Flash News

കബളിപ്പിക്കപ്പെട്ട മാര്‍ത്തോമ്മാ ചരിത്രവും തരൂരിന്റെ മിത്തും

August 13, 2014 , ജോസഫ് പടന്നമാക്കല്‍

kabalikkapetta titleകാളിന്ദി നദിയില്‍നിന്നും കാളിയാസര്‍പ്പത്തെ വകവരുത്തി വിജയ ശ്രീലാളിതനായി വന്ന ശ്രീ കൃഷ്ണഭഗവാനെ ഓടക്കുഴല്‍ ഊതി ‘രാധ’ സ്വീകരിച്ചത് പുരാണങ്ങളില്‍ വായിച്ചിട്ടുണ്ട്. അതുപോലെ തോമസ് പുരാണവും ശ്രീ ശശി തരൂരിന്റെ ഭാവനയില്‍ രചിക്കപ്പെട്ടു. അറേബ്യന്‍ തിരമാലകള്‍ ഭേദിച്ച് കാറ്റിനോടും മഴയോടും സൂര്യതാപത്തോടും മല്ലിട്ട് സിറിയായില്‍നിന്നും പാക്കപ്പലില്‍ ബഹുദൂരം യാത്ര ചെയ്ത് ക്രിസ്തുശിഷ്യനായ തോമ്മാശ്ലീഹാ കൊടുങ്ങല്ലൂര്‍ വന്നെത്തിയെന്ന് കേരളക്രൈസ്തവ ലോകമൊന്നാകെ വിശ്വസിക്കുന്നു. ക്രിസ്തുവിന്റെ സന്ദേശവുമായി കൊടുങ്ങല്ലൂര്‍ എത്തിയ റാബി പുത്രനായ തോമ്മാശ്ലീഹായെ സ്വീകരിക്കാന്‍ ഒരു യഹൂദ പെണ്‍ക്കുട്ടി ഓടക്കുഴലൂതിക്കൊണ്ട് തുറമുഖ പട്ടണമായ മുസ്സോറിയില്‍ ഉണ്ടായിരുന്നുവെന്ന് ശ്രീ ശശി തരൂര്‍ തന്റെ ഗവേഷണ പ്രബന്ധത്തില്‍ എഴുതി ചേര്‍ത്തിരിക്കുന്നു. ശശി തരൂരിന്റെ ഈ കണ്ടുപിടിത്തംമൂലം തോമസിനെപ്പറ്റിയുള്ള ഇത്രയും കാലത്തെ ചരിത്രകഥകള്‍ അസ്ഥിരപ്പെടുത്തിയിരിക്കുകയാണ്. ‘പാക്സ് ഇന്ഡിക: ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ‘ഇന്ത്യയും ലോകവും’ എന്ന പുസ്തകത്തിലാണ് തോമസിന്റെ ഇന്ത്യയിലേക്കുള്ള വരവിനെ ഒരു ചരിത്ര വസ്തുതയായി ചിത്രീകരിക്കുന്നത്. ഉന്നതകുല ബ്രാഹ്മണജാതിയില്‍നിന്നും അദ്ദേഹം നിരവധിപേരെ ക്രിസ്ത്യാനികളായി മതം മാറ്റിയെന്നും വിശ്വസിക്കുന്നു. യൂറോപ്പില്‍ ക്രിസ്തുമതം വരുന്നതിനുമുമ്പ് കേരളത്തിലെ സുറിയാനി ക്രിസ്ത്യാനികളുടെ പൂര്‍വ്വികര്‍ ക്രിസ്തുമതം സ്വീകരിച്ചിരുന്നുവെന്ന് ശ്രീ ശശി തരൂര്‍ തറപ്പിച്ചു പറയുന്നു. ഇതുകേട്ടു ക്രിസ്ത്യന്‍ പണ്ഡിതരും തരൂരിന്റെ ഗവേഷണത്തെ അവരുടെ ഗ്രന്ഥപ്പുരയിലെ ചരിത്രതാളുകളോടൊപ്പം ചേര്‍ത്തുകഴിഞ്ഞു. ക്രിസ്തുമതത്തെ എതിര്‍ക്കാനും ആക്ഷേപിക്കാനും ചിലര്‍ തോമ്മാ ശ്ലീഹായുടെ വരവ് കെട്ടുകഥയായി ചിത്രീകരിക്കാറുണ്ടെന്നും സഭാചരിത്രകാരന്മാര്‍ അവരെ കുറ്റപ്പെടുത്താറുണ്ട്.

തോമ്മാ ശ്ലീഹാ കേരളത്തില്‍ എ.ഡി. 52-ല്‍ വന്നുവെന്നും നമ്പൂതിരി കുടുംബങ്ങളെ മാനസാന്തരപ്പെടുത്തി ക്രിസ്ത്യാനികളായി മതം മാറ്റിയത് ചരിത്ര സത്യമായിരുന്നുവെന്നും പരമ്പരാഗതമായി ആകമാന സുറിയാനി ക്രിസ്ത്യാനികള്‍ വിശ്വസിച്ചുവരുന്നു. സഭ അങ്ങനെ സഭാമക്കളെ പഠിപ്പിച്ചും വരുന്നു. ഭാരതത്തിലെ രാഷ്ട്രീയനേതാക്കന്മാര്‍ ക്രിസ്ത്യാനികള്‍ ഭൂരിപക്ഷമുള്ള മണ്ഡലങ്ങളില്‍ ക്രിസ്തുമതം യൂറോപ്പില്‍ വരുന്നതിനുമുമ്പ് ഇന്ത്യയില്‍ ഉണ്ടായിരുന്നുവെന്ന് വളരെ ആവേശപരമായി പറയാറുണ്ട്. അടുത്തയിടെ ശ്രീ തരൂര്‍ പ്രസിദ്ധീകരിച്ച പുസ്തകത്തിലും ഇന്ത്യന്‍ ക്രിസ്ത്യാനികളുടെ തോമസ് പാരമ്പര്യം യൂറോപ്യന്‍ പാരമ്പര്യത്തിനെക്കാളും പഴക്കമേറിയതെന്നും പ്രസ്താവിച്ചിട്ടുണ്ട്. ‘യൂറോപ്പില്‍ ക്രിസ്തുമതം വരുന്നതിനുമുമ്പ് ഇന്ത്യയില്‍ ക്രിസ്തുമതം വേരൂന്നിയെന്നു വാദിക്കുന്ന ഈ പണ്ഡിതന്മാരോടെല്ലാം ഒരു ചോദ്യമുണ്ട്. വസ്തുതകള്‍ ഇല്ലാതെ ഒളിഞ്ഞിരിക്കുന്ന ഈ ചരിത്രം ഒരു സത്യമാണോ?

അപ്പോസ്തോലന്‍ പോളിന്റെ വിവരണത്തില്‍ അദ്ദേഹം സ്പെയിനില്‍ യാത്ര ചെയ്യുവാന്‍ പദ്ധതിയിടുന്നുവെന്ന് വചനത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. (റോമന്‍സ്:15:24 & 15:28) പൌലോസ് ശ്ലീഹാ എഫേസൂസ് വഴി ഗ്രീസിലും മാസിഡോണിയായിലും ജെറുസ്ലേമിലും റോമിലും യാത്ര ചെയ്തതായി വേദപുസ്തകം പറയുന്നു. പോള്‍ ഈ സുവിശേഷം എഴുതിയത് ക്രിസ്തുവര്‍ഷം 40 നും 44 നും ഇടയ്ക്കെന്ന് ചരിത്രകാരന്മാര്‍ പറയുന്നു. എ.ഡി. 52-ല്‍ തോമ്മാ ശ്ലീഹാ ഇന്ത്യയില്‍ വന്നുവെന്ന് സമ്മതിച്ചാല്‍ തന്നെയും ഇന്ത്യന്‍ ക്രിസ്ത്യന്‍ ചരിത്രം യൂറോപ്പിനെക്കാളും പാരമ്പര്യമുള്ള വാദമെന്ന് എങ്ങനെ ന്യായികരിക്കാന്‍ സാധിക്കും? യൂറോപ്പില്‍ ക്രിസ്തീയ മതം ഉണ്ടായി കഴിഞ്ഞ് ഒരു പതിറ്റാണ്ടുകൂടി കഴിഞ്ഞാണ് ഭാരതത്തില്‍ ക്രിസ്തുമതം ഉണ്ടായതെന്നും സമ്മതിക്കേണ്ടി വരും.

Sleeva1ഒന്നാം നൂറ്റാണ്ടു മുതല്‍ ക്രിസ്ത്യാനികളെ സെന്റ് തോമസ് ക്രിസ്ത്യാനികളെന്ന് അറിയപ്പെട്ടിരുന്നുവെന്ന കഥയിലും സത്യമില്ല. സുറിയാനി ക്രിസ്ത്യാനികളെ നസ്രായന്മാരെന്നും യൂറോപ്യന്മാര്‍ നെസ്തോറിയന്‍കാരെന്നും പതിനാലാം നൂറ്റാണ്ടുവരെ വിളിച്ചിരുന്നു. 1348-ല്‍ മാര്‍പ്പാപ്പായുടെ പ്രതിനിധിയായ ഫ്രാന്‍സിസ്ക്കന്‍ സഭയിലെ ബിഷപ്പ് ജീയോവാന്നി ഡേ മരിഗോളി ആദ്യമായി ദേശീയക്രിസ്ത്യാനികളെ സെന്റ് തോമസ് ക്രിസ്ത്യാനികളെന്നു വിളിച്ചുവെന്ന് ചരിത്രം പറയുന്നു. സമൂഹത്തില്‍ താണവരായ ജനങ്ങളെ ക്രിസ്ത്യാനികളായി മതപരിവര്‍ത്തനം നടത്തുന്നതുകൊണ്ട് സുറിയാനി ക്രിസ്ത്യാനികളെ സെന്റ് തോമസ് ക്രിസ്ത്യാനികള്‍ എന്ന് വിളിക്കാന്‍ തുടങ്ങി. ‘ആക്ട്റ്റ് ഓഫ് തോമസ്’ എന്ന പുരാതന കൃതിയാണ് തോമ്മാശ്ലീഹാ ഇന്ത്യയില്‍ വന്നുവെന്നുള്ള വാദം ഉന്നയിക്കുന്നത്. ‘പാര്‍ത്ത്യാ’ യും (പേര്‍ഷ്യാ) ഗാന്ധാരയും (പാക്കിസ്ഥാന്‍) ജൂഡസ് തോമസും അബാനെന്ന കച്ചവട പ്രമാണിയും വന്നെത്തിയ ഭൂപ്രദേശങ്ങളെന്ന് ഈ പൌരാണിക കൃതികള്‍ വ്യക്തമാക്കുന്നു.

കര്‍ദ്ദിനാള്‍ വര്‍ക്കി വിതയത്തില്‍ ‘സ്റ്റോണ്‍ ദി സിന്‍ (stone the sin’)’ എന്ന ലേഖനത്തില്‍ ക്രിസ്ത്യാനികളുടെ ഉറവിടം ബ്രാഹ്മണരില്‍നിന്നുമെന്ന കഥ അര്‍ഥമില്ലാത്തതാണെന്നും വ്യക്തമാക്കിയിട്ടുണ്ട്. ക്രിസ്ത്യാനികളുടെ ബ്രാഹ്മണചരിത്രം വെറും കെട്ടുകഥയെന്നും കര്‍ദ്ദിനാള്‍ വര്‍ക്കി വിതയത്തില്‍ വിശ്വസിച്ചിരുന്നു.

തോമ്മാശ്ലീഹാ ഒന്നാം നൂറ്റാണ്ടില്‍ കേരളം സന്ദര്‍ശിച്ചെന്നും ഉയര്‍ന്ന ജാതിയിലുള്ള നമ്പൂതിരിമാരെ മതം മാറ്റിയെന്നുമാണ് ഒരു വിശ്വാസം. മറ്റുള്ള താണവരായ ജാതികളെ ക്രിസ്ത്യാനികള്‍ ആക്കിയിട്ടില്ലെന്നും വിശ്വസിക്കുന്നു. ഇത്തരം കെട്ടുകഥകള്‍ കേള്‍ക്കുന്ന അക്രൈസ്തവര്‍ ക്രിസ്ത്യാനികളെ പരിഹസിക്കുന്നതില്‍ എന്താണ് തെറ്റ്? ക്രൈസ്തവ തത്ത്വങ്ങളെയോ ഭാരത ചരിത്രത്തെപ്പറ്റിയോ അറിവില്ലാത്തവരാണ് ഇത്തരം നുണ കഥകളുമായി ദേവാലയ മണിയടി മുഴക്കികൊണ്ട് അല്മായ ജനങ്ങളെ ബോധവാന്മാരാക്കുന്നത്. ക്രിസ്തു ശിഷ്യനായ തോമ്മാ ശ്ലീഹായെ വര്‍ണ്ണ വര്‍ഗീയ വാദിയായി ചിത്രീകരിക്കുന്നതു തന്നെ ക്രിസ്തീയമല്ലെന്നും ബ്രാഹ്മണ ക്രിസ്തീയ വാദികള്‍ മനസിലാക്കണം. ഇരമ്പുന്ന കടല്‍ത്തീരത്തും മുക്കവക്കുടിലിലും മലയോരങ്ങളിലും വിശ്രമമില്ലാതെ വേദം പ്രസംഗിച്ച സമൂഹത്തില്‍ താഴ്ന്നവര്‍ക്കും കുഷ്ഠ രോഗികള്‍ക്കും പാവങ്ങള്‍ക്കും വേണ്ടി പട പൊരുതിയ ക്രിസ്തുവിന്റെ ഒരു ശിഷ്യനെ സവര്‍ണ്ണ ജാതികളുടെ വക്താവായി ചിത്രീകരിക്കുന്നതില്‍ യുക്തിയെവിടെ ?

Sleeva2ബ്രാഹ്മണര്‍ കേരളത്തിലേയ്ക്ക് കുടിയേറാന്‍ തുടങ്ങിയത് ഏഴാം നൂറ്റാണ്ടിനു ശേഷമാണ്. തോമ്മാശ്ലീഹാ വന്ന കാലങ്ങളില്‍ കേരളം മുഴുവന്‍ കാട്ടു പ്രദേശങ്ങളും വന്യമൃഗങ്ങളും നിറഞ്ഞ സങ്കേതങ്ങളായിരുന്നു. കേരളം തമിഴകത്തിന്റെ ഭാഗമായിരിക്കണം. തോമസ് വന്ന കാലങ്ങല്‍ എവിടെയും ആദിവാസികള്‍ തിങ്ങിനിറഞ്ഞ പ്രദേശങ്ങളായിരുന്നു. എ.ഡി. 52-ല്‍ വൃദ്ധനായ തോമ്മാശ്ലീഹാ താമര കുരിശും വഹിച്ച് ഈ സ്ഥലങ്ങളില്‍ പോയി ഏഴര പള്ളികള്‍ സ്ഥാപിച്ചെന്ന കഥകള്‍ സാമാന്യ ബുദ്ധിയ്ക്ക് നിരക്കുന്നതല്ല. കേരളം തോമസ് വന്ന കാലങ്ങളില്‍ തമിഴകത്തിന്റെ ഭാഗമെന്ന നിലയ്ക്ക് തമിഴിലെ തിരുക്കുരുളിലോ ചിലപ്പതികാരത്തിലോ കേരള ക്രൈസ്തവ സഭകളെപ്പറ്റി ഒന്നും തന്നെ പറഞ്ഞിട്ടില്ല.

ആരാണ് അപ്പസ്തോലനായ തോമസ്? എന്തുകൊണ്ട് ആ പേര് ക്രിസ്ത്യന്‍ പ്രാര്‍ഥനകളില്‍ പ്രസിദ്ധമായി. സഭ അംഗീകരിക്കാത്ത ‘ആക്റ്റ്സ് ഒഫ് തോമസ്, തോമസിന്റെ സുവിശേഷങ്ങള്‍’ എന്നീ പൌരാണിക ഗ്രന്ഥങ്ങളാണ് അപ്പോസ്തോലന്റെ ഭാരതത്തിലെക്കുള്ള വരവിന് തെളിവുകളായി കണക്കാക്കിയിട്ടുള്ളത്. തോമസ് അപ്പസ്തോലന്‍ യേശുവിന്റെ ഇരട്ട സഹോദരന്‍ എന്നാണ് ഈ ഗ്രന്ഥങ്ങളില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. ദൈവിക ശാസ്ത്രങ്ങള്‍ക്ക് വിപരീതമായ ഈ ബുക്കുകളെ വത്തിക്കാന്‍ അംഗീകരിച്ചിട്ടില്ല.. ഏകജാതനായ യേശുവിന് സഹോദരന്‍ ഉണ്ടെന്നുള്ളതും സഭയുടെ വിശ്വാസസത്യത്തിന് എതിരാണ്. ഗ്രീക്കില്‍ ഇരട്ടസഹോദരന്‍ എന്ന അര്‍ത്ഥത്തില്‍ ‘തോമസ് എന്ന പേരിനെ ‘ഡിഡിമസ്’ എന്ന് വിളിക്കുന്നു. മൈലാപ്പൂരില്‍ തോമ്മാശ്ലീഹായുടെ ഭൌതികാവശിഷ്ടം അടങ്ങിയ കബറിടം ഉണ്ട്. പ്രശ്നം എന്തെന്നാല്‍ വിശുദ്ധ തോമസിനെ അടക്കിയതെന്ന് വിശ്വസിക്കുന്ന കബറിടങ്ങള്‍ പേര്‍ഷ്യയില്‍ ഉടനീളവും ഇസ്രായേലിലും ഉണ്ട്. പലയിടത്തും വിശുദ്ധന്‍ മരിച്ച വര്‍ഷം വ്യത്യസ്ത തിയതികളിലാണ് രേഖപ്പെടുത്തിയിരിക്കുന്നത്. (റഫ: ഈശ്വര്‍ ഷരന്‍)

തോമ്മാശ്ലീഹായുടെ ഭാരതവരവിനെ സംബന്ധിച്ച കെട്ടുകഥകള്‍ കാനേഡിയന്‍ പണ്ഡിതനായ ‘ഈശ്വര്‍ ഷരന്‍’ അദ്ദേഹത്തിന്റെ പ്രസിദ്ധ ബുക്കായ ‘ദി മിത്ത് ഓഫ് സെന്റ്.തോമസ് ആന്‍ഡ് ദി മൈലാപ്പൂര്‍ ശിവ റ്റെമ്പിള്‍ (The Myth of St. Thomas and the Mylapore Shiva Temple)എന്ന പുസ്തകത്തില്‍ വിവരിച്ചിട്ടുണ്ട്. മിഷ്യനറിമാരുടെ വരവുകാലത്ത് ക്രിസ്തുമതം പ്രചരിപ്പിക്കാന്‍ യേശുവിനെപ്പോലെ ഒരു രക്തസാക്ഷിയെ ഭാരതത്തില്‍ സൃഷ്ടിക്കണമായിരുന്നു. എങ്കിലേ സഹതാപം കൊണ്ട് സഭയ്ക്ക് വളരാന്‍ സാധ്യതയുണ്ടായിരുന്നുള്ളൂവെന്നും വിദേശ മിഷ്യനറിമാര്‍ കണക്കാക്കി. അതുകൊണ്ട് വിശുദ്ധ തോമസിനെ രണ്ടു ബ്രാഹ്മണര്‍ കുന്തംകൊണ്ട് കുത്തി കൊല്ലപ്പെട്ട ഒരു രക്തസാക്ഷിയായി വാര്‍ത്തെടുത്തു.

അള്‍ത്താരയിലെ തോമ്മാശ്ലീഹായുടെ രൂപങ്ങളുടെ കൈകളില്‍ ബൈബിള്‍ പിടിപ്പിച്ചിരിക്കുന്നതായി കാണാന്‍ സാധിക്കും. വാസ്തവത്തില്‍ വിശുദ്ധന്റെ കാലത്ത് യേശുവിന്റെ വചനങ്ങള്‍ അടങ്ങിയ ബൈബിള്‍ എഴുതിയിട്ടുണ്ടായിരുന്നില്ല. മതം മാറിയ ക്രിസ്ത്യാനികളെ പുതിയ നിയമങ്ങള്‍ പഠിപ്പിച്ചു കാണാന്‍ സാധ്യതയില്ല. പുതിയ നിയമം കണ്ടെത്തിയത് നാലാം നൂറ്റാണ്ടിലാണ്. എ.ഡി. 325–ല്‍ നിക്കാ സുനഹദോസിനുശേഷം കോണ്സ്റ്റാന്റിന്‍ ചക്രവര്‍ത്തിയുടെ കാലത്താണ് പുതിയ നിയമത്തിന്റെ പ്രസക്തഭാഗങ്ങള്‍ ക്രോഡീകരിച്ചത്.

Sleevaയൂറോപ്പിലെ കത്തോലിക്കാ യൂണിവേഴ്സിറ്റികളില്‍ തോമ്മാശ്ലീഹാ ഇന്ത്യയില്‍ വന്നുവെന്ന കെട്ടുകഥ ചരിത്രകഥയായി പഠിപ്പിക്കുന്നില്ലന്നാണ് ഈശ്വര്‍ ശരന്റെ ബുക്കിന് ആമുഖമായി ബല്‍ജിയം പണ്ഡിതനായ കോണ്റാഡ് എല്സ്റ്റ്റ് എഴുതിയത്. എന്നാല്‍ ഇന്ത്യയിലെ എഴുത്തുകാര്‍ തോമ്മാ ശ്ലീഹായുടെ ഭാരതത്തിലേക്കുള്ള വരവ് ചരിത്ര സത്യങ്ങളാണെന്ന് സ്ഥാപിച്ചെടുക്കാന്‍ ശ്രമിക്കുന്നു. ശ്രീരാമന്റെ അയോദ്ധ്യായെ കെട്ടുകഥയായി വിശേഷിപ്പിക്കുന്ന ഹൈന്ദവ മതത്തിലെ മതേതര ചിന്താഗതിക്കാരും വോട്ടുബാങ്ക് തേടി തോമ്മാശ്ലീഹായുടെ കെട്ടുകഥയെ സത്യമാണെന്ന് ധരിപ്പിച്ച് ചായം പൂശാറുണ്ട്. തോമ്മാശ്ലീഹായെ രക്തസാക്ഷിയാക്കുകയും ബ്രാഹ്മണരെ മതഭ്രാന്തരായി ചിത്രീകരിക്കുകയും ചെയ്താല്‍ മതപരിവര്‍ത്തനം സുഗമമായി നടക്കുമെന്ന് അന്ന് മിഷ്യനറിമാര്‍ കണക്കുകൂട്ടിയിരുന്നു.

ഹാര്‍വാര്‍ഡ് യൂണിവേഴ്സിറ്റി പ്രൊഫസറും ദൈവശാസ്ത്ര പണ്ഡിതനുമായ ഫാദര്‍ ഫ്രാന്‍സീസ് കൂള്‍ന തോമ്മാ ശ്ലീഹാ ബ്രസീലില്‍ വന്ന് വേദം പ്രസംഗിച്ചുവെന്നു പ്രബന്ധം എഴുതിയിരിക്കുന്നു. ‘മനുഷ്യരാരും എത്തുവാന്‍ സാധ്യതയില്ലാത്ത കാലത്ത് സെന്റ് തോമസ് ബ്രസീലില്‍ വന്ന് വേദം പ്രസംഗിച്ചു വെന്നാണ് അദ്ദേഹം സ്ഥിതികരിച്ചിരിക്കുന്നത്. ‘പെറു’വിലും തോമ്മാശ്ലീഹാ വന്നുവെന്ന് പെറു വാസികളുടെ ഇടയിലും കഥയുണ്ട്. അങ്ങനെ തോമ്മാ ശ്ലീഹായെ തെക്കേ അമേരിക്കാ മുഴുവനും വേദ പ്രചാരകനായി സ്ഥാപിച്ചിരിക്കുകയാണ്.

പതിനാറാം നൂറ്റാണ്ടില്‍ കടല്‍ക്കൊള്ളക്കാരായി വന്ന പോര്‍ട്ടുഗീസ്സുകാരാണ് തോമസിന്റെ കെട്ടുകഥ ആദ്യമായി ഉണ്ടാക്കിയത്. 2006 സെപ്റ്റംബര്‍ ഇരുപത്തിയേഴാം തിയതി പതിനാറാം ബെനഡിക്റ്റ് മാര്‍പ്പാപ്പാ വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ദേവാലയ അങ്കണത്തിലെ തീര്‍ഥാടകരെ അഭിസംബോധന ചെയ്തുകൊണ്ടു നടത്തിയ ഒരു പ്രസംഗത്തില്‍, പറഞ്ഞത് ” വിശുദ്ധ തോമസ് ആദ്യം സിറിയായിലും പേര്‍ഷ്യയിലും പിന്നീടു ഉള്‍പര്‍വത നിരകളില്‍ക്കൂടി സഞ്ചരിച്ച് അങ്ങു പടിഞ്ഞാറു ഭാരതംവരെ യാത്ര ചെയ്തിരിക്കാമെന്നാണ്. അവിടെനിന്നും അനേകകാലങ്ങള്‍ക്കു ശേഷം മറ്റു മിഷനറിമാരുടെ സഹായത്തോടെ തെക്കേ ഭാരതത്തിലേക്കു ക്രിസ്തു മതം പ്രചരിച്ചതായിരിക്കാം”. ഈ വാര്‍ത്ത ഭാരതമാകമാനം വിശ്വാസികളെയും പുരോഹിത ബിഷപ്പുമാരെയും ദുഖിതരാക്കി. മാര്‍പാപ്പയുടെ ഈ പ്രസ്താവന ആകമാന ക്രിസ്ത്യാനികളുടെ പരമ്പരാഗതമായ വിശ്വാസത്തിന് എതിരായ ഒരു പ്രഖ്യാപനമായിരുന്നു. അതുമൂലം ഭാരതസഭയിലൊന്നാകെ കോളിളക്കം ഉണ്ടാക്കി. അടുത്ത ദിവസംതന്നെ വത്തിക്കാന്റെ വെബ്സൈറ്റില്‍ മാര്‍പ്പാപ്പയുടെ അഭിപ്രായത്തെ സെന്റ് തോമസ് ഭാരതത്തില്‍, വന്നിട്ടുണ്ടായിരുന്നുവെന്ന് തിരുത്തിയെഴുതി. മാര്‍പാപ്പയുടെ പ്രസംഗത്തിലെ സാരം അനുസരിച്ച് തോമ്മാശ്ലീഹാ ഇന്നു കാണുന്ന പാക്കിസ്ഥാനിലാണ് പ്രേഷിതപ്രവര്‍ത്തനം നടത്തിയെന്ന് അനുമാനിക്കാം. പടിഞ്ഞാറേ തീരമെന്നാണ് ‘തോമസ് ആക്റ്റും’ സൂചിപ്പിക്കുന്നത്. അറിഞ്ഞോ അറിയാതെയോ ഒറ്റയടിക്കു ഭാരത ക്രിസ്ത്യാനികളെ പോപ്പു വെല്ലു വിളിക്കുകയായിരുന്നു. ഭാരതസഭകളുടെ വിശ്വാസമായിരുന്ന തോമ്മാശ്ലീഹ ഹിന്ദുക്കളുടെ രാജ്യത്തു സുവിശേഷം പ്രസംഗിച്ചുവെന്നുള്ള രണ്ടായിരം വര്‍ഷത്തെ ദര്‍ശനങ്ങളങ്ങനെ ഇടിച്ചു പൊളിച്ചെഴുതി.

1952 നവമ്പര്‍ 13 നു വത്തിക്കാന്‍, കേരള ക്രിസ്ത്യാനികള്‍ക്കായി ഒരു സന്ദേശം അയച്ചിരുന്നു. അതിലെ ഉള്ളടക്കം, തോമ്മാശ്ലീഹാ എ.ഡി 52 കാലഘട്ടത്തു ഭാരതത്തിലെ കൊടുങ്ങല്ലൂരിനടുത്ത് വന്നുവെന്ന് യാതൊരു തെളിവും കാണുന്നില്ലായെന്നു വ്യക്തമാക്കിയിട്ടുണ്ടായിരുന്നു. 1952 ലെ വത്തിക്കാന്റെ അഭിപ്രായത്തിനു വീണ്ടും ഉറപ്പു വരുത്തുവാനായി ചിലര്‍ ചോദ്യങ്ങളുമായി 1996ല്‍ വത്തിക്കാനിലെ ഉന്നത ഉദ്യോഗസ്ഥരെ സമീപിച്ചുവെങ്കിലും അങ്ങനെ ഒരു പ്രസ്താവനയെപ്പറ്റി വത്തിക്കാന്‍, നിരസിക്കുകയാണുണ്ടായത്. കര്‍ദ്ദിനാള്‍ സംഘത്തിന്റെ് പ്രീഫെക്റ്റിനു ഈ വിഷയം സംബന്ധിച്ചു കൂടുതലായ വിവരം ആവശ്യപ്പെട്ട് ഗവേഷകര്‍ വത്തിക്കാനു കത്തുകളയച്ചിരുന്നുവെങ്കിലും തൃപ്തികരമായ മറുപടി ലഭിച്ചില്ല. തോമ്മാശ്ലീഹായുടെ ജീവിതം ചരിത്രകാരുടെ ഗവേഷണ പരിധിയിലുള്ളതാണെന്നും കര്‍ദ്ദിനാള്‍തിരുസംഘം ഈ വിഷയം കൈകാര്യം ചെയ്യുന്നതിനു പ്രാപ്തരല്ലന്നും വ്യക്തമാക്കി സ്വയം കൈകഴുകുകയാണുണ്ടായത്. (റഫ: ഈശ്വര്‍ ശരത്ത്).

1729 ല്‍, അന്നുണ്ടായിരുന്ന മൈലാപ്പൂര്‍ ബിഷപ്പ്, സാന്തോം കത്തീഡ്രലിലുള്ള തോമ്മാശ്ലീഹായുടെ ശവകുടീരത്തില്‍ സംശയം പ്രകടിപ്പിച്ചുകൊണ്ടു ഈ വിശ്വാസത്തിനു ഉറപ്പു വരുത്തുവാനായി റോമിലെ കര്‍ദ്ദിനാള്‍ തിരുസംഘത്തിന് ഒരു കത്തെഴുതി. എന്നാല്‍ റോമിന്റെ മറുപടി ഒരിക്കലും വെളിച്ചത്തു വന്നില്ല. ഇതില്‍നിന്നും മനസ്സിലാക്കേണ്ടത് മറുപടി നാട്ടുവിശ്വാസത്തിനു വിപരീതമായിരിക്കുമെന്നാണ്. എങ്കിലും മദ്രാസിലെ മൈലാപ്പൂരുള്ള റോമന്‍ കത്തോലിക്കാ അധികാരികള്‍ 1871-ല്‍, തോമസിന്റെ സ്മാരകങ്ങളെല്ലാം പോര്‍ട്ടുഗീസുകാരുടെ സൃഷ്ടിയാണെന്ന് തറപ്പിച്ചു വാദിച്ചതായും ചരിത്രമുണ്ട്.

Sleeva3വിശുദ്ധ തോമസിനെ സംബന്ധിച്ചുള്ള ‘ആക്റ്റ്സ് ഓഫ് തോമസ്’ എന്ന പൌരാണികഗ്രന്ഥം പരമപ്രധാനമാണ്. ഈ ഗ്രന്ഥത്തിലുടനീളം സുവിശേഷങ്ങളും യേശുവിന്റെ ജീവചരിത്രവുമായി ബന്ധമില്ലാതെ ധാരാളം വൈരുദ്ധ്യങ്ങളും കാണാം. സഭ ഈ പുസ്തകത്തെ അംഗികരിച്ചിട്ടില്ല. തോമ്മാശ്ലീഹായുടെ ഭാരതത്തിലേക്കുള്ള യാത്ര സത്യമാക്കുന്നതിനു ‘ആകറ്റ് ഓഫ് തോമസ്’ ഒരു അമൂല്യ പുസ്തകമായി ഭാരതസഭ അംഗീകരിക്കുന്നുമുണ്ട്. ഇതനുസരിച്ചു വിശുദ്ധ തോമസിന്റെ യാത്രകളെ ചരിത്രമായിട്ടു കരുതണമെങ്കില്‍ മറ്റു പല സത്യങ്ങളെയും അംഗികരിക്കേണ്ടി വരും. ഇക്കാര്യത്തില്‍, സഭക്കു നിലവിലുള്ള വിശ്വാസത്തിനു പരസ്പര വിരുദ്ധമായി പലതും വെളിപ്പെടുത്തേണ്ടി വരും. വിശുദ്ധ തോമസ്, പാലസതീന്‍ വിട്ടതു ജീസസ്, തന്റെ ഇരട്ട സഹോദരനായ തോമസിനെ അടിമയായി വിറ്റതുമൂലമെന്ന് ഇവിടെ പറയുന്നു. ഇരട്ട സഹോദരനെന്നര്‍ഥം വരുന്ന ‘ഡിഡിമാസ്’ എന്നും വിശുദ്ധനു പേരുണ്ട്.

‘ആക്ട് ഓഫ് തോമസ്’ വെളിപ്പെടുത്തുന്നത് അക്കമിട്ടു നിരത്തുന്നു

1. തോമസ്, ജീസസിനെ ധിക്കരിച്ച ഒരു സാമൂഹിക വിരുദ്ധനായിരുന്നു.
2. ജീസസ്, ഒരു അടിമക്കച്ചവടക്കാരനായിരുന്നു.
3. തോമസ് ജീസസിന്റെ ഇരട്ട സഹോദരനായിരുന്നു.
4. കാനോന്‍ നിയമങ്ങളനുസരിച്ചുള്ള നാലു സുവിശേഷങ്ങളും തെറ്റാണെന്നു വരുന്നു.
5. തോമസ് ഇരട്ടസഹോദരനായതുകൊണ്ടു ജീസസ് ദൈവത്തിന്റെ് ഏകജാതനല്ല.

ചുരുക്കത്തില്‍, തോമസിന്റെ ഐതിഹാസിക കഥകളെ മുഴുവനായി വിശ്വസിക്കുന്നവര്‍ക്ക് സഭയുടെ മൌലികങ്ങളായ തത്വങ്ങളെയും ഇതുമൂലം വലിച്ചെറിയേണ്ടി വരും. കൂടാതെ തോമസ്, പരിശീലിച്ച ഭീകരമായ മന്ത്രവാദങ്ങളെപ്പറ്റിയും വിശകലനം ചെയ്യേണ്ടി വരും.വിശുദ്ധ തോമസിന്റെ ആദ്യത്തെ അത്ഭുതം ഒരിക്കല്‍, തന്നെ അപമാനിച്ച ഒരു കുട്ടിയെ തന്റെ മന്ത്രവാദം കൊണ്ടു സിംഹത്തെ വരുത്തി വിഴുങ്ങിക്കുകയായിരുന്നു. അന്നത്തെ രാജാവു തോമസിന്റെ പ്രവര്‍ത്തനങ്ങളില്‍ അസ്വസ്ഥനായിരുന്നു. സ്ത്രീകളെ പ്രലോഭിപ്പിച്ച് അവരെ ചാക്കിനകത്തു കെട്ടി ചാരവുമിട്ടു മുറികളിലടച്ചു പൂട്ടി ഇടുക മുതലായ മന്ത്രവാദങ്ങളും പതിവായിരുന്നു. കുപിതനായ അക്കാലത്തെ രാജാവു ക്ഷമ നശിച്ച് തോമസിനെ വധിച്ചെന്നു സമ്മതിക്കേണ്ടി വരും. അങ്ങനെ വിശുദ്ധ തോമസിനെ ബ്രാഹ്മണജനം വധിച്ചുവെന്നുള്ള കെട്ടുകഥ മാറ്റി എഴുതേണ്ടതായും വരും.

തോമ്മാശ്ലീഹായില്‍ നിന്നു സ്നാനമേറ്റ ക്രിസ്ത്യാനികള്‍ രണ്ടായിരം വര്‍ഷങ്ങളിലെ പാരമ്പര്യം അവകാശപ്പെട്ട് സവര്‍ണ്ണജാതികളെപ്പോലെ കേരളത്തില്‍ ജീവിക്കുന്നു. കബളിപ്പിക്കപ്പെട്ട മാര്‍ത്തോമ്മാ ചരിത്രം മുഴുവന്‍ സത്യമെന്നും കേരള ക്രിസ്ത്യാനികള്‍ വിശ്വസിക്കുന്നു. A.D. 52 മുതലുള്ള കൊളോണിയല്‍ മിഷിനറിമാരുടെ പ്രഭാഷണങ്ങളൊഴിച്ചു മലയാള സാഹിത്യപുരോഗതിക്കു ക്രിസ്ത്യാനികളുടെ പങ്ക് ഒന്നും തന്നെയില്ല. ആ സ്ഥിതിക്ക് അവര്‍ ചരിത്രബോധം ഇല്ലാത്ത ഒരു തലമുറയായി വളര്‍ന്നതു സ്വാഭാവികമാണ്. കൂടാതെ കലാസാംസ്കാരിക രംഗങ്ങളിലും വിസ്മയകരങ്ങളായ യാതൊരു പാടവങ്ങളും കേരള ക്രിസ്ത്യാനികള്‍ കാഴ്ച്ച വെച്ചിട്ടില്ല. ഏതായാലും ഈ രാജ്യത്തിന്റെ ഹൈന്ദവ കലാരൂപങ്ങളെ സംബന്ധിച്ചുള്ള കുറേ കെട്ടുകഥകളും കുറച്ചു ബൌദ്ധികചരിത്രങ്ങളും സൃഷ്ടിച്ചുവെന്നുള്ളതു മാത്രമാണ് രണ്ടു സഹസ്രാബ്ദങ്ങളോളം ഈ നാട്ടില്‍ ജീവിച്ച ക്രിസ്ത്യാനികളുടെ നേട്ടമായി കണക്കാക്കാവുന്നത്.

മനുഷ്യരെല്ലാം ഒന്നാണെന്നും എല്ലാ മനുഷ്യര്‍ക്കും തുല്യഅവകാശങ്ങളുണ്ടെന്നും വിശ്വസിക്കുന്ന ഒരു തത്ത്വസംഹിതയാണ് ക്രിസ്തുമതത്തിനുള്ളത്. അവിടെ തോമാശ്ലീഹായുടെ കരങ്ങള്‍കൊണ്ട് മുക്കിയ ജനങ്ങളുടെ പിന്തുടര്‍ച്ചക്കാരാണ് തങ്ങളെന്ന അഭിമാനത്തോടെയുള്ള വീമ്പടികള്‍ ക്രിസ്തീയതയല്ല. ചരിത്രസത്യങ്ങളെ വക്രീകരിച്ച് ഹൈന്ദവരുടെ അടയാളങ്ങള്‍ ഒന്നൊന്നായി ക്രിസ്തീയ സഭകള്‍ ചോര്‍ത്തിയെടുക്കുന്ന കാഴ്ചയാണ് കേരള ക്രിസ്ത്യന്‍ സഭകളില്‍ കാണുന്നത്. താമര, നിലവിളക്ക്, രുദ്രാക്ഷ, കൂടാതെ ഇപ്പോള്‍ ഒടക്കുഴലുമായി യഹൂദപ്പെണ്ണ് തോമ്മാശ്ലീഹായെയും സ്വീകരിച്ചുവെന്ന് ബുദ്ധിജീവിയായ തരൂരിന്റെ പുസ്തകത്തില്‍ എഴിതിയിരിക്കുന്നു. തരൂരിന്റെ ഈ അഭിപ്രായത്തെ വെറും രാഷ്ട്രീയ കുതിരകച്ചവടം എന്നല്ലാതെ എന്താണ് വിലയിരുത്തുകയെന്നും അറിയത്തില്ല.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

3 responses to “കബളിപ്പിക്കപ്പെട്ട മാര്‍ത്തോമ്മാ ചരിത്രവും തരൂരിന്റെ മിത്തും”

 1. Dr. James Kottoor says:

  There are writers and writers of thousand varieties. Some put you to sleep as soon as you begin, others shake you up from your sleep, because they provoke you to use your brain, reflect, learn and correct the blind beliefs in which you are buried Sri Joseph Padannamakkel is of the second variety, liberating people from their blind beliefs. That is what I appreciate in him.

  Thomas doubted, questioned and insisted not to believe until he could touch and see. It clarified not only his doubts but the lurking doubts of all the apostles who were cowardly to ask questions.

  Some unbelievers call Jesus a bastard and the diehard Christians get furious and go mad and may even attack such critics branded as blasphemers. . But why? All of us know Joseph was only his foster father. Then who was his father? If none what is wrong if someone calls him a bastard from his point of view? Annadurai was asked during one of his public speeches: Who is your father? Instead of getting upset with a smiling face he answered: I was born for money. All, including myself appreciate his honesty, courage and idealism.

  What makes a man great, noble and worthy of imitation is not one’s genealogy but the principles of humanity he lives by. That is what endears Jesus to me.Again where was Jesus from 12 to 30 years? Some say he came to Takshala,India and learned even to walk on water and many superhuman arts which made him escape alive from crucifixion etc. May be true, may be not.

  A scientific mind should find out before supporting or opposing such views. My friend Joseph Padannamakkel helps all of us to do that. We need more of such writers not blind believers in whatever priests and poojaries parrot as self evident. So continue please Padannamakkel with your provocative writing to make us change for the better. james kottoor

 2. Joseph Padannamakkel says:

  ഈ ലേഖനത്തിന് ഉചിതമായ ഒരു സന്ദേശം എഴുതിയ എന്റെ സുഹൃത്ത് ഡോ. ജേയിംസ് കോട്ടൂരിന് നന്ദി. അറിവും പ്രാവീണ്യം നേടിയ പ്രഗത്ഭനായ ഡോക്ടര്‍ കോട്ടൂരിന്റെ അഭിപ്രായം തീര്‍ച്ചയായും വിലപ്പെട്ടതാണ്. സഭയ്ക്ക് വേണ്ടി ധീരമായി പോരാടുന്ന ഈ പണ്ഡിതന്റെ അഭിപ്രായങ്ങള്‍ ശ്രവിക്കാന്‍പോലും ഇടയന്മാര്‍ക്ക് സമയമില്ല. ആഴമുള്ള അദ്ദേഹത്തിന്റെ ആശയങ്ങള്‍ ഉള്‍ക്കൊള്ളാനുള്ള കഴിവ് കെട്ടുകഥയിലും അന്ധവിശ്വാസത്തിലും വിശ്വസിക്കുന്ന ഇടയ ശ്രേഷ്ഠന്മാര്‍ക്ക് ഉണ്ടാകാനും സാധ്യതയില്ല. സഭയുടെ നല്ല നാളെയ്ക്കായി അദ്ദേഹത്തിന്റെ തൂലിക നിത്യം ചലിക്കട്ടെയെന്നും ആശംസിക്കുന്നു.

  ഈ ലേഖനത്തിന്റെ ചുവടുവെച്ച് മറ്റൊരു ഓണ്‍‌ലൈന്‍ പത്രത്തിലെ മറുപടികളും വായിച്ചു. അര്‍ത്ഥമുള്ള സന്ദേശങ്ങള്‍ക്ക് മറുപടിയെഴുതാന്‍ എനിക്കിഷ്ടമാണ്. ഒരു ‘നൈനാന്‍ മാത്തുള്ള’ എഴുതിയിരിക്കുന്നതും വായിച്ചു. ഈ വിഷയമായി ബന്ധമില്ലാത്ത’ആര്യന്‍ ആക്രമണ തീയറി’യും എഴുതിയിട്ടുണ്ട്. ആര്യ ദ്രാവിഡ യുദ്ധം ബ്രിട്ടീഷുകാരുടെ സൃഷ്ടിയായി ചരിത്രകാരും ഭൂഗര്‍ഭ ഗവേഷകരും തെളിയിച്ചിട്ടുള്ളതാണ്. തെക്കേ ഇന്ത്യാക്കാരും വടക്കേ ഇന്ത്യാക്കാരും തമ്മില്‍ തല്ലിക്കാന്‍ ഈ ചരിത്രം ബ്രിട്ടീഷുകാര്‍ എഴുതിയുണ്ടാക്കിയതാണ്. സ്കൂളുകളില്‍ ഇന്നും ഈ അബദ്ധ ചരിത്രം പഠിപ്പിക്കുന്നുണ്ട്. ഇന്ത്യാ സര്‍ക്കാര്‍ വിശുദ്ധ തോമസിന്റെ ഭാരതത്തിലെക്കുള്ള വരവിന്റെ പേരില്‍ നാണയം അടിച്ചതും ചരിത്ര ബോധം കുറവുള്ളരുടെ പ്രേരണ കൊണ്ടാണ്.

  പതിനാലാം നൂറ്റാണ്ടു മുതല്‍ യൂറോപ്യന്മാര്‍ കുരുമുളകും ഏലവും ജാതിക്കായും സുഗന്ധ ദ്രവ്യങ്ങളും വാങ്ങി ഈ നാട്ടില്‍ വ്യവസായങ്ങള്‍ നടത്തിയിരുന്നു. ക്രിസ്ത്യാനികളായ അവര്‍ നാട്ടുക്രിസ്ത്യാനികളുമായി നല്ല വ്യവസായ ബന്ധവും പുലര്‍ത്തിയിരുന്നു. അതോടെ ഇവിടുത്തെ ക്രിസ്ത്യാനികള്‍ പണക്കാരായി. പണമുണ്ടായിക്കഴിഞ്ഞപ്പോള്‍ ബ്രാഹ്മണരെപ്പോലെ കുടുംബ മഹിമയും ആവശ്യമായി വന്നു. ബ്രാഹ്മണ പൂര്‍വികതലമുറകളായ തങ്ങളെ മാമ്മോദീസാ മുക്കിയത് തോമ്മാശ്ലീഹായെന്ന് കൂട്ടത്തില്‍ പ്രമാണിമാരയവര്‍ പ്രചരണം നടത്താന്‍ തുടങ്ങി. ദരിദ്രരായ ബ്രാഹ്മണര്‍ക്ക് ക്രിസ്ത്യനികളില്‍ നിന്ന് പണം വായ്പ്പ മേടിക്കണമായിരുന്നു. ക്രിസ്ത്യാനി പണവുമായി വരുമ്പോള്‍ അവരുടെ ഇല്ലം അശുദ്ധമാകാതെയിരിക്കാന്‍ ക്രിസ്ത്യാനികളും ബ്രാഹ്മണകുല ജാതരെന്ന കള്ളക്കഥകള്‍ അക്കാലത്തെ ബ്രാഹ്മണര്‍തന്നെ പ്രചരിപ്പിക്കാന്‍ തുടങ്ങി.

  തോമ്മാശ്ലീഹാ അച്ചന്മാരെയും ബിഷപ്പുമാരെയും വാഴിച്ചുവെന്നും നൈനാന്‍ മാത്തുള്ള എഴുതിയിരിക്കുന്നു. ക്രിസ്തു തന്നെ പൌരാഹിത്യത്തിന് എതിരായിരുന്നു. അണലി സര്‍പ്പങ്ങളെയെന്നാണ് ക്രിസ്തു യഹൂദ പുരോഹിതരെ വിളിച്ചത്. ക്രിസ്തുവിന്റെ വചനനങ്ങളെ ധിക്കരിച്ച് തോമ്മാശ്ലീഹാ മെത്രാനെ വാഴിച്ച കഥയും പച്ചക്കള്ളങ്ങള്‍ മാത്രം. ക്രിസ്ത്യന്‍ സഭകളില്‍ മൂന്നു നൂറ്റാണ്ടുകള്‍ വരെ മെത്രാനും പട്ടക്കാരും ഉണ്ടായിരുന്നില്ല. ആദ്യ നൂറ്റാണ്ടുകളില്‍ ക്രിസ്ത്യന്‍ പള്ളികളേയുണ്ടായിരുന്നില്ല. അമ്പലങ്ങളുടെ അവശിഷ്ടംപോലും കണ്ടെത്തിയത് ഏഴാം നൂറ്റാണ്ടിലാണ്. നമ്പൂതിരികള്‍ കേരളത്തില്‍ വരവ് തുടങ്ങിയത് നാലാം നൂറ്റാണ്ടിനു ശേഷമെന്നും ഗവേഷകര്‍ തെളിയിച്ചിട്ടുണ്ട്.

 3. ISSAC MATHEW says:

  ദൈവം ശുദ്ധീകരിച്ചതിനെ മലിനമെന്നു കരുതി ചാതുര്‍വര്‍ണ്യവും ജാതി വ്യത്യാസവും നിലനിറുത്തിക്കൊണ്ടു പോകുവാന്‍ ഉള്ള ശ്രമമാണ് കാണുന്നത്. ലോകമെങ്ങും കടിയിരിക്കുവാന്‍ ഒരുവനില്‍ നിന്ന് ജനതകളെ ഉളവാക്കി എന്നുള്ള സത്യവേദപുസ്തക വെളിപ്പെടുത്തല്‍ വിശ്വസിക്കാനും അംഗീകരിക്കവാനും താല്പര്യമില്ലാത്തവരുമാണ് ഈ വിധത്തിലുള്ള അസത്യങ്ങളുടെ പുറകേ പോകുന്നതും കണ്ണടച്ചു വിശ്വസിക്കുന്നതും. തോമാശ്ലീഹാ കേരളത്തില്‍ വന്നാലും ഇല്ലെങ്കിലും നമുക്ക് പ്രത്യേകിച്ചൊരു വ്യത്യാസവുമില്ല. യേശുക്രിസ്തു നേരിട്ട് പ്രവര്‍ത്തനങ്ങള്‍ നടത്തിയ യിസ്രായേലില്‍ ക്രൈസ്തവര്‍ ഇന്നും ന്യൂനപക്ഷമാണ്. എന്നാല്‍ ക്രിസ്തുവില്‍ വിശ്വസിക്കുന്ന എല്ലാവര്‍ക്കും രക്ഷയും സ്വര്‍ഗ്ഗവും സൗജന്യമായി കൊടുക്കുമെന്നതാണ് പുതിയ നിയമം എന്ന ബൈബിള്‍ ഭാഗത്തിലൂടെ നമുക്ക് മനസ്സിലാക്കാന്‍ സാധിക്കുന്നത്. സത്യത്താലുള്ള സ്വാതന്ത്രം നേടാന്‍ ഉള്ള ഭാഗ്യം എല്ലാവര്‍ക്കുമുണ്ടാകട്ടെ.

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top