ഹിമാചല്‍ പ്രദേശില്‍ പ്രളയത്തില്‍ കുടുങ്ങിയ മഞ്ജുവിനായി ഇടപെട്ട് ദിലീപ്

manjuഹിമാചല്‍ പ്രദേശില്‍ പ്രളയത്തില്‍ കുടുങ്ങിയ നടി മഞ്ജു വാര്യരെയും സംഘത്തെയും രക്ഷിക്കാന്‍ ഇടപെട്ട് നടന്‍ ദിലീപ്. മഞ്ജുവും സിനിമാ ചിത്രീകരണ സംഘവും ഹിമാചലില്‍ കുടുങ്ങിയിരിക്കുകയാണെന്ന വിവരം നടന്‍ ദിലീപാണ് വിളിച്ചറിയിച്ചതെന്ന് എറണാകുളം എം.പി ഹൈബി ഈഡന്‍ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.

ദിലീപ് അറിയിച്ചത് പ്രകാരം കേന്ദ്രമന്ത്രിയും ഹിമാചല്‍ എം.പിയുമായ അനുരാഗ് താക്കൂറിനോട് സഹായം തേടിയതായി ഹൈബി വ്യക്തമാക്കി. കേന്ദ്രമന്ത്രി വി. മുരളീധരനും വിഷയത്തില്‍ ഇടപെട്ടിരുന്നു. സനല്‍ കുമാര്‍ ശശിധരന്റെ പുതിയ സിനിമയുടെ ചിത്രീകരണത്തിനായാണ് മലയാള സിനിമാ സംഘം ഹിമാചല്‍ പ്രദേശില്‍ എത്തിയത്.

ഹൈബി ഈഡന്‍ എം.പിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

മഞ്ജു വാര്യരും സംഘവും ഹിമാചലിലെ ചത്രു എന്ന സ്ഥലത്ത് പ്രളയത്തില്‍ കുടുങ്ങി കിടക്കുകയാണ്. ഇരുന്നൂറോളം വരുന്ന സംഘത്തോടൊപ്പമാണ് മഞ്ജു വാര്യരുമുള്ളത്. മഞ്ജുവിനോടൊപ്പമുള്ള സംഘത്തില്‍ 30 ഓളം പേരാണുള്ളത്. അവരുടെ സഹോദരന്‍ മധു വാര്യരുമായി സാറ്റലൈറ്റ് ഫോണ്‍ വഴി ബന്ധപ്പെട്ടു എന്നാണ് അറിയാന്‍ സാധിക്കുന്നത്. രണ്ട് ദിവസത്തേക്കുള്ള ഭക്ഷണം മാത്രമാണ് അവരുടെ പക്കലുള്ളത്.

നടന്‍ ദിലീപാണ് തന്നെ വിളിച്ച് ഇക്കാര്യം അറിയിച്ചത്. രക്ഷപ്പെടുത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കേന്ദ്ര ധനകാര്യ സഹ മന്ത്രിയും ഹിമാചലില്‍ നിന്നുള്ള എം. പി യുമായ അനുരാഗ് താക്കൂറുമായി ബന്ധപ്പെട്ടു. രക്ഷാ പ്രവര്‍ത്തനത്തിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാമെന്ന് അദ്ദേഹം ഉറപ്പ് നല്‍കിയിട്ടുണ്ട്. മഞ്ജു വാര്യരുടെയും സംഘത്തിന്റെയും തിരിച്ചു വരവിനായി നമുക്ക് പ്രാര്‍ത്ഥിക്കാം.

Print Friendly, PDF & Email

Related posts

Leave a Comment