കോഴിക്കോട്: യു.ഡി.എഫ് എം.എല്‍.എ മാരും അമേരിക്കന്‍ സന്ദര്‍ശനത്തില്‍ നിന്ന് പിന്മാറി. ലീഗ്, കോണ്‍ഗ്രസ്, മാണി ഗ്രൂപ് എം.എല്‍.എമാരാണ് യാത്ര റദ്ദാക്കിയത്.
യുവ സാമാജികര്‍ക്കായി അമേരിക്കയിലെ നാല് സംസ്ഥാനങ്ങളില്‍ ഈ മാസം നാലു മുതല്‍ 22 വരെ അമേരിക്കന്‍ കോണ്‍സുലേറ്റ് സംഘടിപ്പിച്ച നേതൃപരിശീലന പരിപാടിയില്‍ സംബന്ധിക്കുന്നതിനാണ് എം.എല്‍.എ മാര്‍ യാത്രക്ക് ഒരുങ്ങിയത്. യു.എസ് കോണ്‍സുലേറ്റ് ആവശ്യപ്പെട്ടതനുസരിച്ച് വിവിധ പാര്‍ട്ടികളുമായി സ്പീക്കര്‍ കൂടിയാലോചിച്ചാണ് പരിപാടിയിലേക്കുള്ള ഒമ്പത് എം.എല്‍.എമാരെ തെരഞ്ഞെടുത്തത്.
കോണ്‍ഗ്രസിലെ പി.സി. വിഷ്ണുനാഥ്, ഐ.സി. ബാലകൃഷ്ണന്, ഷാഫി പറമ്പില്‍, അന്‍വര്‍ സാദത്ത്, മുസ്ലിംലീഗില്‍ നിന്ന് എന്‍. ഷംസുദ്ദീന്, കേരള കോണ്‍ഗ്രസ്-മാണി ഗ്രൂപ്പിലെ മോന്‍സ് ജോസഫ്, സി.പി.എമ്മില്‍ നിന്ന് ടി.വി. രാജേഷ്, കെ.ടി. ജലീല്‍, സി.പി.ഐ യില്‍ നിന്ന് ഇ.എസ്. ബിജിമോള്‍ എന്നിവരെയാണ് യാത്രക്കായി തെരഞ്ഞെടുത്തത്. പാര്‍ട്ടി വിലക്കിയതിനെ തുടര്‍ന്ന് സി.പി.എം അംഗങ്ങള്‍ പിന്മാറിയെന്ന് അറിയിച്ചതോടെ കോണ്‍ഗ്രസിലെ വി.ടി. ബല്‍റാമിനെയും ലീഗിലെ കെ.എം. ഷാജിയെയും പകരം ഉള്‍പ്പെടുത്തി. എന്നാല്‍, തൊട്ടുപിന്നാലെ സി.പി.ഐ അംഗം ബിജിമോളും പാര്‍ട്ടി തീരുമാനമനുസരിച്ച് പിന്മാറ്റം പ്രഖ്യാപിച്ചു.
സി.പി.എം, സി.പി.ഐ എം.എല്‍.എ മാര്‍ നേരത്തെ യാത്രയില്‍നിന്ന് പിന്മാറിയിരുന്നു. യു.ഡി.എഫ് എം.എല്‍.എമാര്‍ ഞായറാഴ്ച യാത്ര പുറപ്പെടാനിരിക്കെയാണ് ശനിയാഴ്ച രാവിലെ ലീഗ് നേതൃത്വം പാര്‍ട്ടി എം.എല്‍.എ മാരോട് പിന്മാറാന് ആവശ്യപ്പെട്ടത്. ലീഗ് എം.എല്‍.എ മാര്‍ പിന്മാറ്റം പ്രഖ്യാപിച്ചതിന് പിന്നാലെ കോണ്‍ഗ്രസ്, മാണിഗ്രൂപ് നേതൃത്വങ്ങളും സ്വന്തംപാര്‍ട്ടി എം.എല്‍.എ മാരോട് യാത്രയില്‍ നിന്ന് പിന്മാറാന് ആവശ്യപ്പെടുകയായിരുന്നു.
അമേരിക്കയോടുള്ള പ്രതിഷേധത്തിന്‍െറ ഭാഗമായാണ് ലീഗ് എം.എല്‍.എമാര്‍ യാത്ര റദ്ദാക്കിയതെന്ന് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. മറ്റ് എം.എല്‍.എമാര്‍ യാത്ര ഒഴിവാക്കിയതിനാല്‍ കോണ്‍ഗ്രസ് എം.എല്‍.എമാര്‍ മാത്രം പോകേണ്ടതില്ലെന്ന് തീരുമാനിച്ചതായി വി.ടി. ബല്‍റാം അറിയിച്ചു.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply