ഹൂസ്റ്റണ്‍: പിറന്ന മണ്ണിന്റെ ഊരും പേരും നില നിര്‍ത്തിക്കൊണ്ട് അമേരിക്കയുടെ മണ്ണില്‍ കുമ്പനാട് പുല്ലാട് സൗഹൃദ കൂട്ടായ്മയുടെ ദ്വിതീയ സംഗമം നടത്തി. മാതൃരാജ്യത്തിന്റെ ധന്യ സ്മരണകളില്‍ അനേകം പേര് ഒത്തു ചേര്‍ന്ന ഈ സംഗമത്തില്‍ ഇളം തലമുറയുടെ മാതൃഭാഷാ സ്നേഹം തിളങ്ങി നിന്നു.
സിയന്നാ റാഞ്ചില്‍ അയണ്‍ റൈസിലുള്ള പ്രസിഡന്റ് റെജി ജോര്‍ജ്ജിന്റെ ഭവനത്തില്‍ ആഗസ്റ്റ് 3ന് വൈകീട്ട് 6 മണിക്ക് നടന്ന യോഗത്തില്‍ ജോണ്‍ എം. ജോണ്‍ പ്രാരംഭ പ്രാര്‍ത്ഥന നടത്തി. സെക്രട്ടറി അവതരിപ്പിച്ച പ്രവര്‍ത്തന റിപ്പോര്‍ട്ട് യോഗം അംഗീകരിച്ചു.
ഫാ. കെ.എ ജോഷ്വ നടത്തിയ മുഖ്യപ്രഭാഷണത്തില്‍ ‘ഇവിടെ നമുക്ക് പ്രത്യാശയുടെ വഴി കിണറുകള്‍ തേടണം, നഷ്ട സൗഭാഗ്യങ്ങളെ വീണ്ടെടുക്കണം, കാല പെരുവഴിയില്‍ നമ്മള് കൈവിട്ട് കളഞ്ഞ വിലമതിക്കാനാവാത്ത രത്നങ്ങളെ വീണ്ടും കണ്ടെത്തി കരള്‍ തടത്തില്‍ ചേര്‍ത്തു വയ്ക്കണം’ എന്ന് അദ്ദേഹം അംഗങ്ങളെ ഉദ്ബോധിപ്പിച്ചു.
വനിതാ വിഭാഗം കോര്‍ഡിനേറ്റേഴ്സ് ജിജി സക്കറിയ, ജെസ്സി വര്‍ഗീസ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ലീനാ ജോര്‍ജിന്റെ നേതൃത്വത്തില്‍ നടന്ന് റിഡില്സ് ഫോര്‍ കിഡ്സ് പ്രോഗ്രാമില്‍ സോഫിയ, സെറീന, ഐസേയ, ഷോണ്‍, ഏയ്ഞ്ചല്‍ അബി ഗെയില്‍ എന്നിവര്‍ പങ്കെടുത്തു. സൂസന് അലക്സ് സ്പോണ്സര് ചെയ്ത ഉപഹാരങ്ങള്‍ ഡാനിയേല്‍ സക്കറിയ, അലക്സാണ്ടര്‍ വര്‍ഗീസ്, കെ.എം മത്തായി എന്നിവര്‍ വിജയികള്‍ക്ക് സമ്മാനിച്ചു.
2015 ജനവരി 10ന് വിപുലമായ രീതിയില്‍ കുമ്പനാട് – പുല്ലാട് സൗഹൃദ സംഗമത്തിന്റെ ഒന്നാം വാര്‍ഷികസമ്മേളനം നടത്തുന്നതിന് നിശ്ചയിച്ചു. കൂടുതല്‍ അംഗങ്ങളെ ആകര്‍ഷിക്കുന്നതിനും, പ്രചാരണത്തിനുമായി ഫെയ്സ് ബുക്ക് ഗ്രൂപ്പ് നിര്‍മ്മിക്കുന്നതിന് മിസൗറി സിറ്റി പ്ലാനര്‍ ആയ ജോസ് പി. എബ്രഹാമിനെ നിയോഗിച്ചു. സംഘടനയുടെ ജോയിന്റ് സെക്രട്ടറിയായി അലക്സ് തോമസിനെ പ്രസിഡന്റ് നോമിനേറ്റ് ചെയ്തു.
യോഗത്തില്‍ റെനി കവലയില്‍ സ്വാഗതവും ഷിജു ജോര്‍ജ് കൃതഞ്ജതയും അര്‍പ്പിച്ചു. എം.സി യായി പ്രവര്‍ത്തിച്ച സോഫിയ ജോര്‍ജ്ജിന്റെ അവതരണവും, സജി പുല്ലാട് ആലപിച്ച ഭക്തിഗാനവും ഈ സംഗമത്തെ ഒരു സ്നേഹകൂട്ടായ്മയാക്കി മാറ്റി. വിഭവ സമൃദ്ധമായ സ്നേഹ വിരുന്നോടെ യോഗം സമംഗളം പര്യവസാനിച്ചു.