ലോകത്തിലെ മികച്ച രണ്ട് ശതമാനം ശാസ്ത്രജ്ഞരുടെ റാങ്കിംഗ് പട്ടികയിൽ അമൃത സർവ്വകലാശാലയിലെ നാല് ശാസ്ത്രജ്ഞർ

അമേരിക്കയിലെ സ്റ്റാൻഫോർഡ് സർവ്വകലാശാല പ്രസിദ്ധീകരിച്ച ലോകത്തെ മികച്ച രണ്ട് ശതമാനം ശാസ്ത്രജ്ഞരുടെ റാങ്കിംഗിൽ അമൃത വിശ്വവിദ്യാപീഠത്തിലെ നാല് ശാസ്ത്രജ്ഞരും. ഡോ. മനീഷ രമേശ്, ഡോ. ശാന്തി നായർ, ഡോ. ആർ. ജയകുമാർ, ഡോ. മാധവ് ദത്ത എന്നിവരുടെ ഗവേഷണത്തിന്റെ ഗുണനിലവാരം അംഗീകരിച്ചുകൊണ്ടാണ് റാങ്കിങ്‌ പട്ടിക പ്രസിദ്ധീകരിച്ചത്.

കൊല്ലം അമൃതപുരി ക്യാമ്പസ്സിലെ അമൃത സെന്റർ ഫോർ വയർലെസ് നെറ്റ്‌വർക്ക്സ് & ആപ്ലിക്കേഷസിൻറെ ഡയറക്ടർ ഡോ. മനീഷ രമേശ് നെറ്റ്‌വർക്കിംഗ്, ടെലികമ്മ്യൂണിക്കേഷൻ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഇമേജ് പ്രോസസ്സിംഗ് എന്നീ മേഖലയിലെ ലോകത്തെ മികച്ച ശാസ്ത്രജ്ഞരിൽ ഒരാളായി അംഗീകരിക്കപ്പെട്ടു. കൊച്ചി അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലെ സെന്റർ ഫോർ നാനോ സയൻസസ് ആന്റ് മോളിക്യുലാർ മെഡിസിനിൽ നിന്നുള്ള ഡോ. ശാന്തി നായർ, ഡോ. ആർ. ജയകുമാർ എന്നിവരുടെ പോളിമേഴ്‌സ്,നാനോസയൻസ്, നാനോടെക്നോളജി എന്നീ മേഖലയിലെ ഗവേഷണ ഗുണനിലവാരം കണക്കിലെടുത്താണ് റാങ്കിങ്ങിൽ ഉൾപ്പെടുത്തിയത്. കോയമ്പത്തൂർ അമൃത സ്‌കൂൾ ഓഫ് എഞ്ചിനീയറിംഗിലെ ഡോ. മാധവ് ദത്തയെ എനർജി വിഭാഗത്തിലെ മികച്ച ശാസ്ത്രജ്ഞനായുമാണ് തിരഞ്ഞെടുത്തത്.

ഞങ്ങളുടെ ശാസ്ത്രജ്ഞരുടെ കഴിവ് ലോക വേദിയിൽ അംഗീകരിക്കപ്പെട്ടതിനാൽ ഇത് ഞങ്ങൾക്ക് ഒരു ചരിത്രപ്രധാന നിമിഷമാണെന്നും, ആഗോള റാങ്കിംഗിൽ ഇടംപിടിച്ച നാല് ശാസ്ത്രജ്ഞരുടെയും ഗവേഷണ മികവിനോടുള്ള അചഞ്ചലമായ പ്രവർത്തനത്തെയും പ്രതിബദ്ധതയെയും താൻ അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇരുപത്തഞ്ചിലധികം ഗവേഷണ കേന്ദ്രങ്ങളുള്ള ഒരു സുപ്രതിഷ്‌ഠിതമായ സ്ഥാപനമാണ് അമൃത വിശ്വവിദ്യാപീഠം. വിവിധ പിയർ റിവ്യൂ ജേണലുകളിലും കോൺഫറൻസുകളിലുമായി പന്ത്രണ്ടായിരത്തിലുപരി ഗവേഷണ ലേഖനങ്ങൾ അമൃതയിലെ ഫാക്കൽറ്റി അംഗങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. 65,000 അവലംബങ്ങൾ, ഫയൽ ചെയ്ത 120 ലധികം പേറ്റന്റുകൾ , കഴിഞ്ഞ പതിനഞ്ചു വർഷത്തിനിടെ എഴുതിയ 300 ലധികം പണ്ഡിത പുസ്തകങ്ങൾ എന്നിവയും പ്രധാനപെട്ടവയാണ്. ലോക ബാങ്ക്, യുനെസ്കോ, യു‌എൻ‌ഡി‌പി, ഗേറ്റ്സ് ഫൗണ്ടേഷൻ തുടങ്ങി വിവിധ സർക്കാർ, സ്വകാര്യ ഫണ്ടിംഗ് ഏജൻസികളിൽ നിന്ന് 100 മില്യൺ ഡോളറിന്റെ ഗവേഷണ ധനസഹായവും അമൃത സർവ്വകലാശാല നേടിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

എൽസെവിയറിന്റെ സ്കോപ്പസ് ഡാറ്റാബേസ് ഉപയോഗിച്ച് സ്റ്റാൻഫോർഡ് സർവകലാശാലയിലെ ഗവേഷകരാണ് ശാസ്ത്രജ്ഞരുടെ ആഗോള പഠനം നടത്തിയത്. അവലംബങ്ങൾ, എച്ച്-ഇൻഡെക്സ്, കോ-ഓതർ, കോംപോസിറ്റ് ഇൻഡിക്കേറ്റർ എന്നീ നിരവധി ഘടകങ്ങളുടെ അടിസ്ഥാനത്തിൽ വിവിധ മേഖലകളിലുള്ള ലോകത്തെ ഒരുലക്ഷത്തിലധികം ഉന്നത ശാസ്ത്രജ്ഞരുടെ ഡാറ്റാബേസ് രൂപീകരിച്ചത്തിന് ശേഷമാണ് കണ്ടെത്തലുകൾ പി.എൽ.ഒ.എസ് ബയോളജി ജേണലിൽ പ്രസിദ്ധീകരിച്ചത്.

Print Friendly, PDF & Email

Related posts

Leave a Comment