ഇസ്ലാമാബാദ്: കൊറോണ വൈറസ് വ്യാപനം തടയാന്‍ ലോകമൊട്ടാകെ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിനെത്തുടര്‍ന്ന് നിരവധി ഗാര്‍ഹിക പീഡനങ്ങളും കൊലപാതകങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. അത്തരം ഒരു സംഭവമാണ് പാക്കിസ്താനിലെ പെഷാവറില്‍ നടന്നത്.
വീട്ടില്‍ കളിച്ചുകൊണ്ടു നടന്നിരുന്ന ഏഴു വയസ്സുകാരി പെണ്‍കുട്ടിയെ അമ്മാവന്‍ വെടിവെച്ചു കൊന്ന ദാരുണമായ സംഭവമാണ് നടന്നത്. വീട്ടില്‍ കളിച്ചു കൊണ്ടിരിക്കുന്നതിനിടയില്‍ ഉറക്കെ ബഹളമുണ്ടാക്കയതിനാണ് 7 വയസ്സുകാരിയായ ഇഷാലിനെ അമ്മാവന്‍ ഫസല്‍ ഫയാത്ത് വെടിവെച്ചു കൊന്നത്.
ഇതേ വീടിന്റെ മുകളിലത്തെ നിലയിലായിരുന്ന ഫസല്‍, കുട്ടിയോട് ആദ്യം കയര്‍ക്കുകയും പിന്നീട് വെടിവെയ്ക്കുകയുമായിരുന്നുവെന്ന് കുട്ടിയുടെ പിതാവ് പൊലീസിനോട് പറഞ്ഞു. സംഭവത്തിന് ശേഷം ഫസല്‍ വീട്ടില്‍ നിന്നും ഓടി രക്ഷപ്പെട്ടു. എന്നാല്‍ സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി. പെണ്‍കുട്ടിയുടെ പിതാവ് സഹോദരനെതിരെ തക്കല്‍ പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
പ്രതിയ്ക്ക് മാനസികരോഗങ്ങളൊന്നുമില്ലെന്ന് ബന്ധുക്കള്‍ പറഞ്ഞു. എന്നാല്‍ ലോക്ക്ഡൗണിനെത്തുടര്‍ന്ന് പുറത്തിറങ്ങാന്‍ കഴിയാത്തതിലുള്ള അസ്വസ്ഥത ഇയാള്‍ പ്രകടിപ്പിച്ചിരുന്നുവെന്ന് കുട്ടിയുടെ പിതാവ് വ്യക്തമാക്കി.