സന്തോഷ് ഏച്ചിക്കാനത്തിന് പത്മപ്രഭ പുരസ്‌കാരം

5118vrbmb8Lകൽപ്പറ്റ: ഈ വര്‍ഷത്തെ പത്മപ്രഭ പുരസ്‌കാരത്തിന് ചെറുകഥാകൃത്തും തിരക്കഥാകൃത്തുമായ സന്തോഷ് ഏച്ചിക്കാനം അര്‍ഹനായി. 75,000 രൂപയും പത്മരാഗക്കല്ല് പതിച്ച  ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. സാഹിത്യമികവിനുള്ള പത്മപ്രഭ പുരസ്‌കാരം 1996-ലാണ് ഏര്‍പ്പെടുത്തിയത്.

കൽപ്പറ്റ നാരായണന്‍ അദ്ധ്യക്ഷനും ഇ.പി.രാജഗോപാലന്‍, സുഭാഷ് ചന്ദ്രന്‍ എന്നിവര്‍ അംഗങ്ങളുമായ സമിതിയാണ് പുരസ്‌കാര ജേതാവിനെ തിരഞ്ഞെടുത്തതെന്ന് സ്മാരക ട്രസ്റ്റ് ചെയര്‍മാന്‍ എം.പി. വീരേന്ദ്രകുമാര്‍ എം.പി. അറിയിച്ചു.

മലയാളത്തിലെ ഉത്തരാധുനിക ചെറുകഥയുടെ രൂപഭാവങ്ങളെ സമഗ്രമായി ഉടച്ചുവാര്‍ത്ത എഴുത്തുകാരില്‍ പ്രധാനിയാണ് സന്തോഷ് ഏച്ചിക്കാനമെന്ന് പുരസ്‌കാര നിര്‍ണയ സമിതി വിലയിരുത്തി. “നവീന ഭാവുകത്വത്തിന്റെ പന്ഥാവില്‍ സഞ്ചരിക്കേ തന്നെ കഥനത്തിന്റ പാരമ്പര്യ വെളിച്ചത്തെ ഉള്‍ക്കൊള്ളാനും മലയാള ചെറുകഥയുടെ ആധുനികദശയില്‍ അതിനു വന്നു ഭവിച്ച ദുര്‍ഗ്രഹതയില്‍നിന്ന് കഥയെ വിമുക്തമാക്കുവാനും ഈ എഴുത്തുകാരനു കഴിഞ്ഞു. സമകാലിക ലോകകഥയുടെ സൗന്ദര്യതലത്തിലേക്ക് മലയാളകഥയെ ഉയര്‍ത്തി പ്രതിഷ്ഠിക്കുന്നതില്‍ സന്തോഷ് ഏച്ചിക്കാനം വഹിച്ച പങ്ക് നിസ്തുലമാണ്.കാല്‍ നൂറ്റാണ്ടു പിന്നിടുന്ന കഥാസപര്യകൊണ്ട് മലയാളകഥയുടെ ഉണ്മയ്ക്ക് പുത്തനുണര്‍വ് സൃഷ്ടിച്ച സന്തോഷിന്റെ സമഗ്രസംഭാവനകളെ മാനിച്ചാണ് പുരസ്‌കാരം പുരസ്‌കാരം നല്‍കുന്നത്”-  സമിതി പറഞ്ഞു.

ഒറ്റവാതില്‍, കഥാപാത്രങ്ങളും പങ്കെടുത്തവരും, ഒരു ചിത്രകഥയിലെ നായാട്ടുകാര്‍, കൊമാല, നരനായും പറവയായും, പകല്‍ സ്വപ്നത്തില്‍ വെയിലു കായാന്‍ വന്ന ഒരു നരി, ശ്വാസം, ബിരിയാണി എന്നിവയാണ് പ്രധാന കൃതികള്‍. നിദ്ര, അന്നയും റസൂലും, ബാച്ചിലര്‍  പാര്‍ട്ടി, ഞാന്‍ സ്റ്റീവ് ലോപ്പസ്, ഇടുക്കി ഗോള്‍ഡ്, ചന്ദ്രേട്ടന്‍ എവിടെയാണ്, അബി തുടങ്ങിയ സിനിമകള്‍ക്കും ഒട്ടേറെ ടെലിവിഷന്‍ പരമ്പരകള്‍ക്കും തിരക്കഥയെഴുതി.

ചെറുകഥയ്ക്ക് കേരള സാഹിത്യ  അക്കാദമി അവാര്‍ഡ്, കാരൂര്‍ ജന്മശതാബ്ദി അവാര്‍ഡ്, പ്രവാസി ബഷീര്‍ പുരസ്‌കാരം, അബുദാബി ശക്തി അവാര്‍ഡ്, ചെറുകാട് അവാര്‍ഡ്, വി.പി. ശിവകുമാര്‍  കേളി അവാര്‍ഡ്, പത്മരാജന്‍ പുരസ്‌കാരം, തോമസ് മുണ്ടശ്ശേരി കഥാപുരസ്‌കാരം, കൊല്‍ക്കത്ത ഭാഷാ സാഹിത്യ പരിഷത്ത് അവാര്‍ഡ്, ദല്‍ഹി കഥാ അവാര്‍ഡ്, ഏറ്റവും മികച്ച കഥയ്ക്കുള്ള സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡ് എന്നിങ്ങനെ നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.

Print Friendly, PDF & Email

Related posts

Leave a Comment