1158 പവന്‍ കവര്‍ന്ന 152 കേസുകളിലെ പ്രതിയായ കുപ്രസിദ്ധ മോഷ്ടാവ് പിടിയില്‍

gold moshanam benny and kannanതൃശൂര്‍: 1158 പവനും ഒരുകോടി 15 ലക്ഷം രൂപയും കവര്‍ന്ന കുപ്രസിദ്ധ മോഷ്ടാവ് ഇരിങ്ങാലക്കുട പുല്ലൂര്‍ സ്വദേശി നടാപ്പുള്ളി വീട്ടില്‍ ബെന്നിയെയും (45) കൂട്ടാളി അഷ്ടമിച്ചിറ സ്വദേശി കരാട്ടേ കണ്ണനെയും (46) പൊലീസ് അറസ്റ്റ് ചെയ്തു. ആറുതവണ പൊലീസ് കസ്റ്റഡിയില്‍നിന്ന് രക്ഷപ്പെടുകയും മൂന്നുതവണ കസ്റ്റഡിയില്‍ ആത്മഹത്യാശ്രമം നടത്തുകയും ചെയ്ത ബെന്നി 152ല്‍പരം മോഷണക്കേസുകളില്‍ പ്രതിയാണ്. ആറുപേരുകളില്‍ അറിയപ്പെടുന്ന ഇയാള്‍ തമിഴ്നാട് തേനി ജില്ലയിലെ കമ്പത്തായിരുന്നു താമസം. കേരളത്തില്‍ ഏറ്റവും കൂടുതല്‍ കേസുകളിലെ പ്രതിയാണിയാള്‍.

1988-ല്‍ മോഷണം തുടങ്ങിയ ബെന്നി 152ല്‍പരം മോഷണം നടത്തിയിട്ടുണ്ട്. കൊടകര ഉണ്ണിയാര്‍ മഠത്തില്‍നിന്ന് 65 പവന്‍ സ്വര്‍ണാഭരണങ്ങളും 40 ലക്ഷം രൂപയും കവര്‍ന്നതാണ് പ്രധാന മോഷണം. നെന്മാറ ആര്‍.വി റോഡില്‍ സുബ്രഹ്മണ്യന്‍െറ മകന്‍ ഉണ്ണികൃഷ്ണന്‍െറ വീട് പൊളിച്ച് ഒന്നരക്കിലോ സ്വര്‍ണവും നാലുകിലോ വെള്ളിയും രണ്ടുലക്ഷം രൂപയും മോഷ്ടിച്ചു. പിടിയിലായാല്‍ രക്ഷപ്പെടാന്‍ വയറുകീറി ആത്മഹത്യക്ക് ശ്രമിച്ചും മറ്റും പൊലീസിനെ സമ്മര്‍ദത്തിലാക്കും. 1991ല്‍ മുരിയാട് ആനന്ദപുരത്ത് നാട്ടുകാര്‍ പിടികൂടാന്‍ ശ്രമിച്ചപ്പോള്‍ വയര്‍ കത്തികൊണ്ട് കുത്തി മുറിവേല്‍പിക്കുകയും മെഡിക്കല്‍ കോളജാശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. അവിടെനിന്ന് പൊലീസിനെ കബളിപ്പിച്ച് രക്ഷപ്പെട്ടു.

2003ല്‍ പാലക്കാട്ട് പൊലീസ് പിടിയിലായപ്പോള്‍ ബ്ളേഡുകൊണ്ട് വയറ് കീറി പൊലിസിനെ പരിഭ്രാന്തിയിലാക്കി. 2005ല്‍ എറണാകുളം ചെങ്ങമനാട് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ മോഷണം നടത്തി രക്ഷപ്പെടുമ്പോള്‍ നാട്ടുകാര്‍ പിടികൂടുമെന്ന് ഉറപ്പായപ്പോള്‍ കൂട്ടുപ്രതി കരാട്ടേ കണ്ണന്‍െറ വയറ്റില്‍ കത്തികൊണ്ട് കുത്തി കുടല്‍മാല ചാടിച്ചശേഷം രക്ഷപ്പെട്ടു. 2004ല്‍ മാനന്തവാടി കോടതിയില്‍ കൊണ്ടുപോകുന്നതിനിടെ ബെന്നി രക്ഷപ്പെട്ടു. 2010ല്‍ പാലക്കാട് ചിറ്റൂര്‍ പൊലീസിന്‍െറ പിടിയിലായപ്പോള്‍ ബാത്ത്റൂമില്‍ പോകവെ ഉടുമുണ്ടില്‍ തൂങ്ങിമരിക്കാന്‍ ശ്രമിച്ച് പൊലീസിനെ വെട്ടിലാക്കി. 1991ല്‍ കൊരട്ടി പൊലീസ് സ്റ്റേഷനില്‍നിന്നും 1993ല്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് പൊലീസിന്‍െറ കസ്റ്റഡിയില്‍നിന്നും രക്ഷപ്പെട്ടു.

ബെന്നി ജയിലില്‍നിന്നിറങ്ങിയിട്ട് മൂന്നുവര്‍ഷമായി. ഇതിനിടെ 15 മോഷണം നടത്തി. 2013 ഒക്ടോബര്‍ അഞ്ചിന് മാള പുത്തന്‍ചിറ പകരപ്പിള്ളി കടവില്‍ സുധീറിന്‍െറ വീട്ടില്‍നിന്ന് 23 പവനും 85,000 രൂപയുമടക്കം അഞ്ചരലക്ഷം രൂപയുടെ സാധനങ്ങള്‍ കവര്‍ന്നു. 2013 നവംബര്‍ 16ന് അന്നമനട കല്ലൂര്‍ ദേവിനിവാസിന്‍ കേശവന്‍ പോറ്റിയുടെ വീട്ടില്‍നിന്ന് ആറുപവന്‍െറ താലിമാല, പാന്‍ കാര്‍ഡ്, എ.ടി.എം കാര്‍ഡ്, 47,000 രൂപ എന്നിവ മോഷ്ടിച്ചു. 2013 ഫെബ്രുവരി 12ന് മാള അമ്പഴക്കാട് തെക്കിനിയത്ത് ആന്‍റണിയുടെ വീട്ടില്‍നിന്ന് അഞ്ച് പവന്‍െറ സ്വര്‍ണാഭരണങ്ങളും ടോര്‍ച്ചുകളും പണവും കവര്‍ന്നു.

2014 ഏപ്രില്‍ 19ന് മാള കുഴിക്കാട്ടുശേരി അമ്പൂക്കന്‍ ഡിജോയും ഭാര്യ ഷാലിയും ഈസ്റ്ററിന് പാതിരാകുര്‍ബാനക്ക് പള്ളിയില്‍പോയ സമയം 25 പവന്‍ സ്വര്‍ണാഭരണവും 18,000 രൂപയുമടക്കം നാലുലക്ഷം രൂപയുടെ മോഷണം നടത്തി. അന്നുതന്നെ കുഴിക്കാട്ടുശേരി അമ്പൂക്കന്‍ അന്തോണി പാതിരാകുര്‍ബാനക്കുപോയ സമയം 25,000 രൂപ മോഷ്ടിച്ചു. 2014 ഏപ്രില്‍ 14ന് തുമ്പൂര്‍ കളപ്പുരക്കല്‍ ഷാജുവിന്‍െറ വീട്ടില്‍നിന്ന് ആഭരണങ്ങള്‍ മോഷ്ടിച്ചുവെങ്കിലും റോള്‍ഡ് ഗോള്‍ഡ് ആയിരുന്നു. 2014 ജൂലൈ 20ന് അവിട്ടത്തൂര്‍ കദളിക്കാട്ടില്‍ ചന്ദ്രശേഖരന്‍െറ ഭാര്യ അനിതയുടെ അമ്മയുടെ അഞ്ചര പവന്‍ സ്വര്‍ണമാല മോഷ്ടിച്ചു. 2014 ഫെബ്രുവരി നാലിന് മാള പാലിശേരി തളിയയപ്പറമ്പില്‍ സുരേഷ് ബാബുവിന്‍െറ വീടിന്‍െറ വെന്‍റിലേഷന്‍ തകര്‍ത്ത് ഉറങ്ങിക്കിടന്ന സുഷേ്ബാബുവിന്‍െറ അമ്മയുടെ കഴുത്തില്‍നിന്ന് മൂന്നുപവന്‍െറ മാല കവര്‍ന്നു.

2013 ഡിസംബര്‍ 13ന് മാള കുഴൂര്‍ വസന്തവിഹാറില്‍ ബാഹുലേയന്‍െറ ഭാര്യ വാസന്തിയുടെ വീട്ടില്‍നിന്ന് ഇലക്ട്രോണിക്സ് ഉപകരണങ്ങളും സ്കൂട്ടറും മോഷ്ടിച്ചു. 2013 ജൂലൈ ആറിന് ഇരിങ്ങാലക്കുട കല്ലംകുന്നില്‍ പുത്തന്‍പുരക്കല്‍ അശോകന്‍െറ ഭാര്യ സുധയുടെ ഏഴുപവന്‍ താലിമാലയും 2,000 രൂപയും 2013 ഡിസംബര്‍ 22ന് കടുപ്പശേരി പാറക്ക ആന്‍റണി പാതിരാകുര്‍ബാനക്ക് പള്ളിയില്‍പോയ സമയത്ത് വീട്ടില്‍നിന്ന് പത്തുപവന്‍ സ്വര്‍ണാഭരണങ്ങളും ലാപ്ടോപ്പും വിലകൂടിയ ഇലക്ട്രോണിക് ഉപകരണങ്ങളുമടക്കം മൂന്നുലക്ഷം രൂപയുടെ മോഷണവും നടത്തി.

2012 ജൂലൈ 20ന് കുഴൂര്‍ മണ്ടികയറ്റത്തുള്ള തറേപറമ്പില്‍ ശിവപാലന്‍െറ വീടിന്‍െറ ജനല്‍ക്കമ്പി വളച്ച് ഉറങ്ങിക്കിടന്നിരുന്ന അമ്മയുടെ മൂന്നുപവന്‍ സ്വര്‍ണമാലയും 2012 ഏപ്രില്‍ 12ന് മാള പൂപ്പത്തി വാണ്ടിയാപ്പിള്ളി സതീശന്‍െറ വീട്ടില്‍നിന്ന് 45,000 രൂപയും കവര്‍ന്നു.

തമിഴ്നാട്ടിലെ ബോഡി, കമ്പം, ഉത്തരപാളയം, ഉസുലാംപെട്ടി, പഴനി, കര്‍ണാകടയിലെ കൊപ്പം, ശിമോഗ എന്നിവിടങ്ങളിലാണ് താമസിച്ചിരുന്നത്. 2003ല്‍ പാലക്കാട് പൊലീസിന്‍െറ പിടിയിലാകുമ്പോള്‍ നെയ്താരപ്പെട്ടിയില്‍ കോടികളുടെ ബംഗ്ളാവും ആഡംബര കാറുകളും ബിസിനസ് സ്ഥാപനങ്ങളും ഉണ്ടായിരുന്നു.

പലസ്ഥലങ്ങളിലും പലപേരുകളിലുമാണ് അറിയപ്പെട്ടിരുന്നത്. പഴഞ്ഞിയില്‍ വിശ്വനാഥ കൗണ്ടര്‍ എന്നും കമ്പം, തേനി എന്നിവിടങ്ങളില്‍ തോമസ് മത്തായി എന്നും സുഹൃത്തുക്കള്‍ക്കിടയില്‍ ഉസ്താദ് എന്നുമാണ് അറിയപ്പെട്ടിരുന്നത്.

ജയിലില്‍ കിടക്കുമ്പോള്‍ നിയമപുസ്തകങ്ങള്‍ വായിച്ച് കേസുകള്‍ സ്വന്തമായി വാദിക്കും. ഗുണ്ടാ ആക്ടില്‍ ശിക്ഷിച്ചിട്ടുള്ള പ്രതികള്‍ക്കുവേണ്ടി അപ്പീല്‍ പെറ്റീഷന്‍ തയാറാക്കി കൊടുത്തിരുന്നത് ബെന്നിയാണ്. ഇതിന് 15,000 രൂപയും വാങ്ങിയിരുന്നതായി പൊലീസ് പറഞ്ഞു. മോഷണമുതല്‍ കൊണ്ട് കമ്പത്ത് ഭാര്യയുടെ പേരില്‍ ഫാംഹൗസ് വാങ്ങിയെങ്കിലും ബെന്നി ജയിലിലായിരുന്നപ്പോള്‍ ഭാര്യ സ്വത്തുക്കളുമായി സ്ഥലംവിട്ടു. മക്കള്‍ ബംഗളൂരുവിലെ ഹോസ്റ്റലില്‍ നിന്നാണ് പഠിക്കുന്നത്. ബെന്നിയെ സുരക്ഷിതമായി കൊണ്ടുവരുന്നതും മോഷണം കഴിഞ്ഞ് തിരികെ കൊണ്ടുപോകുന്നതും മോഷണമുതല്‍ വില്‍ക്കാന്‍ സഹായിക്കുന്നതും കരാട്ടേ കണ്ണനാണ്.

Print Friendly, PDF & Email

Leave a Comment