ഡാളസ് : അമേരിക്കയില്‍ മലയാള സാഹിത്യ സദസ്സുകള്‍ക്ക് തുടക്കം കുറിച്ച സംഘടനയാണ് കേരള ലിറ്റററി സൊസൈറ്റി (KLS). പുതു സാഹിത്യക്കാരന്മാരെയും പുതു സാഹിത്യ സൃഷ്ടിയെയും പരിചയപ്പെടുത്തി സ്വീകാര്യമാക്കിയ ഒരു സംഘടന. 1992-ല്‍ ആരംഭിച്ച കെ എല്‍ എസ് ഡാളസ് കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. സാഹിത്യ സദസ്സുകള്‍ക്കും സ്വീകരണങ്ങള്‍ക്കും സര്‍വ്വ മധുരം സൃഷ്ടിക്കാന്‍ കെ എല്‍ എസ്സിന് ഈ കഴിഞ്ഞ 28 വര്‍ഷങ്ങളിലും കഴിഞ്ഞിട്ടുണ്ട്. മുന്‍കാല പ്രസിഡന്‍റുന്മാരായ എം എസ് നമ്പൂതിരി, എബ്രഹാം തെക്കേമുറി, സി വി ജോര്‍ജ്, ജോസ് ഓച്ചാലില്‍, ജോസെന്‍ ജോര്‍ജ് തുടങ്ങിയവരുടെ നിര്‍ദ്ദേശവും ഉപദേശവും ലാന എന്ന ദേശീയ സാഹിത്യ സംഘനക്കു രൂപം നല്‍കി. സാഹിത്യ പ്രേമികള്‍ക്ക് ഒരു മികച്ച പാഠശാലയായി കെ എല്‍ എസ് പ്രവര്‍ത്തിച്ചു പോരുന്നു.
പുതിയ നേതൃത്വം
കേരള ലിറ്റററി സൊസൈറ്റി 2020-22 വര്‍ഷത്തെക്കുള്ള നവ നേതൃത്വം ചുമതലയേറ്റു. കഴിഞ്ഞ മാസം ജൂണ്‍ 28ന് സൂം സംവിധാനത്തിലൂടെ നടന്ന പൊതുയോഗത്തില്‍ പുതിയ ഭരണ സമിതിയെ തെരഞ്ഞെടുക്കുകയുണ്ടായി. സിജു വി ജോര്‍ജ് (പ്രസിഡന്‍റ്), ഹരിദാസ് തങ്കപ്പന്‍ (സെക്രട്ടറി) അനുപാ സാം (വൈസ് പ്രസിഡന്‍റ്), സാമുവല്‍ യോഹന്നാന്‍ (ജോയിന്റ് സെക്രട്ടറി), അനശ്വര്‍ മാമ്പിള്ളി (ട്രഷറര്‍) എന്നിവരാണ് പുതിയ നേതൃത്വം.
പുതിയ നേതൃത്വത്തിന്‍റെ ആദ്യ പരിപാടിയായി ജൂലൈ 25 ന് ‘സാഹിത്യ സന്ധ്യ’ നടക്കുന്നതായിരിക്കും. സൂം മീറ്റിംഗ് രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. മുഖ്യാതിഥിയായി പ്രശസ്ത സാഹിത്യകാരന്‍ വി ജെ ജെയിംസ് പങ്കെടുക്കും. അദ്ദേഹത്തിന്റെ വയലാര്‍ അവാര്‍ഡ് നേടിയ കൃതി ‘നിരീശ്വരന്‍ ‘ആണ് ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയം. എല്ലാ സാഹിത്യപ്രേമികളെയും പ്രസ്തുത പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നതായി പുതിയ പ്രവര്‍ത്തക സമിതി അറിയിച്ചു.