സഹോദരിമാരുടെ വധശിക്ഷ സ്റ്റേ ചെയ്തു

mhc1മുംബൈ: കുട്ടികളെ തട്ടിക്കൊണ്ടുപോയി ഭിക്ഷാടനത്തിനുപയോഗിച്ച ശേഷം കൊന്ന കേസില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട സഹോദരിമാരായ രേണുക ഷിന്‍ഡെ, സീമ ഗാവിത് എന്നിവരുടെ ശിക്ഷ നടപ്പാക്കുന്നതിന് സ്റ്റേ. കാലതാമസം ചൂണ്ടിക്കാട്ടി ശിക്ഷ ജീവപര്യന്തമായി മാറ്റണമെന്നാവശ്യപ്പെട്ട് സഹോദരിമാര്‍ നല്‍കിയ ഹരജി സ്വീകരിച്ച ബോംബെ ഹൈകോടതിയാണ് സ്റ്റേ അനുവദിച്ചത്. സഹോദരിമാരുടെ ദയാ ഹരജിയില്‍ കാലതാമസമുണ്ടായതിന് കാരണം ബോധിപ്പിക്കാന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകളോട് ആവശ്യപ്പെട്ടു.

സുപ്രീംകോടതി ശിക്ഷ ശരിവെച്ചതിനുശേഷം ആറു വര്‍ഷത്തിലേറെ കഴിഞ്ഞാണ് രാഷ്ട്രപതി ദയാഹരജിയില്‍ തീര്‍പ്പുകല്‍പിച്ചതെന്ന് സഹോദരിമാര്‍ ചൂണ്ടിക്കാട്ടി. മൂന്നു മാസത്തിനകം ദയാഹരജിയില്‍ തീര്‍പ്പാക്കണമെന്നാണ് ചട്ടം. ശിക്ഷ നടപ്പാക്കുന്നതിലെ കാലതാമസം ശാരീരികവും മാനസികവുമായി തങ്ങളെ തളര്‍ത്തിയെന്നും സഹോദരിമാര്‍ ഹര്‍ജിയില്‍ പറഞ്ഞു. കുറ്റം ചെയ്യുമ്പോള്‍ സഹോദരിമാര്‍ ചെറുപ്രായക്കാരായിരുന്നുവെന്നും രേണുക നാലു കുട്ടികളുടെ അമ്മയായിരുന്നുവെന്നും കുഞ്ഞു നാളില്‍ അച്ഛന്‍ ഉപേക്ഷിച്ചുപോയതിനാല്‍ ഇവര്‍ ജീവിതഭാരം പേറുകയായിരുന്നെന്നുമുള്ള വാദവും നിരത്തി. ജയിലിലെ തങ്ങളുടെ സ്വഭാവം പരിഗണിക്കണമെന്നും തങ്ങള്‍ സമൂഹത്തിന് ഭീഷണിയല്ലന്നും സഹോദരിമാരുടെ ഹരജിയില്‍ പറയുന്നു.

1990നും 96നുമിടയില്‍ 13 കുഞ്ഞുങ്ങളെ തട്ടിക്കൊണ്ടുപോയി അവരെ ഭിക്ഷാടനത്തിനും മോഷണത്തിനും ഉപയോഗിച്ചശേഷം ഒമ്പതുപേരെ ദാരുണമായി കൊന്നെന്നാണ് കേസ്. 2001ലാണ് രേണുകയെയും സീമയെയും തൂക്കിക്കൊല്ലാന്‍ സെഷന്‍സ് കോടതി വിധിച്ചത്. തുടര്‍ന്ന് ഹൈകോടതിയും സുപ്രീം കോടതിയും ശിക്ഷ ശരിവെച്ചു. കഴിഞ്ഞ മാസം അവസാനമാണ് രാഷ്ട്രപതി ഇവരുടെ ദയാഹരജി തള്ളിയത്.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment