നവാസ് ശരീഫിനെതിരെ കൊലപാതകക്കുറ്റം ചുമത്താന്‍ കോടതി നിര്‍ദേശം

navazhലഹോര്‍ :പാകിസ്താന്‍ പ്രധാനമന്ത്രി നവാസ് ശരീഫിനെതിരെ കൊലപാതകക്കുറ്റം ചുമത്തി കേസെടുക്കാന്‍ പാക് കോടതി നിര്‍ദേശം. കാനഡ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മതപുരോഹിതനായ താഹിറുല്‍ ഖാദിരിയുടെ ലാഹോറിലെ കേന്ദ്രത്തിനുനേരെ കഴിഞ്ഞ ജൂണിലുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ടാണ് കോടതി നിര്‍ദേശം. 14 പേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ശരീഫിന് പുറമെ സഹോദരനും പഞ്ചാബ് മുഖ്യമന്ത്രിയുമായ ശഹ്ബാസ് ശരീഫിനും മറ്റു 19 പേര്‍ക്കുമെതിരിലും കേസെടുക്കാന്‍ കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
പാകിസ്താന്‍ അവാമി തഹ്രീക് (പി.എ.ടി) എന്ന സംഘടന നല്‍കിയ പരാതിയിലാണ് കോടതി ഉത്തരവ്.

കഴിഞ്ഞ ജൂണ്‍ 17നുണ്ടായ സംഘര്‍ഷത്തില്‍ രണ്ടു സ്ത്രീകള്‍ ഉള്‍പ്പെടെ 14 പി.എ.ടി അനുഭാവികള്‍ കൊല്ലപ്പെടുകയും നൂറു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. പി.എ.ടി കേന്ദ്ര ഓഫിസിന് സമീപത്തെ ബാരിക്കേഡുകള്‍ നീക്കാന്‍ അധികൃതര്‍ ശ്രമിച്ചതിനെ തുടര്‍ന്നാണ് പി.എ.ടി പ്രവര്‍ത്തകരും പൊലീസും തമ്മില്‍ ഏറ്റുമുട്ടിയത്.

നവാസ് ശരീഫ് രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് പാകിസ്താന്‍ തഹ്രീകെ ഇന്‍സാഫ് (പി.ടി.ഐ) പാര്‍ട്ടി നേതാവ് ഇംറാന്‍ ഖാനുമായി ചേര്‍ന്ന് പി.ടി.എ തലവന്‍ താഹിറുല്‍ ഖാദിരി ഇസ്ലാമാബാദില്‍ റാലി സംഘടിപ്പിക്കുന്നതിനിടയിലാണ് കോടതി ഉത്തരവ് വന്നിരിക്കുന്നത്.

നവാസ് ശരീഫ് രാജിവെച്ച് പുതിയ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കും വരെ തലസ്ഥാനം വിട്ടുപോകരുതെന്ന് ഇരുനേതാക്കളും ആഹ്വാനം ചെയ്തിട്ടുണ്ട്. നവാസ് ശരീഫിനും സഹോദരനും പുറമെ ബന്ധു ഹംസ ശഹബാസ്, ആഭ്യന്തര മന്ത്രി നിസാര്‍ അലിഖാന്‍ എന്നിവരുള്‍പ്പെടെയുള്ളവര്‍ക്കെതിരെ കേസെടുക്കാനാണ് അഡീഷനല്‍ സെഷന്‍സ് ജഡ്ജി രാജ അജ്മല്‍ ഉത്തരവിട്ടിരിക്കുന്നത്.

Print Friendly, PDF & Email

Related News

Leave a Comment