Flash News

പുതുമയുടെ കാവല്‍ക്കാരന്‍ (ചെറുകഥ – കൃഷ്ണ)

July 26, 2014 , കൃഷ്ണ

banner5-1

“ഒരത്ഭുതത്തിനു മാത്രമേ ഇനി നിങ്ങളുടെ ഭര്‍ത്താവിനെ രക്ഷിക്കാനാകൂ.”

ഡോക്റ്ററുടെ വാക്കുകള്‍ അവളുടെ എല്ലാ പ്രതീക്ഷയും തകര്‍ത്തു. മുന്നോട്ടു ചിന്തിക്കാന്‍ പോലുമാകാതെ അവള്‍ തറയില്‍ തളര്‍ന്നിരുന്നു. പിന്നെയെപ്പോഴോ തേങ്ങലുകള്‍ ഒന്നടങ്ങിയപ്പോള്‍ അവളുടെ മനസ്സില്‍ ചിന്തകള്‍ പുനര്‍ജ്ജനിച്ചു.

തന്നെപ്പറ്റിയും തന്‍റെ കുഞ്ഞിനെപ്പറ്റിയും മരണക്കിടക്കയിലുള്ള ഭര്‍ത്താവിനെപ്പറ്റിയും അവള്‍ ഓര്‍ത്തു. കഴിഞ്ഞുപോയ നാളുകള്‍ വീണ്ടും ഓര്‍മ്മകളിലെത്തിയപ്പോള്‍ തങ്ങളുടെ ബന്ധത്തെപ്പറ്റി അവള്‍ ചിന്തിച്ചു.

അദ്ദേഹത്തെ താന്‍ സ്നേഹിക്കുന്നുണ്ടെങ്കിലും ഇപ്പോള്‍ മനസ്സിലുള്ളത് സഹതാപമാണ്. തന്‍റെ ഉദരത്തിലുള്ള കുഞ്ഞിനോടു തോന്നുന്നതും സഹതാപമാണെന്നും യഥാര്‍ത്ഥത്തില്‍ താന്‍ ദുഖിക്കുന്നത് തനിക്കുവേണ്ടി മാത്രമാണെന്നും അവള്‍ അറിഞ്ഞു. ഭര്‍ത്താവ്‌ നഷ്ടപ്പെടുന്നതിലേറെ മറ്റെന്തോ ആയിരുന്നു അതിന്‍റെ കാരണം. പക്ഷെ അതെന്താണെന്ന് തിരിച്ചറിയാന്‍ അവള്‍ക്കു കഴിഞ്ഞില്ല. പക്ഷെ അതിനെല്ലാം ഉപരിയായി നിന്നത് ഒരല്‍പം മനഃസമാധാനത്തിനു വേണ്ടിയുള്ള ഉല്‍ക്കടമായ ആഗ്രഹമാണ്.

ആഹാരം പാകം ചെയ്യാനും കഴിയ്ക്കാനും മറന്ന അവള്‍ യാതൊന്നും ചെയ്യാനില്ലാതെ ആ തറയില്‍ കിടന്നു. രോഗിയാകട്ടെ, മരുന്നിനും ആഹാരത്തിനും ജലത്തിനുപോലും എത്താവുന്നതിനപ്പുറമായിരുന്നു. അന്ന് രാവിലെ മുതല്‍ വായു മാത്രമായിരുന്നു അയാളുടെ ആഹാരം. അയാളുടെ തൊണ്ടയില്‍നിന്നും ഒരു തകര്‍ന്ന ഓടക്കുഴലില്‍ നിന്നെന്നവണ്ണം പുറത്തേക്കു വന്നിരുന്ന ശബ്ദങ്ങള്‍ അവളുടെ ചിന്തയിലും കണ്ണുനീരിലും കലര്‍ന്നു.

മനസ്സ്‌ തികച്ചും അശാന്തമായിരുന്നെങ്കിലും വൈകുന്നേരത്തോടെ അവള്‍ എഴുന്നേറ്റു. സൂര്യപ്രകാശം ഏറ്റു ചെറുചൂടോടെയിരുന്ന വെള്ളം അവളുടെ തളര്‍ന്ന ശരീരത്തിന് ഒരു പുതുജീവന്‍ നല്‍കി. ഒരത്ഭുതത്തിനായുള്ള അന്വേഷണം ആരംഭിക്കാന്‍ അവള്‍ തീര്‍ച്ചയാക്കി.

ആ ചിന്ത അവളെ ക്ഷേത്രത്തിലേക്കു നയിച്ചു. പക്ഷെ അവിടുത്തെ ആള്‍ത്തിരക്കില്‍ ശ്രീകോവിലിനുള്ളിലേക്ക് ഒന്നെത്തിനോക്കാന്‍ പോലും അവള്‍ക്ക്‌ കഴിഞ്ഞില്ല. എല്ലാവരും വഴിപാടുകളുടെ പേരില്‍ പണം നല്‍കി ദേവനെ പ്രീതിപ്പെടുത്താനുള്ള ശ്രമത്തിലായിരുന്നു. പണത്തിന്‍റെ ഒഴുക്കായിരുന്നു അവിടെ. അവളുടെ കയ്യില്‍ പണം ഒന്നും ഉണ്ടായിരുന്നതുമില്ല.

നിരാശയോടെ അവള്‍ തിരികെ നടന്നു.

വീട്ടിലേക്കുള്ള ഇടവഴി വിജനമായിരുന്നു. സൂര്യന്‍ അസ്തമിച്ചുകഴിഞ്ഞിരുന്നു. സുഗന്ധവാഹിയായ തണുത്തകാറ്റ് അവളുടെ ചുറ്റും ഓടിപ്പാഞ്ഞ് അവളെ ഇക്കിളികൂട്ടുകയും എല്ലാ ദുഃഖങ്ങളും മറക്കാന്‍ നിര്‍ബന്ധിക്കുകയും ചെയ്തുകൊണ്ടിരുന്നു. മുകളില്‍ അവള്‍ക്കു വഴികാണിക്കാനായി ചന്ദ്രന്‍ പ്രകാശിച്ചുനിന്നു. പ്രകൃതിയുടെ സൌന്ദര്യം കാണാനും അത് മാത്രമാണ് യാഥാര്‍ത്ഥ്യം എന്ന് തിരിച്ചറിയാനും അവളെ നിര്‍ബന്ധിക്കുന്നതുപോലെ ചെറിയ പക്ഷികള്‍ ഇടയ്ക്കിടെ ചിലച്ചുകൊണ്ടിരുന്നു. ഏതോ ഒരു ഇഴജന്തു താഴെവീണുകിടന്ന ഇലകളുടെ മുകളിലൂടെ പാഞ്ഞുപോയ ശബ്ദം അവളെ ഭയപ്പെടുത്തി. പക്ഷെ ഭയവും ദുഃഖങ്ങളും എല്ലാം താല്‍ക്കാലികമാണെന്നും അവ അകന്നുപോകുകതന്നെ ചെയ്യുമെന്നും അവളെ മനസ്സിലാക്കാനെന്നപോലെ ആ ശബ്ദം പതുക്കെ നിലച്ചു.

അവള്‍ വീട്ടിലെത്തിയപ്പോള്‍ രോഗി നല്ല ഉറക്കമായിരുന്നു. സാധാരണനിലയിലായിരുന്നു അപ്പോള്‍ അയാളുടെ ശ്വാസഗതി. അല്‍പ്പനേരത്തിനുശേഷം അയാള്‍ ഉണര്‍ന്നെന്നുതോന്നിയപ്പോള്‍ കുറച്ചു പഴച്ചാറ്‌ അയാള്‍ക്ക്‌ കൊടുക്കാന്‍ അവള്‍ ശ്രമിച്ചെങ്കിലും ആ ശ്രമം വിജയിച്ചില്ല. പിന്നീട് ഒരല്‍പ്പം ആഹാരം പാകം ചെയ്തുകഴിച്ചിട്ട് അവള്‍ അയാളോടു ചേര്‍ന്നുകിടന്നു.

വെളുപ്പിനെയാണ് പിന്നെ അവള്‍ ഉണര്‍ന്നത്. തികച്ചും ബോധംകെട്ട് ഉറങ്ങിപ്പോയതിന് അവള്‍ തന്നെത്തന്നെ പഴിച്ചു. പക്ഷെ രോഗിയുടെ മുഖത്തേക്കുനോക്കിയ അവളുടെ ചുണ്ടില്‍ ഒരു നേരിയ പുഞ്ചിരി തെളിഞ്ഞു. അയാളുടെ മുഖം ആ സമയം അത്രയേറെ ശാന്തമായിരുന്നു. ആ ദര്‍ശനം അവളിലുണര്‍ത്തിയ ആഹ്ലാദത്തില്‍ സ്വയം നിയന്ത്രിക്കാനാകാതെ അവള്‍ അയാളുടെ നേരെതിരിഞ്ഞ് ഒരു കൊച്ചുകുഞ്ഞിനെയെന്നപോലെ ആ നെറ്റിയില്‍ ഉമ്മവച്ചു. ആ നിലയില്‍ കുറെയേറെനേരം കിടന്ന അവള്‍ പിന്നീട് മനസ്സില്ലാമനസ്സോടെ വീട്ടുജോലികള്‍ തീര്‍ക്കാനായി എഴുന്നേറ്റു. കതകുതുറന്ന്‍ അവള്‍ പുറത്തേക്കിറങ്ങി.

ഉദയസൂര്യനെ എതിരേല്‍ക്കാന്‍ ഇളംചുവപ്പാര്‍ന്ന ആകാശം ഒരുങ്ങിനിന്നു. വൃക്ഷങ്ങളും ചെടികളും ചലനലേശമില്ലാതെ നിശ്ശബ്ദമായ പ്രാര്‍ത്ഥനയിലെന്നോണം നിന്നു. കിളികളുടെ നേരിയ ശബ്ദങ്ങളൊഴിച്ചാല്‍ തികച്ചും നിശബ്ദവും ശാന്തി നിറഞ്ഞതുമായിരുന്നു ആ പ്രഭാതം.

അപ്പോഴാണ്‌ അവള്‍ അടുത്തുനിന്ന റോസാച്ചെടിയെ ശ്രദ്ധിച്ചത്. തലേദിവസം അഭിമാനത്തോടെ ആ ചെടി ഉയര്‍ത്തിക്കാട്ടിയ പൂവിലെ ഒരിതളൊഴികെ എല്ലാം കൊഴിഞ്ഞു വീണിരിക്കുന്നു! അവള്‍ നോക്കി നില്‍ക്കുമ്പോള്‍ തന്നെ അവസാനത്തെ ഇതളും കൊഴിഞ്ഞുവീണു.

സ്വയമറിയാതെ അവള്‍ ആ ചെടിയുടെ സമീപത്തേക്കുനീങ്ങി. അവസാനത്തെ ഇതളിന്‍റെ വീഴ്ച ഒരു ദുശ്ശകുനമായി അവള്‍ക്കു തോന്നി.

പക്ഷേ ആ ചെടി മനോഹരമായ ഒരു ലയത്തോടെ അതിന്‍റെ ശിരസ്സ് മന്ദം മന്ദം ചലിപ്പിച്ചുകൊണ്ടിരുന്നു. അതിന്മേല്‍ രണ്ടു പൂമൊട്ടുകളും ഒരു പകുതി വിടര്‍ന്ന പൂവും അവള്‍ കണ്ടു. അവയെ തന്നെ നോക്കിനിന്ന അവളുടെ മനസ്സിലേക്ക് പവിത്രമായ ഒരു സുഗന്ധംപോലെ ഒരു തിരിച്ചറിവ് കടന്നുവന്നു.

‘പുതുമകള്‍ക്ക് ഇടം നല്‍കാനായി ജീര്‍ണ്ണതകള്‍ പൂര്‍ണ്ണമനസ്സോടെ അകന്നുമാറുന്നു. അപ്പോള്‍ മാത്രം നിലനില്‍പ്പിന് വശ്യതയും മനോഹാരിതയും ഉണ്ടാകുന്നു.’

ഈ രഹസ്യം അറിയാവുന്നതിനാലാണ് ആ ചെടി ഇപ്പോഴും തലയാട്ടി രസിച്ചു നില്‍ക്കുന്നത് എന്ന് അവള്‍ക്കുതോന്നി. അടര്‍ന്നുവീണ അവസാനത്തെ ഇതളെടുത്ത്‌ അവള്‍ ആഞ്ഞു ചുംബിച്ചു. അപ്പോള്‍ അവളുടെ കണ്ണുകളില്‍ നനവും ഹൃദയത്തില്‍ ശാന്തിയുമുണ്ടായിരുന്നു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top