ജോര്‍ജിയയിലെ സെനറ്റര്‍ തിരഞ്ഞെടുപ്പിന്റെ നേരത്തെയുള്ള വോട്ടിംഗില്‍ സര്‍‌വ്വകാല റിക്കാര്‍ഡ്

ജോര്‍ജിയ: യുഎസ് സെനറ്റില്‍ ഭൂരിപക്ഷ കക്ഷിയെ തീരുമാനിക്കുന്ന ജോര്‍ജിയയില്‍ നിന്നുള്ള രണ്ട് യുഎസ് സെനറ്റ് സീറ്റുകളിലേക്ക് ആരംഭിച്ച നേരത്തെയുള്ള വോട്ടിംഗില്‍ സര്‍വകാല റിക്കാര്‍ഡ്.

ജനുവരി അഞ്ചിന് നടക്കുന്ന റണ്‍ ഓഫ് മത്സരങ്ങളില്‍, തിങ്കളാഴ്ച ആരംഭിച്ച വോട്ടിംഗില്‍ ഡിസംബര്‍ 18 വെള്ളിയാഴ്ച ഒടുവില്‍ ലഭിച്ച റിപ്പോര്‍ട്ട് അനുസരിച്ച് 1.1 മില്യന്‍ പേര്‍ തങ്ങളുടെ സമ്മതിദാനാവകാശം രേഖപ്പെടുത്തിയതായി ജോര്‍ജിയ വോട്ടിംഗ് ഡേറ്റാ രേഖപ്പെടുത്തുന്ന വെബ്‌സൈറ്റില്‍ കാണുന്നു.

ഡമോക്രാറ്റിക് പാര്‍ട്ടിക്ക് സെനറ്റില്‍ 48 സീറ്റുകള്‍ ലഭിച്ചപ്പോള്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് 50 സീറ്റുകളാണുള്ളത്.

ജോര്‍ജിയയില്‍ നടക്കുന്ന രണ്ട് യുഎസ് സെനറ്റ് സീറ്റുകളിലും വിജയിച്ചാല്‍ മാത്രമേ ഡമോക്രാറ്റിക് പാര്‍ട്ടിക്ക് ഭൂരിപക്ഷം നേടാനാകൂ. അതേസമയം ഒരു സീറ്റില്‍ വിജയിച്ചാല്‍ മാത്രമേ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് ഭൂരപിക്ഷം നിലനിര്‍ത്താനാവൂ. റിപ്പബ്ലിക്കന്‍ സെനറ്റര്‍മാരായ കെല്ലി ലോഫ്‌ലര്‍, ഡേവിഡ് പെഡ്രൂ എന്നിവര്‍ നേരിടുന്നത് ഡമോക്രാറ്റിക് സ്ഥാനാര്‍ഥികളായ റാഫേല്‍ വാര്‍നോക്ക്, ജോണ്‍ ഓസോഫ് എന്നിവരെയാണ്.

ഇരു പാര്‍ട്ടികളുടേയും ജീവന്മരണ പോരാട്ടമാണ് ഇവിടെ നടക്കുന്നത്. നൂറുകണക്കിന് മില്യന്‍ ഡോളറാണ് ഇരുവരും ഇവിടെ വാരിവിതറുന്നത്. പ്രസിഡന്റ് ട്രംപും, വൈസ് പ്രസിഡന്റ് മൈക്കും വിവിധ റാലികളെ അഭിസംബോധന ചെയ്യുമ്പോള്‍, ബൈഡനും കമലാ ഹാരിസും പ്രചാരണങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നു. നിലവില്‍ റിപ്പബ്ലിക്കന്‍ സീറ്റുകളായിരുന്നാലും പാര്‍ട്ടി വിജയിക്കുമെന്നാണ് ട്രംപ് പ്രവചിച്ചിരിക്കുന്നത്.

Print Friendly, PDF & Email

Related posts

Leave a Comment