അദ്ധ്യായം : സൗഹൃദപ്പൊയ്കയിലെ കുഞ്ഞോളങ്ങള്‍
ചുവന്നു തുടങ്ങിയ ആകാശത്തിന്റെ ചുവട്ടില്‍, വരിവരിയായി നില്‍ക്കുന്ന കുഞ്ഞുകുഞ്ഞു വെള്ളിമേഘങ്ങള്‍ക്ക് താഴെ, വിദൂരതയിലെ മലമുകളിലെവിടെയോ എന്റെ കണ്ണുകള്‍ കുരുങ്ങിക്കിടന്നു. സായന്തനത്തിന്റെ പാദസരകിലുക്കം പോലെ കൂടു തേടിപ്പറക്കുന്ന പക്ഷികളുടെ സ്വരജതികള്‍ക്ക്, എന്റെ മനസ്സിനെ ഒന്ന് തൊടാന്‍ പോലുമായില്ല. മന്ദമാരുതന്റെ മന്ത്രവിരലുകള്‍ മീട്ടുന്ന വിപഞ്ചിക പോലെ, കുന്നിന്‍ചെരുവിലെ ചെറുമരങ്ങള്‍ ദലമര്‍മരങ്ങളുയർത്തുന്നുണ്ട്. ഞാനതും കേള്‍ക്കുന്നില്ല. മൊട്ടപ്പാറയില്‍, കൈയിലെ പുസ്തകമൊന്ന് വായിക്കാന്‍ പോലുമാവാതെ പ്രഷുബ്ധമായ മനസ്സുമായി ഞാന്‍ തനിച്ചിരിക്കുകയാണ്.
എപ്പോഴാണ് മനസ്സില്‍ ഇത്രയധികം ചുവന്ന പനനീര്‍ പൂക്കള്‍ വിരിഞ്ഞത്? എവിടന്നാണ് മനസ്സിന് ഇത്രയധികം മയില്‍പീലികള്‍ കിട്ടിയത്? ഇന്നലെ രാവിലെന്റെ കിനാവിലൊരു അലസിപ്പൂമരത്തിന്റെ ചുവട്ടിലെ ചുവന്ന പരവതാനിയില്‍ വാടിയ താമരത്തണ്ടായി അവള്‍ മാറിയിരുന്നു. ഉറക്കം വിട്ടുണര്‍ന്ന എന്റെ നെഞ്ചിലൊരു ഉന്മത്തകോകിലം പഞ്ചമം പാടി. അതെന്റെ നിദ്രയെ പാടെ അകറ്റി. മനസ്സിന്റെ നിഗൂഢമായൊരു കോണില്‍, ഞാനറിയാതെ ഒളിച്ചിരുന്ന പ്രണയസാരസം, സ്വപ്നങ്ങള്‍ തേടി പറന്നു തുടങ്ങിയോ?
ഞാന്‍ ഭയക്കുന്നു. നെഞ്ചില്‍ സൗഹൃദമെന്ന ചിപ്പിയിലൊരു മുത്തു പോലെ അവളെ സൂക്ഷിച്ചിട്ടും, ഏതൊക്കെയോ ചില നിമിഷങ്ങളില്‍, പ്രണയത്തിന്റെ താമരപ്പൊയ്കയിലൊരു സുവര്‍ണ്ണ മത്സ്യമായി അവളെന്നില്‍ മാറുന്നുവോ? അത് മനസ്സിലെ സൗഹൃദപ്പൊയ്കയില്‍ കുഞ്ഞോളങ്ങളുണ്ടാക്കുന്നുവോ?
ഈ സന്ധ്യയുടെ മുറ്റത്ത് ഞാന്‍ പകച്ച് നില്‍ക്കുകയാണ്. അരുതെന്ന് പറയുന്ന മനസ്സാക്ഷിയോട് മല്ലടിക്കുന്ന മനസ്സുമായി. അന്ന് തിരുമണിക്കര അമ്പലപരിസരത്ത് വച്ച് കണ്ടതില്‍ പിന്നെ, ഞങ്ങള്‍ മിക്ക ദിവസങ്ങളിലും കാണാറുണ്ട്. ധാരാളം സമയം ഒരുമിച്ച് ചിലവഴിക്കാറുണ്ട്. എന്തിനധികം, ഈ പാറപ്പുറത്ത് പോലും അവളെന്റെ കൂടെ വന്നിരിക്കാറുണ്ട്. ആ കാണുന്ന ഇടവഴികളിലൂടെ ഒരു പാട് നടന്നിട്ടുണ്ട്. ആകാശത്തിനു ചുവട്ടിലെ മിക്ക കാര്യങ്ങളെ കുറിച്ചും, കളിയായും കാര്യമായും സംസാരിച്ചിട്ടുണ്ട്.
ഞങ്ങളുടെ വീട്ടുകാര്‍ ഞങ്ങളെ എത്ര കണ്ട് വിശ്വസിക്കുന്നത് കൊണ്ടാണ്; അവളെന്നെ എത്ര കണ്ട് വിശ്വസിക്കുന്നത് കൊണ്ടാണ്; ഞങ്ങള്‍ക്കിങ്ങനെ അടുത്തിടപഴകാനാവുന്നത് എന്ന ബോധം എനിക്കില്ലാതാകുന്നുവോ? ഞാന്‍ മനസ്സില്‍ വീണ്ടും ഉരുവിട്ട് കൊണ്ടേ ഇരുന്നു. അക്ഷരം പഠിപ്പിച്ച ഗുരുനാഥയ്ക്ക് ദക്ഷിണ കൊടുക്കേണ്ടതാണ് ശിഷ്യധര്‍മം. അല്ലാതെ മനസ്താപമല്ല. അത് കൊണ്ട്, ഈ തീ, ഇന്ന്, ഇവിടെ വച്ച് ഞാനൂതിക്കെടുത്തിയെ പറ്റൂ. എല്ലാ ഇഷ്ടങ്ങളും, ആഗ്രഹങ്ങളും നേടിയെടുക്കാനുള്ളതല്ലല്ലോ? ചിലതൊക്കെ നഷ്ട്ടപ്പെടുത്തുമ്പോഴാണ് നമ്മള്‍ ശരിക്കും വിജയിക്കുന്നത്.
തീർച്ചയായും ഞാനാ കണ്ണുകളില്‍ പ്രണയത്തിന്റെ അഗ്നിസ്ഫുലിംഗങ്ങള്‍, പലപ്പോഴും കണ്ടിട്ടുണ്ട്. ഒരു പക്ഷെ അവളും, മനസ്സാക്ഷിയുടെ വിലക്കിന്റെ വേലിക്കെട്ടിനകത്ത് ഒതുങ്ങിക്കൂടുകയായിരിക്കാം. എങ്കില്‍ അങ്ങിനെ തന്നെ ഇരിക്കട്ടെ. അതാണ് നല്ലത്. അവളെന്റെ കൂട്ടുകാരി മാത്രമായിരിക്കട്ടെ. ഞാനെന്റെ മനസ്സിനോട് ഉറപ്പിച്ച് പറഞ്ഞു. അവളെന്റെ കൂട്ടുകാരിയല്ലാതെ മറ്റൊന്നുമല്ല. എനിക്കിപ്പോള്‍, ഒരാശ്വാസം തോന്നുന്നു. നെഞ്ചില്‍ നിന്നും, ഭാരമുള്ള ചില പറവകള്‍ പറന്നകന്ന പോലെ!
ഇനി നാലഞ്ച് ദിവസങ്ങള്‍ അല്ലെ ഉള്ളൂ? അവള്‍ക്കും എനിക്കും വഴി പിരിഞ്ഞു പോകാന്‍. അവധിക്കാലം കഴിയാറായി. എത്ര പെട്ടെന്ന്. ഇതൊരു മനോഹരമായ അവധിക്കാലമായിരുന്നു. അവള്‍ അടുത്ത അവധിക്ക് വരുമായിരിക്കും. വരാന്‍ പറയണം. പിരിഞ്ഞിരിക്കുന്ന പത്തു മാസത്തെ മുഴുവന്‍ വിശേഷങ്ങളും, കാണുമ്പോള്‍ പറയാന്‍, മനസ്സില്‍ ഒരുക്കൂട്ടി വെക്കണം. എത്ര സുന്ദരമായ ദിനങ്ങളാണ് കഴിഞ്ഞു പോയത്. ഓര്‍മ്മകള്‍ പവിഴമുല്ലപ്പൂമണം ചൂടിയ കാറ്റു പോലെ എന്നിലേക്കോടിയെത്തുന്നു!
ഇളനീര്‍ കച്ചവടം കഴിഞ്ഞെത്തിയ ഞാന്‍, അന്ന് വൈകുന്നേരം കുളത്തിലൊന്ന് നീന്തിക്കുളിച്ച്, തോളില്‍ തോര്‍ത്തും വിരിച്ചിട്ട് മുറ്റത്തേക്ക് വന്നപ്പോള്‍ തുളസി ഇളയുമ്മയോട് സംസാരിച്ചു നില്‍ക്കുന്നുണ്ടായിരുന്നു. ഇളയുമ്മയുമ്മ എന്നെ അര്‍ത്ഥം വച്ചൊന്ന് നോക്കി. ഞാന്‍ നേരെ അകത്ത് ചെന്ന് ടീഷര്‍ട്ട് ധരിച്ച് വന്നു. അന്ന് കൂടുതല്‍ സംസാരമൊന്നും ഉണ്ടായില്ല. പുസ്തകം കൊടുക്കുമ്പോള്‍ ഞാന്‍ ഒന്നേ പറഞ്ഞുള്ളൂ. “കേടു വരുത്തരുത്. സൂക്ഷിക്കണം. വേഗം വായിച്ച് തീര്‍ത്ത് തിരിച്ചു തരണം. ചോദിച്ചു വരുത്താന്‍ ഇടയാക്കരുത്.” അതിനെനിക്ക് ചന്തമുള്ളൊരു പുഞ്ചിരി തന്ന് അവള്‍ പോയി. ഒതുക്ക് കയറുമ്പോള്‍ പാവാട മെല്ലെ ഒന്നുയര്‍ന്നപ്പോൾ, അവളുടെ സ്വര്‍ണ്ണക്കൊലുസുകള്‍ കണ്ടു. എന്തോ, ആ കാലുകളില്‍ ആ കൊലുസുകള്‍ മനോഹരമായിരുന്നു.
എന്നെ അമ്പരപ്പിച്ച് കൊണ്ട് അവള്‍ പിറ്റേ ദിവസം വൈന്നേരമായപ്പോഴേക്കും പുസ്തകവുമായി തിരിച്ചെത്തി. “ഇത്ര പെട്ടെന്ന് കഴിഞ്ഞോ?” ഞാന്‍ ചോദിച്ചു. “വായിക്കുകയല്ലാതെ വേറെന്താ പണി?” എന്നായി അവള്‍. അവള്‍ക്ക് പുതിയ പുസ്തകം വേണം. വായനശാലയില്‍ നിന്നും എടുത്തിട്ട് വേണം. “പോയി വരാം” എന്ന് പറഞ്ഞപ്പോള്‍, “റോഡ് വരെ ഞാനും വരാം” എന്നായി അവള്‍. ഇവള്‍ക്ക് തലയ്ക്ക് നല്ല സുഖമില്ലേ എന്ന് ഞാന്‍ ന്യായമായും സംശയിച്ചു. ഇടവഴി ചെന്ന് റോഡിലേക്ക് ചേരുന്നിടത്താണ് ചാരായ ഷാപ്പ്. അവിടെ നില്‍ക്കാന്‍ പറ്റിയ പ്രായമല്ലേ പെണ്ണിന്?
അതൊന്നും ശരിയാവില്ലെന്ന് ഞാന്‍ പറഞ്ഞെങ്കിലും അവള്‍ അനുസരിച്ചില്ല. “അവന്‍ ബുക്കും കൊണ്ടിങ്ങോട്ട് വന്നോളും” എന്ന് ഇളയുമ്മ പറഞ്ഞപ്പോള്‍, “ഞാന്‍ വെറുതെ പോവുകയാണ് ഷറഫുത്താ” എന്നവള്‍ മറുപടി പറഞ്ഞു. ഞാന്‍ അവരെ ഒന്ന് നോക്കി. ആ മുഖം മുഴവനും നീരസം നിറഞ്ഞു നില്‍ക്കുന്നു. ഇടവഴിയിലേക്ക് കടന്നതേ അവള്‍ ചോദിച്ചു. “അതെ, അവരുടെ കല്ല്യാണമെന്താ ആവാത്തെ?” ഞാനൊന്ന് ചിരിച്ചു. “അതൊക്കെ കഴിഞ്ഞതാ. രണ്ടു മൂന്നെണ്ണം. ഓരോരോ യോഗം. അല്ലാതെന്ത് പറയാന്‍.”
അവള്‍ പിന്നെയും ചോദിച്ചു കൊണ്ടേയിരുന്നു. എന്തൊക്കെയോ കാര്യങ്ങള്‍. ഇടവഴിയുടെ പകുതിയോളം ചെന്നപ്പോള്‍ ഞാന്‍ പറഞ്ഞു. “ഇവിടെ നിന്നാല്‍ മതി. അങ്ങോട്ട് വരണ്ട. അവിടെ മുഴുവനും കുടിയന്മാരായിരിക്കും. ഞാന്‍ വേഗം വരാം.” മുഖം മങ്ങിയെങ്കിലും, മനസ്സില്ലാമനസ്സോടെ അവള്‍ സമ്മതിച്ചു. ഞാന്‍ ഓടുകയായിരുന്നു. ആ ഇടവഴിയില്‍ അവളൊറ്റയ്ക്ക് നില്‍ക്കുന്നു എന്നോര്‍ത്തപ്പോള്‍ എനിക്കോടാതിരിക്കാനായില്ല. മൂന്ന് പുസ്തകങ്ങളെടുത്ത് ഞാനോടിക്കിതച്ച് തിരിച്ചു വരുമ്പോള്‍, അവളുമായി സംസാരിച്ച് കൊണ്ടിരിക്കുന്നു, ഇളയുമ്മയും കൊറ്റിക്കുട്ടിയും. അത് ശരി. ഞങ്ങളെന്ത് വേലത്തരമാണ് ഒപ്പിക്കുന്നത് എന്ന് നോക്കാനുള്ള സൂത്രപ്പണിയാണോ? അതല്ല, അബദ്ധമൊന്നും ഞങ്ങള്‍ക്ക് പറ്റരുത് എന്നുള്ള സ്നേഹത്തിന്റെ കരുതലോ? എനിക്കത് മനസ്സിലായില്ല. എന്നാലും എന്റമ്മോ, സമ്മതിക്കണം; എന്റെ തരളിതമനം കുശുമ്പ് പറഞ്ഞു.
കൊണ്ടുവന്നതില്‍ രണ്ടെണ്ണം അവള്‍ക്ക് കൊടുത്ത് ഞാനൊന്നും മിണ്ടാന്‍ നില്‍ക്കാതെ പോന്നു. കുറച്ചു കഴിഞ്ഞ് ഇളയുമ്മ വന്നു. വായിച്ചു കൊണ്ടിരിക്കുന്ന എന്റെ അടുത്തു കൂടി പോയപ്പോള്‍ അവരൊരു മൂളല്‍. ഞാനത് ശ്രദ്ധിക്കാത്ത മാതിരി ഇരുന്നു. പിറ്റേന്നവള്‍ വന്നില്ല, അതിന്റെ പിറ്റേന്ന് അതിരാവിലെ അവള്‍ വന്നു. “ഇതെന്താ പുസ്തകം വായിക്കുന്ന വല്ല യന്ത്രവും ഉണ്ടോ തന്റെ അടുത്ത്?” ഞാന്‍ ചോദിച്ചപ്പോള്‍ ഒന്ന് ചിരിച്ചു കൊണ്ടവള്‍ പറഞ്ഞു. “ഇന്ന് വൈകുന്നേരം നമുക്ക് പുതിയ പുസ്തകങ്ങള്‍ എടുക്കാവെ.” അത് കേട്ട് എന്റെ കണ്ണ് തള്ളിപ്പോയി. ഞാന്‍ വായിച്ചു കൊണ്ടിരിക്കുന്ന പുസ്തകവുമായി അവള്‍ പോവുകയും ചെയ്തു.
ദിവസങ്ങള്‍ പെട്ടെന്ന് കടന്നു പോയി. ഇളയുമ്മയുടെ സംശയ രോഗമൊക്കെ മാറിയെന്ന് തോന്നുന്നു. അതല്ല, ഇതൊരു രക്ഷയുമില്ലാത്ത കേസാണെന്ന് തോന്നിയോ ആവൊ. എന്തായാലും ഇപ്പോള്‍ നിരീക്ഷണമൊന്നും ഇല്ല. ഞങ്ങളെന്നും കാണുന്നു. സംസാരിക്കുന്നു. ഒരു ദിവസം അവള്‍ വന്നപ്പോള്‍ ഞാന്‍ മൊട്ടപ്പാറയിലാണ്. അവിടെ ഇരുന്നാല്‍ താഴെ ഇടവഴി ഒക്കെ കാണാം. ഞാന്‍ മുകളില്‍ നിന്നും ചൂളം വിളിച്ചപ്പോള്‍ അവള്‍ എന്നെ കണ്ടു. കൈവീശി വിളിച്ചപ്പോള്‍ മടിയൊന്നും കൂടാതെ അവള്‍ കുന്ന് കയറി വന്നു.
മുകളിലെത്തി കിതച്ചു കൊണ്ട് ചുറ്റും നോക്കിയപ്പോള്‍ ആ കണ്ണുകള്‍ പൂ പോലെ വിടര്‍ന്നു. വിജനതയുടെ കൂടാരമായ റബര്‍ തോട്ടത്തിലൂടെ ചൂളം കുത്തി വരുന്നൊരു കാറ്റ്, അവളുടെ കൂന്തലില്‍ വിരലുകളോടിച്ച് കശുമാവിന്‍ തോട്ടത്തിലൂടെ ഒഴുകിയിറങ്ങി. മുഖത്തിന്റെ ഒരു വശത്തു കൂടി കാറ്റ് പിടിച്ചു വലിക്കുന്ന കൂന്തലലകള്‍ മാടിയൊതുക്കവെ, പ്രസന്നവതിയായി അവളെന്നോട് ചോദിച്ചു.
“ഹൊ.. എന്തൊരു രസം അല്ലെ?”
സത്യത്തില്‍ എനിക്കപ്പോള്‍, അവളാസ്വദിക്കുന്ന പ്രകൃതിയുടെ സുന്ദര ഛായാചിത്രത്തേക്കാള്‍ ഇഷ്ടമായത്, വിയര്‍പ്പ് തുള്ളികള്‍ വൈരം ചാര്‍ത്തിയ അവളുടെ മുഖവും, ആ ചോദ്യമായിരുന്നു. ഞാന്‍ അവളെ നോക്കിക്കൊണ്ടിരുന്നു. ഒരു വേള, ആ മുഖമെന്റെ കൈകുമ്പിളില്‍ കോരിയെടുത്ത്, നെറ്റിത്തടത്തിലൊരുമ്മ നല്‍കിയാലെന്തെന്ന് എനിക്ക് തോന്നി. വേണ്ടെന്ന് മനസ്സിലിരുന്നാരോ പറയുന്നത് ഹൃദയം കേട്ടു. സ്വയം നിയന്ത്രിച്ചു. എങ്കിലും, അവളുടെ മുഖത്തേക്ക് നോക്കി, എന്റെ മനസ്സിന്റെ കള്ളക്കോണിലിരുന്നാരോ മന്ത്രിച്ചു….
ശരിയാ.. ശരിക്കും.. നല്ല രസമുണ്ട്.
തുടരും…..