത് നിര്‍വ്വഹിക്കാനുള്ള ജന്മസിദ്ധമായ കഴിവ് നമുക്കുണ്ടെന്നു മുന്‍കൂട്ടി തിരിച്ചറിഞ്ഞാല്‍ തീര്‍ച്ചയായും ആ ഉദ്യമത്തില്‍ നാം വിജയിക്കുകതന്നെ ചെയ്യും.

ആനന്ദം നല്ല പെരുമാറ്റത്തിൽ
മറ്റുള്ളവര്‍ നമ്മളോട് എങ്ങനെ പെരുമാറണമെന്ന് ആഗ്രഹിക്കുന്നുവോ അപ്രകാരം അവരോട് പെരുമാറാന്‍ നമുക്ക് കഴിയുന്നുണ്ടോ..? അങ്ങിനെ കഴിഞ്ഞാല്‍ കാര്യങ്ങളെല്ലാം വളരെ എളുപ്പമായി….! തങ്ങള്‍ക്ക് നല്‍കപ്പെട്ടതെന്തോ അത് അതുപോലെ തിരിച്ചുനല്‍ക്കുക എന്ന ഒരു പ്രകൃതം ജീവികളിലൊക്കെയുണ്ട്. മനുഷ്യനില്‍ പ്രത്യേകമുണ്ട്. അവ നിയന്ത്രിക്കുകയും വിവേചനത്തോടെ നല്ലത് നല്‍കുകയും ചെയ്യുമ്പോഴാണ് മനുഷ്യന്‍ അവന്‍റെ പ്രത്യേകത കാണിക്കുന്നത്. അതിനാല്‍ നാം അത് ഒരു തത്വമായി സ്വീകരിക്കുക. മറ്റുള്ളവരില്‍ നിന്ന് നാം പുഞ്ചിരിയും നല്ല വാക്കുകളും പ്രവര്‍ത്തനങ്ങളും പ്രതീക്ഷിക്കുകയും നാം അത് അവര്‍ക്ക് നല്‍കാതിരിക്കുകയും ചെയ്താല്‍ ഈ പ്രപഞ്ചശക്തിക്ക് നിങ്ങളെ സഹായിക്കാനാവില്ല. നമ്മുടെ ആനന്ദവും സന്തോഷവും മറ്റുള്ളവരുടെ നല്ല പെരുമാറ്റത്തില്‍ കൂടിയാണ് കുടികൊള്ളുന്നത്.

പലപ്പോഴും മനുഷ്യന്‍ നിരാശനാകുന്നതു സംഭവിച്ചു കഴിഞ്ഞ ദുരിതങ്ങളെ ഓര്‍ത്തുകൊണ്ടാണ്. നമുക്കുസംഭവിക്കുന്നതില്‍ 15 ശതമാനം വരെ പുറത്തുനിന്നുണ്ടാവുകയും 85 ശതമാനവും നാം അവയോട് എങ്ങിനെ പ്രതികരിക്കുന്നുവെന്നതിനെ ആശ്രയിച്ചുമാണിരിക്കുന്നത്. ഏതൊരു വിഷയത്തിലും നമ്മുടെ സമീപനം എങ്ങിനെയോ അതുപോലെമാത്രമേ സംഭവിക്കുകയുള്ളു. നമ്മേ വീര്‍പ്പുമുട്ടിക്കുന്ന, അലോസരപ്പെടുത്തുന്ന വികാരങ്ങള്‍ ഉണ്ടാവാതെ നോക്കുകയെന്നതാണു പ്രധാന കാര്യം. ആനന്ദകരമായി ജിവിക്കാന്‍ തികച്ചും ലളിതമായ ഈ തത്വം ഏവര്‍ക്കും സഹായകരമാണ്.

കടപ്പാട്: ജോഷി ജോര്‍ജ്ജ്

Print Friendly, PDF & Email

Related posts

Leave a Comment