രണ്ടാനമ്മമാരുടെ കൂടെ കഴിയുന്ന കുട്ടികളുടെ ജീവിതം പരിശോധിക്കും: മന്ത്രി

Munir-Newskeralaകോഴിക്കോട്: രണ്ടാനച്ഛന്മാരുടെയും രണ്ടാനമ്മമാരുടെയും കൂടെ കഴിയുന്ന കുട്ടികളുടെ ജീവിതം നിരീക്ഷിക്കുമെന്ന് മന്ത്രി ഡോ. എം.കെ. മുനീര്‍. രണ്ടാനച്ഛന്‍െറ ക്രൂരമര്‍ദനത്തിനിരയായി ചികിത്സയില്‍ കഴിയുന്ന ഒന്നര വയസ്സുകാരി ഫിദ ഫാത്തിമയെ പെരിന്തല്‍മണ്ണ ഇ.എം.എസ് സഹകരണ ആശുപത്രിയില്‍ സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

തദ്ദേശഭരണ സ്ഥാപനങ്ങള്‍ വഴി മൂന്നാഴ്ചക്കകം ഇത്തരത്തിലുള്ള കുട്ടികളുടെ കണക്കെടുക്കും. പഞ്ചായത്ത് സെക്രട്ടറിമാരും അംഗങ്ങളും ഉള്‍ക്കൊള്ളുന്ന മോണിറ്ററിങ് കമ്മിറ്റിയാണ് കുട്ടികളുടെ ജീവിത സാഹചര്യങ്ങള്‍ നിരീക്ഷിക്കുക.

കുട്ടികളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട് നിരവധി നിര്‍ദേശങ്ങള്‍ റിപ്പോര്‍ട്ടിലുണ്ട്. ഇത് നടപ്പാവുന്നതോടെ ജാഗ്രതാ സമിതികള്‍ക്ക് നിയമപരമായ അധികാരം കൈവരും. അതുവരെ പഞ്ചായത്ത്തല സമിതികള്‍ കുട്ടികളുടെ ജീവിത സാഹചര്യം നിരീക്ഷിക്കും. പെരിന്തല്‍മണ്ണയില്‍ കുട്ടിക്ക് മര്‍ദനമേറ്റ സംഭവത്തില്‍ ശക്തമായ നിയമനടപടിയുമായി സര്‍ക്കാര്‍ മുന്നോട്ട് പോകും.

കുട്ടിയുടെ ചികിത്സക്ക് ആവശ്യമായതെല്ലാം ചെയ്യാന്‍ സാമൂഹിക നീതി വകുപ്പ് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജൂലൈ 30ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ കുട്ടിയുടെ സംരക്ഷണം സംബന്ധിച്ചും ഭാവി കാര്യങ്ങളെക്കുറിച്ചും തീരുമാനമെടുക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Print Friendly, PDF & Email

Related News

Leave a Comment