വളാഞ്ചേരി: യു എ ഇ കോണ്‍സുലേറ്റിന്റെ വ്യാജ നയതന്ത്ര ബാഗേജു വഴി സ്വര്‍ണ്ണം കടത്തിയതും, ഖുര്‍ആന്‍ ഇറക്കുമതി ചെയ്തതിനോടനുബന്ധിച്ച് കസ്റ്റംസിന്റേയും എന്‍ ഐ യുടേയും ചോദ്യം ചെയ്യലിന് വിധേയനായ മന്ത്രി കെ.ടി. ജലീലിന്റെ വീട്ടിലേക്ക് ബിജെപി ന്യൂനപക്ഷ മോര്‍ച്ച എ പി അബ്ദുല്ലക്കുട്ടിയുടെ നേതൃത്വത്തില്‍ മാര്‍ച്ച് നടത്തി. സ്വര്‍ണ്ണക്കടത്തില്‍ ഖുറാനെ മറയാക്കി രക്ഷപ്പെടാനുള്ള മന്ത്രി ജലീലിെന്റ തന്ത്രം മന്ത്രിസഭയില്‍നിന്ന് മാത്രമല്ല, മുസ്ലിം സമുദായത്തില്‍ നിന്നു തന്നെ ജലീലിനെ പുറത്താക്കുന്നതിനുള്ള കുറ്റമാണ് ചെയ്തതെന്ന് ബി.ജെ.പി ദേശീയ വൈസ് പ്രസിഡന്റ് എ.പി. അബ്ദുല്ലക്കുട്ടി പറഞ്ഞു. മന്ത്രി കെ.ടി. ജലീല്‍ രാജിവെക്കണമെന്നാവശ്യപ്പെട്ട് ന്യൂനപക്ഷ മോര്‍ച്ച ജില്ല കമ്മിറ്റി മന്ത്രിയുടെ വസതിയിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ന്യൂനപക്ഷ മോര്‍ച്ച ജില്ല പ്രസിഡന്റ് സത്താര്‍ ഹാജി കള്ളിയത്ത് അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് ജിജി തോമസ്, ജന. സെക്രട്ടറിമാരായ ജോസഫ് പടമാടന്, അജി തോമസ്, ബി.ജെ.പി സംസ്ഥാന സെക്രട്ടറി എസ്. സുരേഷ്, ജില്ല പ്രസിഡന്റ് രവി തേലത്ത്, മേഖല വൈസ് പ്രസിഡന്റ് കെ.കെ. സുരേന്ദ്രന്, ബാദുഷ തങ്ങള്‍ എന്നിവര്‍ സംസാരിച്ചു. വളാഞ്ചേരി ടൗണില്നിന്നാരംഭിച്ച പ്രതിഷേധ മാര്‍ച്ച് മന്ത്രിയുടെ വസതിക്ക് മുന്നില്‍ പൊലീസ് തടഞ്ഞു.
ലിജോയ് പോള്‍, ഷാജി ജോര്‍ജ്, റിഷാല്‍ മുഹമ്മദ്, ആത്തിക്ക അബ്ദുറഹ്മാന്, ഹുസൈന് വരിക്കോടന്‍, കുഞ്ഞിക്കോയ മുസ്ലിയാര് എന്നിവര്‍ മാര്‍ച്ചിന് നേതൃത്വം നല്കി.