ബെന്നറ്റ് 1.87 കോടി നല്‍കിയെന്ന് തരം താഴ്ത്തപ്പെട്ട ജില്ലാ സെക്രട്ടറി, സി.പി.ഐയില്‍ വന്‍ പ്രതിസന്ധി

cpm flag_2തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം മണ്ഡലത്തിലെ സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് സി.പി.ഐ നേതാക്കള്‍ക്കെതിരെ നടപടി. ദേശീയ നിര്‍വാഹകസമിതി- കൗണ്‍സിലംഗം സി. ദിവാകരന്‍, സംസ്ഥാന നിര്‍വാഹക സമിതിയംഗം അഡ്വ. പി. രാമചന്ദ്രന്‍ നായര്‍, തിരുവനന്തപുരം ജില്ലാ സെക്രട്ടറി വെഞ്ഞാറമൂട് ശശി എന്നിവരെ തരംതാഴ്ത്തി. പാര്‍ട്ടി നടപടിക്കെതിരെ ഇവര്‍ രംഗത്തുവന്നതോടെ സി.പി.ഐയില്‍ വന്‍പ്രതിസന്ധി രൂപപ്പെട്ടിരിക്കുകയാണ്.

തിരുവനന്തപുരത്ത് സ്ഥാനാര്‍ഥിയാകാന്‍ ഡോ. ബെന്നറ്റ് എബ്രഹാം കോടികള്‍ മുടക്കിയെന്ന ആരോപണത്തിന് ഇതോടെ സ്ഥിരീകരണമായിരിക്കുകയാണ്. ഈ പണം ഉന്നത സി.പി.എം നേതാക്കള്‍ തന്നെയാണ് വാങ്ങിയിരിക്കുന്നതെന്ന് നടപടിക്ക് വിധേയനായ തിരുവനന്തപുരം ജില്ലാ സെക്രട്ടറി ശശി തന്നെ വെളിപ്പെടുത്തിയിരിക്കുകയാണ്. ജില്ലാ കമ്മിറ്റി നല്‍കിയ സാധ്യതാ പട്ടികയില്‍ ബെനറ്റ് എബ്രഹാമിന്‍െറ പേര് ഉണ്ടായിരുന്നില്ലന്നും പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റാണ് ബെനറ്റിനെ സ്ഥാനാര്‍ഥിയാക്കാന്‍ തീരുമാനിച്ചതെന്നും ബെനറ്റില്‍നിന്ന് 1.87 കോടി വാങ്ങി തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ചെലവിട്ടുവെന്നും ശശി പറഞ്ഞു.

ബെനറ്റില്‍നിന്ന് 1.87 കോടി വാങ്ങിയതിനും അത് ചെലവിട്ടതിനുമുള്ള തെളിവുകള്‍ തന്‍െറ പക്കലുണ്ടെന്നും ഇത്രയും തുക ചെലവിട്ട സ്ഥാനാര്‍ഥിയെ തോല്‍പിക്കാന്‍ ജില്ലാ കമ്മിറ്റിയിലെ ചിലര്‍ ശ്രമിച്ചുവെന്നും ശശി ആരോപിച്ചു. ബെനറ്റിന്‍െറ തോല്‍വിക്ക് കാരണക്കാരായവര്‍ക്കെതിരെയും നടപടി വേണമെന്നും ശശി ആവശ്യപ്പെട്ടു. സി.പി.ഐയുടെ പെയ്ഡ് സീറ്റാണ് തിരുവനന്തപുരത്തെതെന്ന് നേരത്തെ ആരോപണമുണ്ടായിരുന്നു.

ഡോ. ബെനറ്റ് എബ്രഹാമിനെ സ്ഥാനാര്‍ഥിയായി തീരുമാനിച്ചതില്‍ സംസ്ഥാന നേതൃത്വത്തിന് തെറ്റുപറ്റിയതായി സംസ്ഥാന നേതൃയോഗങ്ങള്‍ വിലയിരുത്തി. സംസ്ഥാന സെക്രട്ടേറിയറ്റിനെ ശാസിക്കുകയും ചെയ്തു. സെക്രട്ടേറിയറ്റിന്‍െറ ഭാഗമായി പ്രവര്‍ത്തിക്കുന്ന ദേശീയ നിര്‍വാഹക സമിതിയംഗങ്ങളായ പന്ന്യന്‍ രവീന്ദ്രന്‍, കാനം രാജേന്ദ്രന്‍, കെ.ഇ. ഇസ്മാഈല്‍, സി. ദിവാകരന്‍ എന്നിവരുടെ വീഴ്ചകള്‍ ദേശീയ നിര്‍വാഹക സമിതിക്കും റിപ്പോര്‍ട്ട് ചെയ്യും.

തിരുവനന്തപുരം ജില്ലയിലെ പാര്‍ട്ടിയുടെ ചുമതലക്കാരനായ ദിവാകരനെ സംസ്ഥാന നിര്‍വാഹകസമിതിയില്‍ നിന്ന് സംസ്ഥാന കൗണ്‍സിലിലേക്ക് തരംതാഴ്ത്തി. എന്നാല്‍ നിയമസഭാകക്ഷിനേതാവ് സ്ഥാനത്ത് തുടരും. പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പ് കമ്മിറ്റി ജനറല്‍ സെക്രട്ടറി അഡ്വ. പി. രാമചന്ദ്രന്‍ നായര്‍, വെഞ്ഞാറമൂട് ശശി എന്നിവരെ സംസ്ഥാന നിര്‍വാഹക സമിതിയിലും സംസ്ഥാന കൗണ്‍സിലിലും നിന്ന് ജില്ലാ കൗണ്‍സിലിലേക്കാണ് തരംതാഴ്ത്തിയത്. എന്നാല്‍ സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ടുവന്ന സാമ്പത്തിക ക്രമക്കേടുകളെക്കുറിച്ചുള്ള വാര്‍ത്തകള്‍ അവാസ്തവവും നിറംപിടിപ്പിച്ചതുമാണെന്ന് സംസ്ഥാന കൗണ്‍സില്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

വിമര്‍ശനവും സ്വയംവിമര്‍ശനവും പാര്‍ട്ടിയുടെ ഭാഗമാണെന്ന് പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്ഥാനാര്‍ഥി ഉള്‍പ്പെടെ ആരില്‍നിന്നും പണം വാങ്ങിയിട്ടില്ല. ഒരു സാമ്പത്തിക ക്രമക്കേടും നടന്നതായി കമീഷന്‍ റിപ്പോര്‍ട്ടില്‍ പറഞ്ഞിട്ടില്ല. ജില്ലാ സെക്രട്ടറിയെ മാറ്റിയ സാഹചര്യത്തില്‍ ഒരാഴ്ചക്കുള്ളില്‍ പകരം സംവിധാനം ഉണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇനി പാര്‍ട്ടിയില്‍ തുടര്‍ന്നു പ്രവര്‍ത്തിക്കില്ലന്ന് സി.പി.ഐ ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്നുമാറ്റിയ വെഞ്ഞാറമൂട് ശശി പറഞ്ഞു. പാര്‍ട്ടി വിടുന്നകാര്യം തിങ്കളാഴ്ച സംസ്ഥാന നേതൃത്വത്തെ അറിയിക്കുമെന്നും വിഭാഗീയതയുടെ പിടിയിലാണ് പാര്‍ട്ടിയെന്നും ശശി പറഞ്ഞു.

ബെനറ്റിന്‍െറ സ്ഥാര്‍ഥിത്വത്തെക്കുറിച്ച് അന്വേഷിച്ച സമിതി ഏകപക്ഷീയമായാണ് പ്രവര്‍ത്തിച്ചതെന്ന് വെഞ്ഞാറമ്മൂട് ശശി പറഞ്ഞു. ബെനറ്റിനെ സ്ഥാനാര്‍ഥിയാക്കിയതിനെ കുറിച്ച് മാത്രമാണ് അവര്‍ അന്വേഷണം നടത്തിയത്. ബെനറ്റിനെ തോല്‍പിക്കാന്‍ വേണ്ടി പ്രവര്‍ത്തിച്ചത് ആരാണെന്ന കാര്യത്തില്‍ അന്വേഷണം നടത്തിയില്ല. പാര്‍ട്ടി ഇപ്പോള്‍ കൈക്കൊണ്ട അച്ചടക്ക നടപടിയില്‍ ദുഃഖമൊന്നുമില്ല. അതുകൊണ്ടുതന്നെ മേല്‍കമ്മിറ്റിയില്‍ അപ്പീല്‍ നല്‍കില്ല. 46 വര്‍ഷത്തെ പാര്‍ട്ടി പ്രവര്‍ത്തന പാരമ്പര്യമുള്ള താന്‍ ഒരിക്കലും പ്രവര്‍ത്തനത്തില്‍നിന്ന് വിട്ടുനിന്നിട്ടില്ല.

ജില്ലാഘടകം തയാറാക്കിയ പട്ടിക സംസ്ഥാന കമ്മിറ്റിയില്‍ ചര്‍ച്ചക്ക് വന്നപ്പോള്‍ ബിനോയ് വിശ്വത്തിന്‍െറയും ഇ. ചന്ദ്രശേഖരന്‍ നായരുടെയും ബെനറ്റിന്‍െറയും പേരുകള്‍ ശിപാര്‍ശ ചെയ്തു. അതിനുശേഷമാണ് പട്ടിക സംസ്ഥാന സെക്രട്ടേറിയറ്റിന് കൈമാറിയത്. അവരാണ് ബെനറ്റിനെ സ്ഥാനാര്‍ഥിയാക്കാന്‍ തീരുമാനിച്ചത്. മറ്റു പാര്‍ട്ടികളില്‍ കണ്ടുവരുന്ന വിഭാഗീയത ഇപ്പോള്‍ സി.പി.ഐയിലും വളര്‍ന്നുവരികയാണ്. പാര്‍ട്ടിയെ കൈപ്പിടിയിലൊതുക്കാന്‍ ശ്രമിക്കുന്നവരാണ് പിന്നില്‍. ഇപ്പോഴത്തെ പ്രശ്നങ്ങള്‍ക്ക് പിന്നില്‍ അവരാണ്. തിരുവനന്തപുരത്ത് സ്ഥാനാര്‍ഥിയാകാന്‍ മോഹിച്ച ചിലരുമുണ്ട് പിന്നില്‍. ബെനറ്റിന്‍െറ തോല്‍വിക്ക് വേണ്ടി അവരും പ്രവര്‍ത്തിച്ചു. ജില്ലാ നേതൃത്വത്തിലുള്ളവരാണ് ബെനറ്റിനെതിരെ പ്രവര്‍ത്തിച്ചത്. അതിന്‍െറ തെളിവുകള്‍ തന്‍െറ പക്കലുണ്ട്.

ബെനറ്റ് എബ്രഹാം പലരില്‍നിന്ന് സ്വരൂപിച്ചാണ് 1.87 കോടി പാര്‍ട്ടിക്ക് കൈമാറിയത്. ഓരോ സി.എസ്.ഐ യൂനിറ്റും അതിനുവേണ്ടി സംഭാവന നല്‍കിയിട്ടുണ്ട്. പി. രാമചന്ദ്രന്‍ നായരാണ് ഈതുക വാങ്ങിയതും ചെലവിട്ടതും. അതിന് പാര്‍ട്ടി സംസ്ഥാന നേതൃത്വത്തിന്‍െറ അനുമതിയുണ്ടെന്നാണ് രാമചന്ദ്രന്‍ നായര്‍ പറഞ്ഞതെന്നും ശശി പറഞ്ഞു.

പാര്‍ട്ടിയില്‍ വളര്‍ന്നുവരുന്ന വിഭാഗീയതയുടെ ഇരയാണ് താനെന്ന് അച്ചടക്ക നടപടി നേരിട്ട സി.പി.ഐ നേതാവ് പി. രാമചന്ദ്രന്‍ നായര്‍ പറഞ്ഞു. ബെനറ്റിനെ സ്ഥാനാര്‍ഥിയാക്കിയതില്‍ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രനും സംസ്ഥാന സെക്രട്ടേറിയറ്റിനുമാണ് ഉത്തരവാദിത്തം. സ്ഥാനാര്‍ഥിനിര്‍ണയവുമായി ബന്ധപ്പെട്ട പാര്‍ട്ടി അന്വേഷണ കമീഷന്‍ റിപ്പോര്‍ട്ട് പുറത്തുവിടാന്‍ വിപ്ലവ പാര്‍ട്ടിയായ സി.പി.ഐ തയാറാകണം. പരാജയകാരണത്തിന് മറുപടി പറയേണ്ടത് സംസ്ഥാനസെക്രട്ടറിയാണ്. താനൊരു തെറ്റും ചെയ്തിട്ടില്ല. സാമ്പത്തിക ക്രമക്കേടാണ് തന്‍െറ പേരില്‍ ആരോപിക്കുന്നതെങ്കില്‍ അതിനെതിരെ ശക്തമായി പ്രതികരിക്കും.

തന്‍െറ പേരില്‍ മറ്റെന്തൊക്കെ ആരോപണങ്ങള്‍ ഉന്നയിച്ചാലും സാമ്പത്തിക ക്രമക്കേട് ആരോപിക്കാന്‍ കഴിയില്ല. എം.എന്‍. ഗോവിന്ദന്‍ നായരുടെയും പി.കെ. വാസുദേവന്‍ നായരുടെയും പന്ന്യന്‍ രവീന്ദ്രന്‍െറയും മുഖ്യ തെരഞ്ഞെടുപ്പ് ഏജന്‍റായി പ്രവര്‍ത്തിച്ചയാളാണ് താന്‍. പാര്‍ട്ടിയില്‍ വളര്‍ന്നുവരുന്ന വിഭാഗീയതതന്നെയാണ് ഇപ്പോള്‍ ഉയര്‍ന്നു വന്നിരിക്കുന്ന ആരോപണങ്ങളുടെ അടിസ്ഥാനം.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment