സ്വാര്‍ത്ഥതയുടെ പ്രളയം (കവിത): ജോണ്‍ ഇളമത

പുഴയില്ല, തോടില്ല മഴവെള്ളമെങ്ങനെയൊഴുകും! ഇടിവെട്ടി മഴപെയ്ത് ഉരുള്‍പൊട്ടി അലറും മലകള്‍ മലയടിവാരത്തില്‍ കുടികെട്ടി വസിക്കും പാവങ്ങള്‍, ചെളിയിലൊഴുകി മൂടി മരിച്ചിടുമ്പോള്‍ പാഴ്‌വാക്കില്‍ ‘വിധി’ എന്ന് പറയുന്നതെങ്ങനെ! പരിസ്തിതി എന്ന മുറവിളി വെറുമൊരു പ്രഹസനമോ! കാടുകള്‍ വെട്ടിതെളിച്ച് പാടങ്ങള്‍ കരയാക്കി രമ്യഹര്‍മ്യങ്ങള്‍ തീര്‍ക്കും പരിസ്തിതി വിരോധികള്‍! മുറ്റത്തെ ചരല്‍മാറ്റി ഇന്റര്‍ലോക്കിട്ടവര്‍ കോണ്‍ക്രീറ്റു മതില്‍കെട്ടി മഴയെ തടുത്തവര്‍ പുഴയുടെ വഴിയെല്ലാം വഴിമുട്ടി നിന്നപ്പോള്‍ മഴവന്നു കോപിച്ച് മതിലു തകര്‍ത്തലറുന്ന പുഴ! പാറകള്‍പൊട്ടിച്ച് വേരുകളറ്റ് കടപുഴകുന്ന വന്‍മരങ്ങള്‍ വീഴുന്നെവിടയും വായുവിന്‍ സ്രോതസ്സുകള്‍! വികസനം വേണ്ടേ എന്ന് പ്രഹസനം ചെയ്യും കൂട്ടര്‍ പദ്ധതികളൊക്കെ പറഞ്ഞ് പറ്റിക്കും, വേറൊരു കൂട്ടര്‍! സ്വാര്‍ത്ഥത മൂത്ത് എറിഞ്ഞ വിഴുപ്പുകള്‍ വീണ്ടു തിരികെ വരുന്നു സ്വാര്‍ത്ഥരെ തേടി ഈ പ്രളയത്തില്‍ എന്നോര്‍ക്ക!!

നീ അരികിലുണ്ടെങ്കില്‍ (കവിത): ഷാഹുല്‍ പണിക്കവീട്ടില്‍

ഏകാന്തയാത്രകളില്‍ മുഷിപ്പുഗന്ധം മണക്കുമ്പോള്‍… വിരസതയുടെ വിരല്‍തുമ്പ് വിഭ്രമചിത്രം വരയ്ക്കുമ്പോള്‍… ജീവിതം വായിക്കുമ്പോള്‍.. വ്യാകരണപ്പിശകില്‍ മനംതട്ടി വീഴുമ്പോള്‍ … ഓര്‍മത്തെറ്റില്‍ തളര്‍ന്നിരിക്കുമ്പോള്‍.. അഴിച്ചു മാറ്റിയ വിഴുപ്പ്ഭാണ്ഡങ്ങള്‍ അലക്കാനിടുമ്പോള്‍…. കരവിട്ട് ദൂരേക്കുപായുന്ന കടലിരമ്പങ്ങളില്‍ …. ആധിയൊഴിയാതെ അകക്കടലിരമ്പുമ്പോള്‍ …. പരിഭവം മണക്കുന്ന പരുക്കന്‍ മെത്തയില്‍ പിടഞ്ഞുമാറുന്ന നിദ്രയില്‍ ഉള്ളനക്കങ്ങള്‍ ഊതിപ്പെരുക്കുന്ന ഉന്മാദരാവുകളില്‍ .. തരിശിട്ട ചിന്തയില്‍ ചിരിവെട്ടം കൊതിക്കുമ്പോള്‍..

പുരാവസ്തു ഗവേഷണം (ഓട്ടംതുള്ളല്‍): ജോണ്‍ ഇളമത

പലവിധ കഥകള്‍ കേട്ടുമടുത്ത് പൊതുജനമൊക്കെ കഴുതകളായി! പുരാവസ്തു ഗവേഷകനൊരുവന്‍ വിഢികളാക്കി പല കൊമ്പമ്മാരേം സെലിബ്രറ്റികള്‍ എലിപോലെ വിറച്ചു പടുവിഢികളൊക്കെ കുഴിയില്‍ വീണു വന്നവരൊക്കെ കയറി ഇരുന്നു സുല്‍ത്താനിരുന്ന സിംഹാസനത്തില്‍ വാളുപിടിച്ചു നിന്നവരെക്കെ പുലിവാലുപിടിച്ചു നിന്നുജ്വലിച്ചു മോശയുടെ വടി പിടിച്ചവരൊക്കെ വാശി പിടിച്ചു പറഞ്ഞു ഇതുതന്നാവടി! ആരും കാണാത്ത പുരാതനവസ്തു കണാനാരാധകര്‍ കൂട്ടംകൂടി. ബുദ്ധിജീവികള്‍ കുബുദ്ധികള്‍ സമ്പന്നര്‍, എന്തിനു സാഥ്വികര്‍ വരെ തട്ടിപ്പിന്‍ നൂതന പ്രത്യയശാസ്ത്രം കണ്ടവര്‍ ഞെട്ടി മണ്ടശിരോമണികള്‍.  

സമവാക്യം (കവിത): ഷാഹുല്‍ പണിക്കവീട്ടില്‍

അമ്മയുടെ ശകാരം പതിവ് വാചകത്തില്‍ ഉപ്പും എരിവും ചേര്‍ക്കുന്നതു പോലെ ഏറുകയോ കുറയുകയോ ഇല്ല അച്ഛന്റെ ശാസന ചൂടും എരിവും കൂടുതലുള്ളതാകും അകവും പുറവും പൊള്ളും അമ്മ തല്ലാനെടുക്കുന്ന വടി അടിക്കും മുമ്പേ ഒടിയും അച്ഛന്‍ വടി എടുക്കുമ്പോള്‍ അമ്മ ഓടിയെത്തും തടുക്കാനും തല്ല വാങ്ങാനും ‘നീയാണ് വഷളാക്കുന്നത്’ മറുവാക്കില്ലാതെ അമ്മ ഉരുകിയൊലിക്കും കണ്ണീരും ദൈന്യതയും കൊണ്ട് രംഗം തണുപ്പിക്കുന്ന അമ്മയും നിശ്ശബ്ദത പാലിക്കുന്ന അച്ഛനും പരസ്പര ധാരണയുടെ സമവാക്യങ്ങളാണ്.  

സോക്രട്ടീസും ബാലകരും (കവിത): തൊടുപുഴ കെ ശങ്കർ, മുംബൈ

സോക്രട്ടീസെന്ന മഹാനോടൊരു ദിനം വക്രരാം ഏതാനും ബാലകന്മാർ, തെറ്റാതെ അദ്ദേഹം ചൊല്ലും പ്രവചനം തെറ്റുമാകാമെന്നു കാട്ടാനൊരു പക്ഷിയെ കൂപ്പുകൈ ക്കുള്ളിൽ പിടിച്ചുകൊ- ണ്ടക്ഷമരായവർ ചോദിച്ചിദം: “ഏതെൻസിലേവരും മാനിച്ചിടും തത്വ- ചിന്തകനാം പ്രിയ സോക്രട്ടീസേ, ഈ കൈകൾക്കുള്ളിലിരിയ്ക്കുന്നൊരീ പക്ഷി ജീവനുള്ളതോ അതോ ഇല്ലാത്തതോ?” ജീവനുള്ളതെന്നു ചൊന്നാലുടനെയാ ജീവിയെ ഞെക്കി ഞെരിച്ചു കൊല്ലാം! പ്രത്യുത ജീവനില്ലാത്തതെന്നോതിയാ ലപ്പോഴാ ജീവിയെ വാനിൽ പറത്തി വിടാം! ഇത്ഥം നിനച്ചുകൊണ്ടക്ഷമരായവർ ഉത്തരം കേൾപ്പാനായ് കാത്തു നിന്നു! സൂക്ഷ്മവരുടെ കൂപ്പു കൈ നോക്കീട്ടു സോക്രട്ടീസോതിനാൻ ഇപ്രകാരം: “കൃത്യമായ് ചൊന്നാലീ ചോദ്യത്തിനുത്തരം സത്യത്തിൽ നിങ്ങൾ തൻ കൈകളിൽ താൻ! ഉത്തരം കേട്ടിട്ടിളിഭ്യരാം ബാലകർ സത്വരം വന്ന വഴിയ്ക്കു പോയി!

നീര്‍ (കവിത): ജയശങ്കർ പിള്ള

അവസാന നിമിഷം വരെ നീ … എന്നിൽ അലിഞ്ഞു ചേരണം. ജന്മനേരം നാവിൽ ഇറ്റിച്ച ജീവനീരായ്, മനഃശ്ശാന്തിയ്‌ക്കൊരു പുണ്യാഹമായ്, വർത്തമാനത്തിലൊരു ദാഹശമിനിയായ്, മഴയത്തൊരു കുളിരായ്, പേമാരിയിലൊരു പ്രളയമായ്, തീരത്തിനൊരു തിരയായ്, ഭൂമിയ്‌ക്കൊരു ഉരുൾ പൊട്ടലായ്, എൻ വായ്ക്കരിയിലൊരു നീരായ്, അവസാനമെൻ പട്ടടയിലെ, ജീവൻ തുടിയ്ക്കും തൈച്ചെടികൾക്കൊരു ജീവനീരായ്,എന്നുമെന്നിൽ ഇങ്ങനെ ,.. അലിഞ്ഞു ചേരണം…

വിവേകാനന്ദനും സാദ്ധ്വിയും (കവിത)

പരമഹംസാചര്യ ശിഷ്യൻ വിവേകാനന്ദൻ ഭാരത ഖണ്ഡത്തിന്റെസമ്പത്തും സൗഭാഗ്യവും! സംപൂജ്യൻ സമാരാദ്ധ്യൻ അഗാധ പാണ്ഡിത്യത്തിൻ സമ്പുടം സഹർഷം തൻ ശിരസ്സിൽ പേറുന്നവൻ! ആർഷ ഭാരത പരിപാവന സംസ്കാരത്തെ ആഗോള പ്രശസ്തമായ് മാറ്റിയ മഹാരഥൻ! വിജ്ഞാന പ്രദായിയാം ആത്മീയ ഗ്രന്ഥങ്ങളും വിവിധ സൂക്തങ്ങളും പാരിനു സമ്മാനിച്ചോൻ! ഒരുനാളൊരു മാന്യ മഹതി യശസ്വിയാം ഗുരു വിവേകാനന്ദ സ്വാമിയോടിദം ചൊന്നാൾ: “സ്വാമിജീ! സമർത്ഥനാംഅവിടുന്നെനിയ്ക്കൊരു സാത്ത്വിക ഗുണമുള്ള പുത്രനെ തരേണമേ”! സാദ്ധ്വിയാമവളിദം അഞ്ജലി കൂപ്പി ചൊൽകെ സാധുവാം തപോധനൻസ്വാമിജി ചൊന്നാനുടൻ: “ഭവതീ! എന്നിൽ നിന്നും വേണ്ടതുസൽപുത്രനേൽ അവശ്യം നൽകാം തെല്ലും കാല വിളംബമെന്യേ”! “നിശ്ചലമൊരു മാത്ര മിഴികൾ പൂട്ടി മുന്നിൽ നിൽക്കുകിൽ അഭിലാഷം സാധിയ്ക്കും സുനിശ്‌ചയം”! സുസ്മിതം തൂകി വിവേകാനന്ദനിദം ചൊൽകെ വിസ്മയം പ്രതീക്ഷിച്ചാ സ്ത്രീരത്നം നിന്നാൾ ചാരെ! “അക്ഷികൾ തുറന്നിനിയാശങ്കയെന്യേയുടൻ വീക്ഷിയ്ക്ക ജഗദീശൻ തന്നൊരീ വരദാനം! സാത്ത്വിക ഗുണമെഴും സൽപുത്ര നില്ലാദുഃഖം സത്വരം…

വാല്മീകിയും നാമ മഹിമയും

(ധ്യാന ശ്ലോകം) “കൂജന്തംരാമ രാമേതി മധുരം മധുരാക്ഷരം ആരൂഹ്യ കവിതാ ശാഖാം വന്ദേ വാല്മീകി കോകിലം! വാൽമീകേർ മുനി സിംഹസ്യ കവിതാ വന ചാരിണഃ ശ്രുൻവൻ രാമ കഥാ നാദം കോനയാതി പരാം ഗതിം”! (വാല്മീകി ഭഗവാനെപ്പറ്റി) രത്നാകരനെന്നൊരു തസ്കരൻ അമൂല്യമാം രത്നതുല്യനായ് ആദികവിയായ്, വിഖ്യാതനായ്! നാരദരരുൾ ചെയ്ത നാമം താൻ മഹിതമാം നാൾ തോറു മുരുവിട്ടോ രാനാമം,”രാമ രാമ”! ബ്രാഹ്മണ കുടുംബത്തിൽ പിറന്നൊരാബാലനു വ്യാധ സംഘത്തിൻ കൂടെ വളരേണ്ടതായ് വന്നു! സംഗമ സംസർഗ്ഗാദി ദോഷത്താലവനുടെ സഞ്ചാര പഥം തെറ്റി കൊള്ളക്കാരനായ്ത്തീർന്നു! വഴിപോക്കരെയെല്ലാം ഹിംസിച്ചും പീഡിപ്പിച്ചും കഴിച്ചു ദിനരാത്രം കുടുംബം പുലർത്താനായ്! ധർമ്മത്തിൻ അധർമ്മത്തിൻ ഭേദമേയറിയാതെ ധർമ്മ പത്നിയേം പിഞ്ചു മക്കളേം പുലർത്തിനാൻ! ത്രികാലജ്ഞാനിയാം ഋഷി അവനിൽ കണ്ടിരിയ്ക്കാം പിൻ തലമുറയ്ക്കനു യോജ്യനാം ഗുരുവിനെ! ത്രിലോക സഞ്ചാരിയാംനാരദർ നിമിത്തമായ് വിശ്രുതമാകും ശ്രീമദ് വാല്മീകി രാമായണം! കുടുംബം പുലർത്തുവാൻ…

ഇരകൾ (കവിത): ജയശങ്കര്‍ പിള്ള

എന്റെ പ്രിയതമ എനിയ്ക്കായ് പാടിയ ഓരോ വരിയിലും ഓരോ നെരിപ്പോടുകൾ എരിയുന്നതു ഞാൻ കണ്ടു എന്റെ യാത്രാ വീഥികളിൽ എവിടെയോ കളഞ്ഞു പോയൊരാ , സ്വപ്‌നങ്ങൾ,വീണു മുളച്ച സ്പടിക വൃക്ഷങ്ങളിൽ കൂടു കൂട്ടിയ ചെറുകളികളെ പറന്നു കൊത്തിപ്പറിയ്ക്കാൻ വെമ്പുന്ന വാന രാക്ഷസന്മാരെ കണ്ടു പേടിച്ചരണ്ടൊരാ ദിന രാത്രങ്ങൾ നിനക്ക് ഓർമ്മയുണ്ടോ .. അകാല മഹാമാരിയിൽ കടപുഴകിയ വട വൃക്ഷ ചുവട്ടിലെ ചിതൽ പുറ്റുകളിൽ കുടിയിരിയ്ക്കും വിഷസർപ്പങ്ങളും ചിറകറ്റു നിലം പൊത്തിയ വാനമ്പാടികളൂം ഒരുമിച്ചൊരു കുത്തൊഴുക്കിൽ മലയിറങ്ങുന്നതു നോക്കി ആരോ പാടിയൊരു താരാട്ടു പാട്ടൊരു ഗർജ്ജനമായ്. ആഴിയിൽ അലകൾ വല കണ്ണികൾ പൊട്ടിച്ചു തീരത്തെ മണ്ണിനെ ഉപ്പു ചേർത്ത് ഉഴുതു മരിച്ചൊരാ നാളിൽ അവളുടെ ഭ്രൂണ ഹത്യയിൽ പുളകിതരായ ന്യായസിംഹാസന തിരുമുൽപ്പാടുകൾ ഒരിയ്ക്കലും വറ്റാത്ത ഉറവയുള്ളൊരീ മണ്ണിൽ മുഖമമർത്തി കണ്ണുനീരുപ്പു മണ്ണിൽ അലിയിച്ചു ശവം തീനികൾക്കൊരു കാവലാൾ ആയി…

തപ്തമാനസം (കവിത): അബൂതി

പ്രാണനിൽ പ്രാണനായ് കണ്ടിട്ടും പ്രഗതസ്വപ്നങ്ങളെല്ലാമിന്നിതാ, പരാഗരേണുക്കളെന്നേ നഷ്ടമായ്, പരിമളം കാറ്റിലലിത്തുപോയ, പണ്ടേ വാടിയ പൂക്കളായ് മാറി! പാഴ്മനസ്സിലവ ശലഭങ്ങളണയാതെ, പൊഴിയാനൊരു നിമിഷത്തിൻറെ പ്രിയവരം തേടുന്നു നിത്യവും! അകമേ ജ്വലിക്കുന്ന ചൂളപോൽ ആരുമറിയാതെ വേവുന്ന മനം. ആർത്തിരമ്പിയ കാലവർഷത്തിലും അണയാതെ നിൽക്കുന്ന ദാഹം. ആരും കേൾക്കാതൊടുങ്ങിയ ആർദ്രമായൊരായിരം വാക്കുകൾ. അൻപ് തേടിത്തളർന്ന കിനാക്കൾ ആരുമറിയാതെ തേങ്ങുകയായി! വാക്കുകൾ കടമെടുത്ത ജീവിതം, വരവർണ്ണങ്ങൾ ചമച്ച കവിതയിൽ, വിരഹത്തിൻറെ നൂലിഴ തുന്നി, വിമൂകം പാടുന്നു മൗനദുഃഖങ്ങൾ! വാത്സല്യം മധുപുരട്ടിയ ബാല്യം വരം തേടുന്ന പാഴ്ക്കിനാവ് പോൽ, വിസ്മൃതിയിലാണ്ടു പോകുവാൻ വൃഥാ മോഹിക്കുന്നോർമ്മകൾ! നിർല്ലജ്ജയാം ദീർഘമാം രാത്രിയിൽ, നിദ്രാടനത്തിൻറെയിടുക്കുപാതയിൽ, നിണമുതിർന്ന നഗ്ന പാദങ്ങളൂന്നി, നിലയ്ക്കാത്ത യാത്രയായ് ചിത്തം! നാലഞ്ചിളം താരകങ്ങൾ മാത്രം നനുനനെ മിന്നുമീ നാട്ടുവെട്ടത്തിൽ നല്ലൊരു പുലരിയെ തേടുകയല്ലോ നിശയിലുറങ്ങാത്ത തപ്തമാനസം! വെട്ടിയും തിരുത്തിയുമാരോ രചിച്ച വരികളിൽ തേങ്ങിത്തളർന്നൊരീ വിഷാദ വീണയുടെ…