ന്യൂദല്‍ഹി: ഐക്യരാഷ്ട്ര സഭയുടെ മനുഷ്യ വികസന സൂചികയില്‍ ഇന്ത്യയുടെ സ്ഥാനം 135. 2014ലെ മനുഷ്യ വികസന റിപ്പോര്‍ട്ടിലാണ് ഈ വിവരം. മനുഷ്യന്‍െറ ആയുസ്സ്, വിദ്യാഭ്യാസ നിലവാരം, വരുമാനം എന്നീ മാനദണ്ഡങ്ങളില്‍ ഇന്ത്യക്ക് കാര്യമായ ഇടിവുസംഭവിച്ചതായി റിപ്പോര്‍ട്ട് പറയുന്നു.
ലോകവ്യാപകമായി 43 ശതമാനം കുട്ടികള്‍ പ്രാഥമിക വിദ്യാഭ്യാസം പാതിവഴിയില്‍ അവസാനിപ്പിക്കുകയാണ്. ഏഷ്യയില്‍ മനുഷ്യായുസ്സിന്‍െറ വളര്‍ച്ചയിലും കുറവുണ്ടായിട്ടുണ്ട്. ആഫ്രിക്കയില്‍ ശിശുമരണ നിരക്കിന്‍െറ കാര്യത്തില്‍ പുരോഗതിയുണ്ടായി.
മനുഷ്യ വികസന സൂചികയില്‍ ഏറ്റവുമുയര്‍ന്ന തലത്തില്‍ നില്‍ക്കുന്നത് നോര്‍വേ, ആസ്ട്രേലിയ, സ്വിറ്റ്സര്‍ലന്‍ഡ്, നെതര്‍ലന്‍ഡ്സ്, അമേരിക്ക എന്നീ രാഷ്ട്രങ്ങളാണ്. ഏറ്റവും പിന്നില്‍ നൈജര്‍, ഡെമോക്രാറ്റിക് റിപ്പബ്ളിക് ഓഫ് കോംഗോ, മധ്യ ആഫ്രിക്കന്‍ റിപ്പബ്ളിക്, ചാഡ്, സിയറ ലിയോണ്‍ എന്നിവയാണ്. ഇടത്തരം വികസനരാഷ്ട്രങ്ങളായ ഈജിപ്ത്, ദക്ഷിണാഫ്രിക്ക, മംഗോളിയ, ഫിലിപ്പീന്‍സ്, ഇന്തോനേഷ്യ എന്നിവക്കൊപ്പമാണ് ഇന്ത്യയുടെ സ്ഥാനം.
അയല്രാഷ്ട്രങ്ങളില് ഭൂട്ടാനും ബംഗ്ളാദേശും ഇന്ത്യക്കൊപ്പമുണ്ട്. പാകിസ്താന് 146 ഉം നേപ്പാളിന് 145 മാണ് സ്ഥാനം. മന്ദവികസന രാജ്യങ്ങളുടെ വിഭാഗത്തില്‍പെടുന്നു ഈ രാജ്യങ്ങള്‍. ഉയര്‍ന്ന വികസന വിഭാഗത്തിലാണ് ശ്രീലങ്ക. സൂചികയില്‍ 73 ആണ് ശ്രീലങ്കയുടെ പദവി. 1990നുശേഷം ഇന്ത്യയില്‍ മനുഷ്യായുസ്സിന്‍െറ വളര്‍ച്ചയില്‍ 7.9 വര്‍ഷങ്ങളുടെ പുരോഗതിയുണ്ട്.
Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news