ഇസ്ലാമാബാദ്: ഇന്ന് (വ്യാഴാഴ്ച) ഇസ്ലാമാബാദിലെ പരേഡ് അവന്യൂവിൽ നടന്ന പാക്കിസ്താന്‍ സൈനിക പരേഡിൽ സായുധ സേനയുടെ മൂന്ന് വിഭാഗങ്ങൾ തങ്ങളുടെ പ്രൊഫഷണലിസവും സൈനിക വൈദഗ്ധ്യവും പ്രകടിപ്പിച്ചു.
പാക് വ്യോമസേനയുടെയും നാവികസേനയുടെയും യുദ്ധവിമാനങ്ങൾ എയർ ചീഫ് സഹീർ അഹ്മദ് ബാബർ സിദ്ധുവിന്റെ നേതൃത്വത്തിൽ, മുഖ്യാതിഥി പ്രസിഡന്റ് ആരിഫ് ആൽവിക്ക് അഭിവാദ്യം അർപ്പിച്ചുകൊണ്ട് ചടങ്ങ് ആരംഭിച്ചു.
എഫ് -16, ജെഎഫ് 17 തണ്ടർ, മിറേജ്, എഡബ്ല്യുഎസി എന്നിവയുൾപ്പെടെയുള്ള യുദ്ധവിമാനങ്ങളും, സി -130, പി -3 സി ഓറിയോൺ എന്നിവയും പരേഡില്‍ പങ്കെടുത്തു.
പാക്കിസ്താന്‍ ആർമി, നേവി, എയർഫോഴ്സ്, സ്പെഷ്യൽ സർവീസസ് ഗ്രൂപ്പുകൾ, ഫ്രോണ്ടിയർ കോർപ്സ്, റേഞ്ചേഴ്സ്, ഇസ്ലാമാബാദ് പോലീസ്, ഫ്രോണ്ടിയർ കോൺസ്റ്റാബുലറി, എയർപോർട്ട് സെക്യൂരിറ്റി ഫോഴ്സ്, ബോയ്സ് സ്കൗട്ട്സ് എന്നിവർ മുഖ്യാതിഥിക്ക് അഭിവാദ്യം അർപ്പിച്ചു.
പ്രേക്ഷകരുടെ കരഘോഷങ്ങൾക്കിടയിൽ, ജെഎഫ് -17 ഉം ഷെർഡിൽസിന്റെ പ്രകടനവും ആകാശത്ത് നിറങ്ങള്‍ ചാലിച്ച് എയറോബാറ്റിക്സ് നടത്തി.
പാക്കിസ്താനും തുർക്കിയും തമ്മിലുള്ള ശക്തമായ ബന്ധത്തിന്റെ അടയാളമെന്ന നിലയിൽ, ഒരു തുർക്കി യുദ്ധവിമാനവും
പ്രകടനത്തില്‍ പങ്കെടുത്ത് തങ്ങളുടെ കഴിവ് അവതരിപ്പിച്ചു.
ജമ്മു കശ്മീർ, ഗിൽജിത് ബാൾട്ടിസ്ഥാൻ, നാല് പ്രവിശ്യകൾ എന്നിവയുടെ സാംസ്ക്കാരിക ഫ്ലോട്ടുകളും ഉണ്ടായിരുന്നു.
ശാസ്ത്ര സാങ്കേതിക മന്ത്രാലയത്തിന്റെ ഫ്ലോട്ടുകളും, കോവിഡ് -19 നെതിരായ മുൻനിര ആരോഗ്യ പ്രവർത്തകരും പരേഡിന്റെ ഭാഗമായിരുന്നു.
ഏത് പ്രകോപനത്തോടും പ്രതികരിക്കാൻ രാജ്യം പൂർണമായും പ്രാപ്തിയുള്ളതിനാൽ സമാധാനത്തിനായുള്ള രാജ്യത്തിന്റെ ആഗ്രഹം ശത്രുക്കൾ നിരാകരിക്കരുതെന്ന് ചടങ്ങിനെ അഭിസംബോധന ചെയ്തുകൊണ്ട് പ്രസിഡന്റ് ഡോ. ആരിഫ് ആല്‍വി വ്യക്തമാക്കി. ഈ മേഖലയിലെ സമാധാനം കശ്മീർ തർക്കത്തിന്റെ ന്യായമായ പരിഹാരവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് അദ്ദേഹം ആവർത്തിച്ചു.
ചടങ്ങിൽ പങ്കെടുത്തതിന് സൗഹൃദ രാജ്യങ്ങളുടെ പ്രതിനിധികൾക്കും മറ്റുള്ളവർക്കും ഡോ. ആരിഫ് ആല്‍വി നന്ദി പറഞ്ഞു. അഭൂതപൂര്‍വ്വമായ പരേഡ് നടത്തിയതിന് പാക്കിസ്താന്‍ സായുധ സേനയെ അഭിനന്ദിച്ചു.
“ക്വയ്ദ്-ഇ-ആസം മുഹമ്മദ് അലി ജിന്നയുടെ പോരാട്ടത്തോടെ 1940 ൽ പാക്കിസ്താന്‍ പ്രമേയം പാസായി ഏഴ് വർഷത്തിനുള്ളിൽ, അല്ലാമ ഇക്ബാലിന്റെ സ്വപ്നം യാഥാർത്ഥ്യമായി. ഇപ്പോൾ പാക്കിസ്താന്‍ ഒരു ആണവ രാജ്യമാണ്. നമ്മുടെ ധീരരായ സായുധ സേന രാജ്യത്തിന്റെ അഭിമാനത്തിന്റെയും ബഹുമാനത്തിന്റെയും പ്രതിഫലനമാണ്. കാരണം അവർ എല്ലാ വിഷമകരമായ സാഹചര്യങ്ങളിലും രാജ്യത്തെ സംരക്ഷിച്ചു കൊണ്ടിരിക്കുന്നു,” ഡോ. ആല്‍വി ഉദ്ബോധിപ്പിച്ചു.
പകർച്ചവ്യാധിയെക്കുറിച്ച് സംസാരിച്ച രാഷ്ട്രപതി, കൊറോണ വൈറസിന്റെ വെല്ലുവിളി ലോകം മുഴുവൻ അഭിമുഖീകരിക്കുന്നുണ്ടെങ്കിലും, പാക്കിസ്താന്‍ പരിമിതമായ സൗകര്യങ്ങള്‍ ഉണ്ടായിരുന്നിട്ടും നേരത്തെ വ്യാപനം നിയന്ത്രിച്ചിരുന്നുവെന്നും വൈറസിനെ വീണ്ടും നിയന്ത്രിക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
ദക്ഷിണേഷ്യയുടെ നേതൃത്വം മുൻവിധിയുടെയും മതതീവ്രവാദത്തിന്റെയും രാഷ്ട്രീയം ഒഴിവാക്കണമെന്ന് പ്രസിഡന്റ് ഊന്നിപ്പറഞ്ഞു. അധിനിവേശ കശ്മീരിലെ അവസ്ഥയെക്കുറിച്ച് പാക്കിസ്താന്‍ ഉൾപ്പെടെ ലോകം മുഴുവൻ ആശങ്കാകുലരാണെന്ന് അദ്ദേഹം പറഞ്ഞു.
എല്ലാ ഫോറങ്ങളിലും പ്രശ്‌നം ഉന്നയിക്കുന്നത് തുടരുമെന്ന് ഡോ. ആരിഫ് ആൽവി പ്രതിജ്ഞയെടുത്തു. 2019 ഓഗസ്റ്റ് 5 ലെ നടപടികൾ ഐക്യരാഷ്ട്രസഭയുടെ പ്രമേയങ്ങളുടെ ലംഘനമാണെന്നും അദ്ദേഹം പറഞ്ഞു.