Flash News

പ്രതിജ്ഞ പുതുക്കലായിരിക്കട്ടേ ഈ സ്വാതന്ത്ര്യ ദിനം (എഡിറ്റോറിയല്‍)

August 15, 2014 , മൊയ്തീന്‍ പുത്തന്‍‌ചിറ, ചീഫ് എഡിറ്റര്‍

prathinja

ഇന്ത്യക്കാരെ മുഴുവന്‍ അടിമകളാക്കി നൂറ്റാണ്ടുകളോളം ഭരിച്ച ബ്രിട്ടീഷ്‌ സാമ്രാജ്യത്വം അവസാനിപ്പിച്ച് അവരെ ഇന്ത്യയില്‍ നിന്നും കെട്ടു കെട്ടിക്കാന്‍ പൊരുതി മരിച്ച പതിനായിരക്കണക്കായ ധീര രക്തസാക്ഷികളുടെ വീരസ്മരണയ്ക്കുമുമ്പില്‍ രക്തപുഷ്പങ്ങള്‍ അര്‍പ്പിച്ചുകൊണ്ട്‌ ഇന്ത്യയുടെ അറുപത്തിയേഴാം സ്വാതന്ത്യ്രദിനം ഇന്ന്‌ ആഗസ്ത്‌ പതിനഞ്ചിന് ലോകമെമ്പാടുമുള്ള ഭാരതീയര്‍ അത്യാഹ്ളാദത്തോടെ കൊണ്ടാടുകയാണ്‌.

സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ്‌ സാമ്രാജ്യത്വത്തിന്റെ കരാള ഹസ്തങ്ങളില്‍ നിന്നും ജീവന്‍ പോലും തൃണവല്‍ഗണിച്ചുകൊണ്ട്‌  ത്യാഗനിര്‍ഭരമായ പോരാട്ടങ്ങളിലൂടെ നേടിയെടുത്ത സ്വാതന്ത്യ്രവും ജനാധിപത്യ അവകാശങ്ങളും കണ്ണിലെ കൃഷ്ണമണിപോലെ കാത്തു സൂക്ഷിക്കാനുള്ള ഉത്തരവാദിത്വം നമ്മളില്‍ ഓരോരുത്തരിലും നിക്ഷിപ്തമാണ്‌. ഇന്ത്യന്‍ ജനാധിപത്യത്തിന്നുമേല്‍ പണാധിപത്യം മേല്‍ക്കൈ നേടുന്ന കാഴ്ചയാണ്‌ നാം ഇന്നു കാണുന്നത്‌. ഇന്ത്യയെ വിലക്കുവാങ്ങുന്നതിനു ഇന്ത്യന്‍ ജനാധിപത്യത്തെ വിലക്കുവാങ്ങുവാനും ജനങ്ങള്‍ തിരഞ്ഞെടുത്തയക്കുന്ന മെമ്പര്‍മാരെ വിലക്കുവാങ്ങുവാനും സാമ്രാജ്യത്വവും അവരുടെ ഏജന്റുമാരും വിഫലശ്രമം നടത്തിക്കൊണ്ടിരിക്കുന്നു. ഇത്‌ അത്യന്തം ആപല്‍ക്കരമായ സ്ഥിതിയിലേയ്ക്ക്‌ വിരല്‍ ചൂണ്ടുന്നു. ഇന്ത്യയുടെ പരമാധികാരവും സ്വാതന്ത്യ്രവും വിദേശികള്‍ക്ക്‌ ഒറ്റിക്കൊടുക്കാനുള്ള ശ്രമങ്ങള്‍ക്കെതിരെ രാജ്യസ്നേഹികളായ എല്ലാവരും നിതാന്ത ജാഗ്രത പാലിക്കേണ്ടതായിട്ടുണ്ട്‌.

വ്യാപാരാവശ്യാര്‍ത്ഥം ഭാരതത്തിന്റെ മണ്ണിലേക്ക് കടന്നുകൂടിയ വെള്ളക്കാരുടെ സന്നാഹം ഭാരതത്തിന്റെ പൊതുമുതലുകള്‍ കൊള്ളയടിക്കുക മാത്രമല്ല, നമ്മുടെ മൗലിക സ്വാതന്ത്ര്യങ്ങള്‍ക്കു പോലും കൂച്ചുവിലങ്ങിട്ട് നമ്മളെ അടിമയാക്കി ഭരണം കൈയ്യടക്കുകയായിരുന്നു. രാജാക്കന്‍മാര്‍ ഭരണം കൈയ്യടക്കിയിരുന്ന നമ്മുടെ രാജ്യത്ത് നാട്ടുരാജാക്കന്‍മാരെ തമ്മിലടിപ്പിച്ചും, ജാതിയുടെയും, മതത്തിന്റെ പേരില്‍ വിന്യസിച്ചും നുഴഞ്ഞുകയറാനും ഭരണം കൈയ്യടക്കാനും വെള്ളപട്ടാളത്തിന് എളുപ്പം സാധിച്ചു എന്നത് സ്വാഭാവികം.

എന്നാല്‍ ബ്രിട്ടീഷ് മേധാവിത്വത്തിന്റെ ഉള്ളിരിലിപ്പ് മനസ്സിലാക്കാന്‍ സാധിച്ച മഹാത്മാഗാന്ധിയെ പോലുള്ള മഹാന്മാര്‍ അതിനെതിരെ സന്ധിയില്ലാ സമരത്തിന് ആഹ്വാനം ചെയ്യുകയും ചെയ്തു. സ്വാതന്ത്ര്യസമര നേതൃത്വത്തിനുവേണ്ടി 1885 ഡിസംബറില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് രൂപീകരിക്കുകയും, 1857 ല്‍ ഒന്നാം സ്വാതന്ത്ര്യസമരത്തിന് തുടക്കം കുറിക്കുകയും ചെയ്തു. ധീര മഹാന്മാരായ ബാലഗംഗാധര തിലകന്‍, ഡബ്ല്യു ഡി ബാനര്‍ജി, തുടങ്ങിയ മഹാന്‍മാരുടെ കൈകളിലൂടെ സഹനസമരത്തിന്റെ തീപന്തവുമായി നടന്നുവന്ന സമരപോരാളികള്‍ ഒടുവില്‍ 1947 ആഗസ്റ്റ് 15 ന് അര്‍ദ്ധരാത്രി ബ്രിട്ടീഷുകാര്‍ ഇന്ത്യവിടുന്ന സാഹചര്യം സൃഷ്ടിക്കുകയും, ഇന്ത്യന്‍ ദേശീയപതാകയായ ത്രിവര്‍ണ പതാക ഉയര്‍ത്തിപ്പിടിക്കുകയും ചെയ്ത ആ സ്വാതന്ത്ര്യദിനത്തിന്റെ അറുപത്തിയേഴാമത് വാര്‍ഷികമാണ് ഇന്ന്.

ബാല്യവും, കൗമാരവും, യൗവ്വനവും കഴിഞ്ഞ് വാര്‍ദ്ധക്യത്തിലേക്ക് കടന്നിട്ടും നമ്മുടെ സ്വാതന്ത്ര്യസമരത്തിന്റെ യഥാര്‍ത്ഥ ലക്ഷ്യം ഇതുവരെ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞുവോ എന്ന് നാം മനസ്സിലിട്ട് ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്. വര്‍ത്തമാനകാലത്തിലെ സ്വാതന്ത്ര്യം എന്നത് സമ്പന്നരില്‍ തങ്ങളുടെ സമ്പാദ്യം കുന്നുപോലെ വാരിക്കൂട്ടാനും ബാങ്കുകളില്‍ മറ്റും നിക്ഷേപിക്കാനുമാണെന്ന് ഒരു ഭാഗം വിശ്വസിക്കുമ്പോള്‍ ഒരു നേരത്തെ ഭക്ഷണത്തിനായി തെരുവുകളില്‍ അലയേണ്ടിവരുന്ന പട്ടിണിപ്പാവങ്ങള്‍ ഇതാണ് തങ്ങളുടെ സ്വാതന്ത്ര്യമെന്ന് വിശ്വസിക്കുന്നു. അതേസമയം ഇതിന്റെയെല്ലാം ഇടയില്‍ ജാതിയുടെയും, മതത്തിന്റേയും, വിഭാഗിയതയുടെയും മതിലുകള്‍ സൃഷ്ടിച്ചുകൊണ്ട് ഒരു പറ്റം തീവ്രവാദികള്‍ രാജ്യത്തിന്റെ ഐക്യത്തിനും, അഖണ്ഡതയ്ക്കും ഭീഷണി സൃഷ്ടിച്ചുകൊണ്ട് പോര്‍വാഴ്ച്ച നടത്തുകയാണ്. ഇതെല്ലാം നേരിട്ട് യഥാര്‍ത്ഥ സ്വാതന്ത്ര്യവും ജനാധിപത്യവും പുന:സ്ഥാപിക്കാന്‍ യുവതലമുറ ഒറ്റക്കെട്ടായി ഈ സ്വാതന്ത്ര്യദിനത്തില്‍ രംഗത്തിറങ്ങുമെന്ന് നമുക്ക് പ്രത്യാശിക്കാം.

വര്‍ഗീയ ശക്തികളെ ഒറ്റപ്പെടുത്തുന്നതിനും മതനിരപേക്ഷത ഉറപ്പുവരുത്താനും സാമ്രാജ്യത്വ ശക്തികളെയും അവര്‍ക്ക്‌ ഒത്താശ ചെയ്യുന്നവരെയും ഭരണാധികാരത്തില്‍ നിന്നും ഒഴിച്ചുനിര്‍ത്തുവാനും ധീരദേശാഭിമാനികളായ നമ്മുടെ പൂര്‍വ്വീകര്‍ ജീവന്‍ കൊടുത്തും പോരാടിനേടിത്തന്ന സ്വാതന്ത്യ്രവും ജനാധിപത്യ അവകാശങ്ങളും കാത്തുസൂക്ഷിക്കാനുള്ള പ്രതിജ്ഞ പുതുക്കലായിരിക്കണം ഈ സ്വാതന്ത്യ്രദിനം.

“എല്ലാവര്‍ക്കും സ്വാതന്ത്ര്യദിനാശംസകള്‍”

ജയ് ഹിന്ദ്

 


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top