ബാക്ക്‌സ്‌റ്റോപ്പ് പ്രശ്‌നം 30 ദിവസം കൊണ്ട് പരിഹരിക്കാം: മെര്‍ക്കല്‍

eu-3ബര്‍ലിന്‍: ഐറിഷ് ബാക്ക്‌സ്‌റ്റോപ്പ് സംബന്ധിച്ച് ബ്രെക്‌സിറ്റ് പിന്‍മാറ്റ കരാറില്‍ തുടരുന്ന തര്‍ക്കം മുപ്പതു ദിവസത്തിനുള്ളില്‍ പരിഹരിക്കാന്‍ സാധിക്കുമെന്ന് ജര്‍മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കല്‍.

ബ്രെക്‌സിറ്റ് നടപ്പാക്കാന്‍ പ്രായോഗികമായ സമയക്രമം നിശ്ചയിക്കുക എന്നത് യുകെയുടെ ഉത്തരവാദിത്വമാണെന്നും ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സനുമൊത്ത് നടത്തിയ സംയുക്ത വാര്‍ത്താ സമ്മേളനത്തില്‍ മെര്‍ക്കല്‍ പറഞ്ഞു.

പ്രധാനമന്ത്രി ആയശേഷം ആദ്യമായാണ് ജോണ്‍സണ്‍ ഒരു വിദേശ രാജ്യം സന്ദര്‍ശിച്ച് രാഷ്ട്ര നേതാവുമായി കൂടിക്കാഴ്ച നടത്തുന്നത്. ബ്രെക്‌സിറ്റ് നടപ്പാകുന്‌പോള്‍ അയര്‍ലന്‍ഡ് അതിര്‍ത്തിയിലെ നിയന്ത്രണങ്ങള്‍ കര്‍ക്കശമാകാത്ത രീതിയിലുള്ള വ്യവസ്ഥയാണ് മുന്‍ പ്രധാനമന്ത്രി തെരേസ മേ തയാറാക്കിയ പിന്‍മാറ്റ കരാറില്‍ ഉള്‍പ്പെടുത്തിയിരുന്നത്. ഇതാണ് ഐറിഷ് ബാക്ക്‌സ്‌റ്റോപ്പ് എന്നു പറയുന്നത്. ഈ വ്യവസ്ഥ പൂര്‍ണമായി എടുത്തു കളയണമെന്നാണ് ജോണ്‍സന്റെ ആവശ്യം.

ജി 7 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പുറപ്പെട്ടിരിക്കുന്ന ജോണ്‍സണ്‍ അതിനു മുന്‍പ് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണുമായും കൂടിക്കാഴ്ച നടത്തും.

കരാറില്ലാതെ ബ്രെക്‌സിറ്റ് നടപ്പാക്കിയാല്‍ ഉണ്ടാകാന്‍ പോകുന്ന സാന്പത്തിക പ്രത്യാഘാതങ്ങള്‍ക്കെതിരെ ആംഗല മെര്‍ക്കല്‍ നേരത്തെ മുന്നറിയിപ്പു നല്‍കിയിരുന്നു. യൂറോപ്പിന്റെ സാന്പത്തിക വിഹായസ് ഇപ്പോള്‍ മേഘാവൃതമാണ്. ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയന്‍ വിടുന്നതിന്റെ ആഗോള പ്രത്യാഘാതങ്ങള്‍ ഇതിനകം തന്നെ നമുക്ക് തലവേദന സൃഷ്ടിച്ചു കഴിഞ്ഞിരിക്കുന്നു. ഇനിയുമത് വഷളാകാന്‍ അനുവദിക്കില്ല. ഹാര്‍ഡ് ബ്രെക്‌സിറ്റിന്റെ ശക്തനായ വക്താവാണ് ജോണ്‍സണ്‍.

കരാറില്ലാത്ത ബ്രെക്‌സിറ്റ് നടപ്പായാല്‍ യൂറോപ്യന്‍ യൂണിയനിലാകമാനം 1.7 മില്യണ്‍ തൊഴില്‍ നഷ്ടമുണ്ടാകുമെന്നും അതില്‍ മൂന്നു ലക്ഷം ജര്‍മനിയിലായിരിക്കുമെന്നുമാണ് കണക്കാക്കുന്നത്.

റിപ്പോര്‍ട്ട്:ജോസ് കുന്പിളുവേലില്‍

Print Friendly, PDF & Email

Related posts

Leave a Comment