റിയാദില്‍ വാഹനാപകടത്തില്‍ മലയാളി വീട്ടമ്മയും ചെറുമകളും മരിച്ചു

image (15)റിയാദ്: റിയാദ് – ജിദ്ദ റോഡില്‍ മലയാളി കുടുംബം സഞ്ചരിച്ച വാഹനം അപകടത്തില്‍ പെട്ട് വീട്ടമ്മയും ചെറുമകളും മരിച്ചു. നാലുപേര്‍ക്ക് പരിക്കേറ്റു. മലപ്പുറം ചെമ്മാട് സ്വദേശി കൊണ്ടാണത്ത് ബിരാന്‍ ഹാജിയുടെ മകന്‍ ബാവയുടെ ഭാര്യയും തിരൂരങ്ങാടി ത്രിക്കുളം സ്വദേശി പുല്ലാട്ട് ഹൗസില്‍ മുഹമ്മദ് ഹാജിയുടെ മകളുമായ ആബിദ (42), ആബിദയുടെ മകള്‍ സഹ്‌ലയുടെ ഒന്നരവയസുള്ള കുട്ടിയുമാണ് മരിച്ചത്.

വെള്ളിയാഴ്ച രാത്രിയിലാണ് സംഭവം. കുടുംബം സഞ്ചരിച്ച ലാന്‍റ് ക്രൂയിസര്‍ വാഹനം നിയന്തണം വിട്ട് മറിയുകയായിരുന്നു. റിയാദില്‍ നിന്ന് 400 കിലോമീറ്റര്‍ അകലെ ഹുമയാത്തില്‍ അല്‍ഖസ്റ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. മൃതദേഹങ്ങള്‍ അല്‍ഖസ്റ ആശുപത്രി മോര്‍ച്ചറിയിലാണുള്ളത്. സൗദിയിലെ പ്രമുഖ ജ്യൂസ് സ്റ്റാള്‍ ശൃംഖലയായ വൈറ്റമിന്‍ പാലസിന്‍െറ പാര്‍ട്ട്ണറാണ് ബാവ. അദ്ദേഹവും കുടുംബവും ജിദ്ദയില്‍നിന്ന് റിയാദിലേക്ക് വരുമ്പോഴായിരുന്നു അപകടം. വാഹനത്തില്‍ ബാവ, ഭാര്യ ആബിദ, മകള്‍  സഹ്‌ല,  സഹ്‌ലയുടെ ഭര്‍ത്താവ്, അവരുടെ മൂന്ന് മക്കള്‍ എന്നിവരാണ് ഉണ്ടായിരുന്നത്.

ആബിദയും ചെറുമകളും സംഭവസ്ഥലത്തുതന്നെ മരിച്ചു. പരിക്കേറ്റ ബാവയും സഹ്‌ലയുടെ ഭര്‍ത്താവും അല്‍ഖസ്റ ആശുപത്രിയിലും സഹലയും മറ്റ് രണ്ട് മക്കളും അഫീഫ് ജനറല്‍ ആശുപത്രിയിലുമാണുള്ളത്. അപകടത്തെ തുടര്‍ന്ന് പൊലീസാണ് ബാവയുടെ സ്പോണ്‍സറെ വിവരം അറിയിക്കുന്നത്. സംഭവത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.

Print Friendly, PDF & Email

Related News

Leave a Comment