മികച്ച വികലാംഗര്‍ക്കുള്ള കര്‍മ്മസേനാനി അവാര്‍ഡിന് ദിസ്എബിലിറ്റി മിഷന്‍ കേരള അപേക്ഷ ക്ഷണിച്ചു

പൊതുപ്രവര്‍ത്തന രംഗത്ത് മികവു തെളിയിച്ചിട്ടുള്ളവരും വൈകല്യദുരിതം പേറുന്നവരുടെ ശാക്തീകരണത്തിനുവേണ്ടി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നവരുമായ വികലാംഗര്‍ക്ക് അവരുടെ പ്രവര്‍ത്തന മികവ് അടിസ്ഥാനപ്പെടുത്തി ദിസ്എബിലിറ്റി മിഷന്‍ കേരള നല്‍കുന്ന കര്‍മ്മസേനാനി സംസ്ഥാന അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ ഈമാസം 28-നു മുമ്പ് സമര്‍പ്പിക്കണം. ഏറെക്കാലമായി ഈ രംഗത്ത് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നവരേയും മറ്റ് അവാര്‍ഡുകള്‍ വാങ്ങിയവരേയും പരിഗണിക്കുന്നതാണ്. ദിസ്എബിലിറ്റി മിഷന്‍ കേരള ചുമതലപ്പെടുത്തുന്ന വിദഗ്ധ സമിതിയായിരിക്കും അവാര്‍ഡിനുള്ള വ്യക്തികളെ നിശ്ചയിക്കുന്നത്. അന്തരിച്ച പ്രശസ്ത നടന്‍ സത്യന്റെ മകന്‍ സതീഷ് സത്യനായിരുന്നു കഴിഞ്ഞവര്‍ഷത്തെ അവാര്‍ഡ്. 10001 രൂപ, മൊമെന്റോ, സാക്ഷ്യപത്രം, ഗിഫ്റ്റ്, പൊന്നാട എന്നിവ അടങ്ങുന്നതാണ് അവാര്‍ഡ്. ഇത്തവണത്തെ അവാര്‍ഡ് ദിസ്എബിലിറ്റി മിഷന്‍ കേരള വികലാംഗര്‍ക്കുവേണ്ടി സംഘടിപ്പിക്കുന്ന “ഭാരതപര്യടന’ത്തോടനുബന്ധിച്ച് നവംബറില്‍ പഞ്ചാബില്‍ വച്ചായിരിക്കും വിതരണം ചെയ്യുന്നത്. രേഖകളും, ഫോട്ടോകളും സമര്‍പ്പിക്കാനുള്ള വിവരങ്ങള്‍ thisabilitymk@gmail.com-ലോ 94955 49450 എന്ന മൊബൈല്‍ നമ്പരിലോ ലഭിക്കുന്നതാണ്. ചെയര്‍മാന്‍ എഫ്.എം. ലാസര്‍, വൈസ്…

ചിക്കാഗോ മലയാളികള്‍ക്ക് ഫോമായുടെ മോളിവുഡ്-ജോളിവുഡ് താരസംഗമം

ചിക്കാഗോ: ഫോമായുടെ നിയുക്ത പ്രസിഡന്റ് ബെന്നി വാച്ചാച്ചിറയുടെ സ്വന്തം നാടായ ചിക്കാഗോയില്‍ വെച്ച് നടത്തപ്പെടുന്ന ഫോമായുടെ 2016-18 കാലഘട്ടത്തിലേക്കുള്ള ഭരണസമിതിയുടെ പ്രവര്‍ത്തനോദ്ഘാടനത്തോട് അനുബന്ധിച്ചു നടത്തുന്ന താരനിശയിലാണ്, തെന്നിന്ത്യയിലെ പ്രശസ്ത നടീനടന്മാര്‍ പങ്കെടുക്കുന്നത്. കഴിഞ്ഞ ജൂലൈ 7 മുതല്‍ 10 വരെ, ഫ്ലോറിഡയിലെ മയാമിയിൽ വച്ച് നടന്ന അഞ്ചാമത് അന്താരാഷ്ട്ര കണ്‍വന്‍ഷനില്‍ വച്ച് ഫോമായുടെ ദേശീയ ഭരണസമിതിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട നേതാക്കളുടെ സ്ഥാനാരോഹണത്തിന്റെ ഭാഗമായുള്ള പ്രതിജ്ഞയെടുപ്പും താരനിശയോടൊപ്പം നടത്തപ്പെടും. ഫോമായുടെ ചരിത്രത്തില്‍ തന്നെ ആദ്യമായിട്ടാണ് നൂറു കണക്കിനാളുളെ സാക്ഷി നിറുത്തി പ്രവര്‍ത്തനോദ്ഘാടനം നടത്തുന്നത്. തെന്നിന്ത്യയിലെ പ്രശസ്ത നടനും, അന്തരിച്ച നടന്‍ സുകുമാരന്റെ മകനുമായ ഇന്ദ്രജിത്ത് സുകുമാരന്‍, തെന്നിന്ത്യന്‍ താരസുന്ദരി മമ്ത മോഹന്‍ദാസ്, ഹാസ്യ സാമ്രാട്ട് സുരാജ് വെഞ്ഞാറമ്മൂട്, നീരജ് മാധവന്‍, ബഡായി ബംഗ്ലാവ് ഫെയിം ആര്യ, കൊമേഡിയന്‍ സിറാജ് പൈയ്യോളി, ഉല്ലാസ് പന്തളം തുടങ്ങി മലയാളത്തിലെ ഒട്ടനവധി പ്രമുഖ അഭിനേതാക്കള്‍…

പുഴുക്കളുള്ള ചോക്ളേറ്റ് കഴിച്ച വിദ്യാര്‍ഥി ആശുപത്രിയില്‍

മലപ്പുറം: പുഴുക്കളുള്ള ചോക്ളേറ്റ് കഴിച്ച വിദ്യാര്‍ഥി അസ്വസ്ഥതയനുഭവപ്പെട്ട് ആശുപത്രിയില്‍. കുണ്ടുതോട് കൊളപ്പാട് പാറക്കല്‍ ജയചന്ദ്രന്‍െറ മകന്‍ അബിനെയാണ് (12) മഞ്ചേരി മെഡിക്കല്‍ കോളജാശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ശനിയാഴ്ച വൈകീട്ട് നാലോടെയാണ് അബിനും കൂട്ടുകാരും കൊളപ്പാട്ടെ കടയില്‍ നിന്ന് ചോക്ളേറ്റ് വാങ്ങിയത്. പകുതിയോളം കഴിച്ച ശേഷമാണ് പുഴുക്കളെ കണ്ടത്. തുടര്‍ന്ന് കൂട്ടുകാരുടെ കൈയിലുള്ള ചോക്ളേറ്റ് പരിശോധിച്ചപ്പോള്‍ അതിലും പുഴുക്കളെ കണ്ടത്തെി. വൈകുന്നേരത്തോടെ തലകറക്കവും അസ്വസ്ഥതയുമനുഭവപ്പെട്ടതോടെ അബിനെ ആദ്യം എടവണ്ണയിലെ സ്വകാര്യാശുപത്രിയിലും പിന്നീട് മെഡിക്കല്‍ കോളജാശുപത്രിയിലും പ്രവേശിപ്പിച്ചു. കുണ്ടുതോട് എ.എം.എ.യു.പി സ്കൂള്‍ ഏഴാം ക്ളാസ് വിദ്യാര്‍ഥിയാണ് അബിന്‍. ചോക്ളേറ്റ് കമ്പനിക്കെതിരെ നിയമനടപടിയുമായി മുന്നോട്ടു പോവുമെന്ന് ബന്ധുക്കള്‍ പറഞ്ഞു.

വീട് വാടകക്കെടുത്ത് പെണ്‍വാണിഭം; ദമ്പതികളടക്കം അഞ്ചുപേര്‍ പിടിയില്‍

അങ്കമാലി: ഭാര്യയെയും കൂട്ടുകാരിയെയും ഉപയോഗപ്പെടുത്തി പെണ്‍വാണിഭം നടത്തിവന്നയാളും സംഘവും പൊലീസിന്‍െറ പിടിയിലായി. രണ്ട് സ്ത്രീകളടക്കം അഞ്ചുപേരാണ് വലയിലായത്. അങ്കമാലി മഞ്ഞപ്ര സ്വദേശി ജസിന്‍ (40), ഇയാളുടെ ഭാര്യ സിബി (30), സിബിയുടെ കൂട്ടുകാരി കാക്കനാട് എന്‍.ജി.ഒ ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന അനിത (27), കൊടുങ്ങല്ലൂര്‍ സ്വദേശികളായ അജിത് (26), ദീപു (26) എന്നിവരാണ് സംഘത്തില്‍ ഉണ്ടായിരുന്നത്. അടുവാശേരി സ്വദേശി ഷനൂബിന്‍െറ ഉടമസ്ഥതയിലുള്ള പറമ്പുശേരിയിലെ വീട് വാടകക്കെടുത്താണ് സംഘം പ്രവര്‍ത്തിച്ചത്. രണ്ടുമാസം മുമ്പാണ് ഇവര്‍ വീട് വാടകക്കെടുത്തത്. അരിപ്പൊടി ബിസിനസിനുവേണ്ടിയാണ് വാടകക്കെടുക്കുന്നതെന്നായിരുന്നു ജസിന്‍ പറഞ്ഞത്. പിടിയിലായ അജിത്തും ദീപുവും ഇടപാടുകാരായി ഇവിടെ എത്തിയവരാണ്. ജസിന്‍െറ ഭാര്യ സിബിയുടെ നഗ്നചിത്രങ്ങള്‍ വാട്ട്സ്ആപ് വഴി അയച്ചുകൊടുത്താണ് ഇയാള്‍ ഇടപാടുകാരെ കണ്ടെത്തിയിരുന്നത്. പറമ്പുശേരിയിലെ വീട്ടില്‍ നിരന്തരം സ്ത്രീകളും പുരുഷന്മാരും വന്നുപോകുന്നതായി വിവരം ലഭിച്ചത്തിന്‍െറ അടിസ്ഥാനത്തില്‍ ദിവസങ്ങളായി വീട് പൊലീസ് നിരീക്ഷണത്തിലായിരുന്നു.

പൊലീസ് കസ്റ്റഡിയിലുള്ളയാള്‍ വിഷം ഉള്ളില്‍ചെന്ന് മരിച്ചു

പാലക്കാട്: പൊലീസ് കസ്റ്റഡിയിലെടുത്ത പ്രതി വിഷം ഉള്ളില്‍ചെന്ന് മരിച്ചു. കൊടുവായൂര്‍ കാക്കയൂര്‍ ചുടലപൊറ്റ രവിയാണ് (46) മരിച്ചത്. ജില്ലാ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ വെള്ളിയാഴ്ച രാത്രി 11ഓടെയാണ് രവി മരിച്ചത്. സ്ത്രീയെ അപമാനിച്ചെന്നായിരുന്നു ഇയാള്‍ക്കെതിരായ പരാതി. സെപ്റ്റംബര്‍ 12ന് നടന്ന സംഭവവുമായി ബന്ധപ്പെട്ട് 14നാണ് സ്ത്രീ പുതുനഗരം പൊലീസില്‍ പരാതിപ്പെട്ടത്. ഒരാഴ്ചയിലധികം മുങ്ങിനടന്ന രവിയെ കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചക്ക് 12.15ഓടെയാണ് കോട്ടമലയില്‍ പൊലീസ് പിടികൂടിയത്. 12.30ഓടെ സ്റ്റേഷനിലെത്തിച്ച പ്രതിയെ ഉച്ചക്ക് ഒന്നോടെ പൊലീസ് ചിറ്റൂര്‍ ഗവ. താലൂക്ക് ആശുപത്രിയിലെത്തിച്ച് വൈദ്യപരിശോധനക്ക് വിധേയമാക്കി. ഈ സമയം കുഴപ്പമൊന്നുമില്ലെന്നാണ് ഡോക്ടര്‍ റിപ്പോര്‍ട്ട് ചെയ്തതെന്ന് പൊലീസ് പറയുന്നു. പിന്നീട് സ്റ്റേഷനില്‍ തിരിച്ചെത്തിയപ്പോഴേക്കും ഇയാള്‍ ഛര്‍ദ്ദിക്കാന്‍ തുടങ്ങി. ഇതേതുടര്‍ന്ന് വീണ്ടും പ്രാഥമിക ചികിത്സ നല്‍കി. ഉടന്‍ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. വിഷക്കായ കഴിച്ചതായി ചികിത്സിച്ച ഡോക്ടറോട് ഇയാള്‍ പറഞ്ഞിരുന്നുവത്രെ.

സ്വപ്നനഗരിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഞായറാഴ്ച ഓണസദ്യ

കോഴിക്കോട്: സ്വപ്നനഗരിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഞായറാഴ്ച ഓണസദ്യ. കേരളീയ വിഭവങ്ങള്‍ അടങ്ങിയ സദ്യ ഒരുക്കുന്നത് പാചക വിദഗ്ധന്‍ പഴയിടം മോഹനന്‍ നമ്പൂതിരി. 2500 പേര്‍ക്ക് ദേശീയ കൗണ്‍സില്‍ സംഘാടക സമിതി സദ്യ ഒരുക്കുന്നുണ്ട്. സാമ്പാര്‍, അവിയല്‍, കൂട്ടുകറി, തോരന്‍, പച്ചടി, കിച്ചടി തുടങ്ങി ഇരുപത്തഞ്ചോളം വിഭവങ്ങള്‍. മോദിക്ക് പ്രത്യേകമായി 17 നാടന്‍ വിഭവങ്ങള്‍ വേറെയും. ഉത്തരേന്ത്യന്‍ വിഭവങ്ങളായ പാലക് പനീര്‍, പനീര്‍ ബട്ടര്‍ മസാല, ആലു ഗോബി തുടങ്ങിയവയും സമ്മേളന പ്രതിനിധികള്‍ക്ക് ലഭിക്കും. പാലട പ്രഥമനും പഴപ്രഥമനും സദ്യയിലുണ്ട്. സമ്മേളന നഗരിയില്‍ 1500 പേര്‍ക്ക് ഇരുന്നു കഴിക്കാവുന്ന ഊട്ടുപുരയുണ്ട്. ബഫേ സംവിധാനവും ഏര്‍പ്പെടുത്തും. ജൈവ പച്ചക്കറിയാണ് സദ്യക്ക് ഉപയോഗിക്കുന്നത്. പാലക്കാട് എലവഞ്ചേരിയില്‍നിന്ന് മൂന്നു ടണ്‍ പച്ചക്കറിയാണ് എത്തിച്ചത്. വയനാട്ടില്‍നിന്ന് വാഴയിലയും. കാപ്പിയും തേയിലയും സുഗന്ധ ദ്രവ്യങ്ങളും ഇടുക്കിയില്‍നിന്നാണ് കൊണ്ടുവന്നത്. ശനിയാഴ്ച ഉച്ച മുതല്‍ മുഴുവന്‍ സമയവും…

ആശുപത്രി അധികൃതര്‍ ആംബുലന്‍സ് നല്‍കിയില്ല; പിതാവിന്റെ മൃതദേഹം ഉന്തുവണ്ടിയില്‍ തള്ളിക്കൊണ്ട് മകന്‍

പിലിഭിത്ത്: ആംബുലന്‍സ് കിട്ടാത്തതിനെ തുടര്‍ന്ന് ഒഡിഷയില്‍ ഭര്‍ത്താവ് ഭാര്യയുടെ മൃതദേഹം തോളിലേറ്റി 10 കി. മീറ്റര്‍ നടന്ന വാര്‍ത്തകള്‍ക്കും ആശുപത്രി അധികൃതര്‍ ചികിത്സ നിഷേധിച്ചതിനെ തുടര്‍ന്ന് അച്ഛന്‍റെ തോളില്‍ കിടന്ന് മരിച്ച 12കാരന്‍റെ വാര്‍ത്തകള്‍ക്കും പിന്നാലെ മനസാക്ഷിയെ ഞെട്ടിച്ച് വീണ്ടും അവഗണനയുടെ വാര്‍ത്ത. ഉത്തര്‍പ്രദേശിലെ പിലിഭിത്തില്‍ ആശുപത്രിയില്‍ മരിച്ച പിതാവിന്‍െറ ശരീരം യുവാവിന് ഉന്തുവണ്ടിയില്‍ തള്ളിക്കൊണ്ടുപോകേണ്ടിവന്നു. ആശുപത്രിക്കാര്‍ വണ്ടി നല്‍കാത്തതിനാല്‍ 70 കാരനായ തുളസീറാമിന്‍െറ മൃതദേഹം മകന്‍ സൂരജ് ഉന്തുവണ്ടിയില്‍ തള്ളിക്കൊണ്ടുപോകുന്ന ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ സജീവചര്‍ച്ചയായി. പിലിഭിത്തിലെ ജില്ലാ ആശുപത്രിയിലാണ് തുളസീറാം മരിച്ചത്. ആശുപത്രി അധികൃതര്‍ ആംബുലന്‍സ് നിഷേധിച്ചതിനെ തുടര്‍ന്ന് യുവാവ് അച്ഛന്‍റെ മൃതദേഹം കൈവണ്ടിയില്‍ കൊണ്ടുപോയതായി പരാതി. സൂരജിന്‍റെ പിതാവ് തുളസീരാമിനെ രാവിലെ എട്ടുമണിയോടെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ ഡോക്റ്റര്‍ മറ്റൊരു രോഗിയെ പരിശോധിക്കുന്നതിനാല്‍ കാത്തു നില്‍ക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. 9.40 ഓടെയാണ് തുളസീരാമിനെ അഡ്മിറ്റ് ചെയ്തത്.…

ബി.ജെ.പി റാലിക്ക് കോഴിക്കോട് കടപ്പുറം ജനസമുദ്രമായി

കോഴിക്കോട്: പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്ത പൊതുസമ്മേളനത്തിനും റാലിക്കും പതിനായിരങ്ങള്‍. പ്രധാനമന്ത്രി നരേന്ദ്രമോദിയും പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷായുമടങ്ങിയ ദേശീയ നേതൃനിരയുടെ മുന്നില്‍ പാര്‍ട്ടിയുടെ കരുത്തുകാട്ടാന്‍ അണികള്‍ ഒഴുകിയെത്തി. ശക്തിപ്രകടനത്തിന് മലബാറിലെ ആറു ജില്ലകളിലെ സ്ത്രീകളും കുട്ടികളുമടക്കമുള്ള പ്രവര്‍ത്തകര്‍ അണിനിരന്നു. വൈകുന്നേരം 4.40 ന് എത്തുമെന്ന് പറഞ്ഞിരുന്ന പ്രധാനമന്ത്രിയെ കാത്ത് ഉച്ചക്ക് ഒന്നോടെ തന്നെ കടപ്പുറത്ത് പ്രവര്‍ത്തകര്‍ വന്നുതുടങ്ങിയിരുന്നു. നിശ്ചിത സമയം കഴിഞ്ഞ് വൈകുന്നേരം അഞ്ചിന് ശേഷം മോദി സ്റ്റേജില്‍ കയറിയതോടെ കടപ്പുറം ഇളകി മറിയുന്ന മനുഷ്യക്കടലായി. മോദിയുടെ പ്രസംഗം രാത്രി ഏഴോടെ തീരുവോളം സദസ് സശ്രദ്ധം കേട്ടിരുന്നു. പ്രധാനമന്ത്രിയുടെ ചലനങ്ങള്‍ക്കും പരിഭാഷകന്‍ വി.മുരളീധരന്‍െറ വാക്കുകള്‍ക്കുമനുസരിച്ച് ജനക്കൂട്ടം ഓരോമിനിറ്റിലും ഭാരതമാതാവിനും മോദിക്കും ജയ് വിളികളുയര്‍ത്തി.

100 കോടികൂടി മുടക്കി മുസ്രിസ് പദ്ധതി നവീകരിക്കും

കൊച്ചി: 100 കോടി രൂപകൂടി മുടക്കി മുസ്രിസ് പദ്ധതി നവീകരിക്കുമെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക്, ടൂറിസം മന്ത്രി എ.സി. മൊയ്തീന്‍ എന്നിവര്‍ അറിയിച്ചു. പദ്ധതിയുടെ ഭാഗമായി നിലവില്‍ പൂര്‍ത്തിയായ മ്യൂസിയങ്ങള്‍ പുനഃസംവിധാനം ചെയ്യുന്നതിന് പുറമെ, പണി പൂര്‍ത്തിയാകാനുള്ള മ്യൂസിയങ്ങളും ഉടന്‍ പൂര്‍ത്തിയാക്കും. 50 കോടി മുടക്കി മാരിടൈം മ്യൂസിയവും നിര്‍മിക്കും. ഇതിനായി പറവൂര്‍ പട്ടണം പ്രദേശത്ത് സ്ഥലം കണ്ടുവെച്ചിട്ടുണ്ട്. പറവൂര്‍, കോട്ടപ്പുറം ചന്തകള്‍ പുരാതന രീതിയില്‍ പുനരാവിഷ്കരിക്കും. മുസ്രിസ് പദ്ധതിയുടെ വിവിധ പ്രദേശങ്ങള്‍ ഡച്ച് അംബാസഡര്‍ക്കൊപ്പം സന്ദര്‍ശിച്ചശേഷം ബോള്‍ഗാട്ടി പാലസില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ഇരുവരും. നിലവില്‍ മുസ്രിസ് പദ്ധതിക്കായി 100 കോടി രൂപയാണ് മുടക്കിയിട്ടുള്ളത്. കഴിഞ്ഞ ഇടതു സര്‍ക്കാറിന്‍െറ കാലത്താണ് പദ്ധതി ആവിഷ്കരിച്ചത്. എന്നാല്‍, കഴിഞ്ഞ അഞ്ചുവര്‍ഷം പല കാരണങ്ങളാല്‍ പദ്ധതി മന്ദഗതിയിലായിരുന്നു. ജനകീയത നഷ്ടപ്പെടുകയും പ്രമുഖ ചരിത്രകാരന്മാരെ പദ്ധതിയില്‍നിന്ന് അകറ്റുകയും ചെയ്തു. ഈ ജനകീയത…

മന്ത്രി കെ.കെ. ശൈലജക്കുനേരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടികാട്ടി

കണ്ണൂര്‍: സ്വാശ്രയപ്രവേശം അട്ടിമറിക്കാന്‍ ശ്രമിച്ചുവെന്നാരോപിച്ച് മന്ത്രി കെ.കെ. ശൈലജക്കുനേരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടികാട്ടി. യൂത്ത് കോണ്‍ഗ്രസ് കണ്ണൂര്‍ മണ്ഡലം പ്രസിഡന്‍റ് റിജില്‍ മാക്കുറ്റി ഉള്‍പ്പെടെ 10 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. എല്‍.ഡി.എഫ് സര്‍ക്കാറിന്‍െറ നൂറുദിന ആഘോഷപരിപാടിയുടെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിക്കാന്‍ മുനിസിപ്പല്‍ സ്കൂളില്‍ എത്തിയപ്പോഴാണ് മന്ത്രിക്കുനേരെ പ്രതിഷേധം അരങ്ങേറിയത്. സ്കൂള്‍ ഹാളില്‍ പത്രഫോട്ടോഗ്രാഫര്‍മാര്‍ സംഘടിപ്പിച്ച ചിത്രപ്രദര്‍ശനം സന്ദര്‍ശിക്കുന്നതിനിടയിലാണ് മുദ്രാവാക്യം വിളികളുമായി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചാടിവീണത്. പ്രവര്‍ത്തകര്‍ മന്ത്രിക്കുനേരെ ഇരച്ചുകയറിയതോടെ പൊലീസുകാര്‍ ബലംപ്രയോഗിച്ച് സമരക്കാരെ നീക്കി. ചിലര്‍ക്കുനേരെ ലാത്തി പ്രയോഗിക്കുകയും ചെയ്തു. ടൗണ്‍ സ്റ്റേഷനില്‍നിന്ന് കൂടുതല്‍ പൊലീസുകാരത്തെി സമരക്കാരെ സ്റ്റേഷനിലേക്ക് മാറ്റി. മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി, ജെയിംസ് മാത്യു എം.എല്‍.എ, കോര്‍പറേഷന്‍ മേയര്‍ ഇ.പി. ലത, ജില്ലാപഞ്ചായത്ത് പ്രസിഡന്‍റ് കെ.വി. സുമേഷ് എന്നിവരും കെ.കെ. ശൈലജക്കൊപ്പമുണ്ടായിരുന്നു.