കൊച്ചി: ഡിപ്ലോമാറ്റിക് ബാഗിലൂടെ സ്വര്‍ണ്ണം കടത്തിയ കേസില്‍ പിടിയിലായ സരിത്ത് എന്‍ ഐ എ മുമ്പാകെ നിര്‍ണ്ണായകമായ വിവരങ്ങള്‍ വെളിപ്പെടുത്തി. താന്‍ സ്വര്‍ണ്ണം കടത്തിയത് ഷാര്‍ജയിലുള്ള ഫൈസല്‍ ഫരീദിന് വേണ്ടിയാണെന്നാണ് സരിത്തിന്റെ മൊഴി. അതിന്റെ അടിസ്ഥാനത്തില്‍ ഫൈസല്‍ ഫരീദിനെ മൂന്നാം പ്രതിയാക്കി എന്‍ഐഎ കോടതിയില്‍ എഫ്‌ഐആര്‍ നല്‍കിയിട്ടുണ്ട്. കസ്റ്റംസ് എടുത്ത കേസില്‍ ഫൈസല്‍ ഫരീദ് പ്രതിപ്പട്ടികയിലുണ്ടായിരുന്നില്ല.
കോണ്‍സുലേറ്റിന്റെ പേരില്‍ ബാഗേജ് അയച്ച ഫൈസലാണെന്നാണ് സരിത്ത് കസ്റ്റംസിന് നല്‍കിയ മൊഴി. ആറ് മാസമായി തിരുവനന്തപുരം വിമാനത്താവളം വഴി വന്ന നയതന്ത്ര ബാഗേജുകളെല്ലാം സരിത്താണ് ഏറ്റുവാങ്ങിക്കൊണ്ടിരുന്നത്. ഇത്തരം ബാഗേജുകള്‍ ഏറ്റുവാങ്ങാന്‍ വരുന്നവര്‍ കോണ്‍സുലേറ്റ് വാഹനങ്ങള്‍ മാത്രമേ, ഉപയോഗിക്കാവൂ എന്നാണ് ചട്ടം. എന്നാല്‍, ചില ബാഗേജുകള്‍ വരുമ്പോള്‍ സരിത്ത് സ്വന്തം കാറിലാണ് വന്നിരുന്നത്. ഈ കാറില്‍ വരുമ്പോള്‍ ബാഗേജ് ഏറ്റുവാങ്ങിയശേഷം സരിത്ത് പേരൂര്‍ക്കട ഭാഗത്തേയ്ക്ക് പോകും. അവിടെ വെച്ച് ബാഗേജിലെ സ്വര്‍ണം ഫൈസലിന്റെ ആളുകളെത്തി ഏറ്റുവാങ്ങും. ഒരുതവണ സ്വര്‍ണം കടത്തുമ്പോള്‍ 24 ശതമാനം കമ്മീഷന്‍ ലഭിച്ചിരുന്നുവെന്ന് സരിത്ത് പറയുന്നു. ഈ സ്വര്‍ണ്ണം എവിടേക്കാണ് പോകുന്നതെന്ന് തനിക്കറിയില്ലെന്നും സരിത്ത്.
കസ്റ്റംസ് ഉദ്യോഗസ്ഥര്‍ നടത്തിയ ചോദ്യം ചെയ്യലിലാണ് ഇക്കാര്യം അറിയിച്ചത്. ബാഗേജ് വഴി വരുന്ന സ്വര്‍ണം താന്‍ കൈമാറും. അതിന് ശേഷം ഈ സ്വര്‍ണം എവിടേക്കാണ് കൊണ്ടുപോകുന്നതെന്നോ എന്തിനാണ് ഉപയോഗിക്കുന്നതെന്നോ അറിയില്ലെന്നാണ് സരിത്ത് അന്വേഷണ ഉദ്യോഗസ്ഥര്‍ മുമ്പാകെ വെളിപ്പെടുത്തിയിരിക്കുന്നത്.
സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധമുള്ള അഞ്ച് പേരെ കുറിച്ച് കസ്റ്റംസിന് വ്യക്തമായ വിവരങ്ങള്‍ ലഭിച്ചതായും സൂചനയുണ്ട്. സരിത്തിനെ ചോദ്യം ചെയ്തതില്‍ നിന്നാണ് ഇതുസബന്ധിച്ച വിവരങ്ങള്‍ ലഭിച്ചിരിക്കുന്നത്. ഇവരെ ഉടനടി പിടികൂടാനുള്ള നടപടിക്രമങ്ങളും കസ്റ്റംസ് ആരംഭിച്ചു കഴിഞ്ഞു.
യുഎഇയിലേക്ക് സ്പൈസസ് അടക്കമുള്ളവ എത്തിക്കുന്ന ട്രേഡിംഗ് ഏജന്‍സി നടത്തുന്നയാളാണ് മൂന്നാം പ്രതിയായ കൊച്ചി സ്വദേശി ഫൈസല്‍ ഫരീദ് എന്നാണ് കണ്ടെത്തല്‍. എന്നാല്‍ ട്രേഡിംഗ് ഏജന്‍സിയുടെ മറവില്‍ ഇയാള്‍ കള്ളക്കടത്ത് നടത്തുന്നുണ്ടായിരിക്കും. ട്രേഡിംഗ് ഏജന്‍സി വെറും കടലാസ് കമ്പനിയായിരിക്കുമെന്നാണ് കസ്റ്റംസിന്റെ നിഗമനം.