നവജാത ശിശുവിനെ വില്‍ക്കാന്‍ കൂട്ടുനിന്ന ഗൈനക്കോളജിസ്റ്റ് പോലീസ് നിരീക്ഷണത്തില്‍

img4112_4706പയ്യന്നൂര്‍: പയ്യന്നൂരിലെ നവജാതശിശുവില്പന സംബന്ധിച്ച് കൂടുതല്‍ തെളിവുകള്‍ പോലീസിനു ലഭിച്ചു. അതനുസരിച്ച് അതിന് കൂട്ടുനിന്ന ഗൈനക്കോളജിസ്റ്റിനെ പോലീസ് നിരീക്ഷണവലയത്തിലാക്കി.

കുട്ടികളെ വില്പന നടത്തിയതില്‍ ഒരു കുട്ടിയുടെ മാതാപിതാക്കളെപ്പറ്റിയുള്ള വ്യക്തമായ വിവരമുള്‍പ്പെടെയുള്ള തെളിവുകളാണ് അന്വേഷണ സംഘത്തിന് ലഭിച്ചിരിക്കുന്നത്. പയ്യന്നൂര്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലെ ഒന്നാം പ്രതിയായ ഗൈനക്കോളജിസ്റ്റ് ആറു ലക്ഷം രൂപക്ക് നവജാത ശിശുവിനെ വില്പന നടത്തിയെന്നാണ് കേസ്. പരാതിയില്‍ പറയുന്ന കുട്ടിയുടെ മാതാപിതാക്കളെ സംബന്ധിച്ച നിര്‍ണായക വിവരങ്ങളാണ് ഇപ്പോള്‍ പോലീസ് കണ്ടെത്തിയിരിക്കുന്നത്.

വില്പന നടത്തപ്പെട്ട നവജാത ശിശുക്കളുടെ അമ്മമാരെ കണ്ടെത്തുകയെന്നത് ദുഷ്കരമാണെന്ന് കരുതിയിരുന്ന പോലീസിന്റെ സൂക്ഷ്മനിരീക്ഷണമാണ് അതീവരഹസ്യമാക്കിവച്ചിരുന്ന സംഭവത്തിന്റെ ചുരുളഴിച്ചത്. ഗള്‍ഫില്‍ ജോലി ചെയ്യുന്ന എറണാകുളം സ്വദേശി വിവാഹം ചെയ്ത പയ്യന്നൂര്‍ സ്വദേശിനിയാണ് വില്പന നടത്തപ്പെട്ട ഒരു കുട്ടിയെ പ്രസവിച്ചത്. ഗള്‍ഫില്‍ നിന്നും അവധിക്കു നാട്ടില്‍ വന്ന ഭര്‍ത്താവിനേയും കൂട്ടിയാണ് യുവതി ഡോക്ടറെ കാണാന്‍ മുന്‍ധാരണ പ്രകാരമെത്തിയത്. ഓരോ ദിവസവും വളര്‍ന്നുകൊണ്ടിരിക്കുന്ന മുഴയാണ് വയറ്റിലെന്നും ഓപ്പറേഷന്‍ ചെയ്തു കളയണമെന്നുമാണ് യുവതി ഭര്‍ത്താവിനെ ധരിപ്പിച്ചിരുന്നത്. ഗള്‍ഫിലായിരുന്ന ഭര്‍ത്താവറിയാതെയുള്ള അവിഹിതഗര്‍ഭത്തെയാണ് മുഴയെന്ന് പറഞ്ഞ് ഈ യുവതി ഭര്‍ത്താവിനെ കബളിപ്പിച്ചത്. ഓപ്പറേഷനും തുടര്‍ന്നുള്ള ചികിത്സയും കഴിഞ്ഞാണ് യുവതി ഭര്‍ത്താവിനൊപ്പം പോയത്. ഈ കുട്ടിയേയാണ് ആറു ലക്ഷം രൂപക്ക് വിറ്റതെന്നാണ് പോലീസിന്റെ അന്വേഷണത്തില്‍ വെളിവായത്. ഈ വിവരങ്ങളടങ്ങുന്ന മൊഴി പോലീസ് രേഖപ്പെടുത്തിയെന്നാണ് സൂചന. അതോടൊപ്പം വില്പന നടത്തിയതെന്ന സൂചന ലഭിച്ചിട്ടുള്ള മറ്റു കുട്ടികളെപ്പറ്റിയുള്ള പോലീസിന്റെ അന്വേഷണം ആശാവഹമായ രീതിയില്‍ പുരോഗമിക്കുന്നുണ്ട്. കേസിലെ ഒന്നാം പ്രതിയായ ഗൈനക്കോളജിസ്റ്റ് ഹൈക്കോടതിയില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി 26ന് പരിഗണിക്കും.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment