ക്വാറി പ്രശ്നം; മലിനീകരണ നിയന്ത്രണ ബോര്‍ഡ് വിശദീകരണവുമായി രംഗത്ത്

quarry-e1407321946526

തിരുവനന്തപുരം: ജനവാസമേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ക്വാറികളുടെ ദൂരപരിധി കുറച്ചിട്ടില്ലെന്നു മലിനീകരണ നിയന്ത്രണ ബോര്‍ഡിന്‍റെ വിശദീകരണം. ഇതുമായി ബന്ധപ്പെട്ട് 2011 ജൂലൈ മുതല്‍ നടപ്പാക്കിയ നിയമം മാറ്റിയിട്ടില്ല. നിയമം നടപ്പാക്കുന്നതിനു മുന്‍പു പ്രവര്‍ത്തിച്ചിരുന്ന 150ഓളം ക്വാറികള്‍ക്കു നിബന്ധനകള്‍ക്കു വിധേയമായി ഇളവു നല്‍കാന്‍ മാത്രമേ തീരുമാനിച്ചിട്ടുള്ളൂ. 2011 ജൂലൈക്കു ശേഷം പ്രവര്‍ത്തനമാരംഭിച്ച ക്വാറികള്‍ക്കെല്ലാം 100 മീറ്റര്‍ ദൂരപരിധി ബാധകമാണെന്നും മലിനീകരണ നിയന്ത്രണബോര്‍ഡ് വ്യക്തമാക്കി.

ജനവാസകേന്ദ്രങ്ങളിലെ പാറമടകളുടെ ദൂരപരിധി മലിനീകരണനിയന്ത്രണ ബോര്‍ഡ് 50 മീറ്ററായി വെട്ടിക്കുറച്ചുവെന്നു കഴിഞ്ഞ ദിവസം വാര്‍ത്തകളുണ്ടായിരുന്നു. മലിനീകരണ നിയന്ത്രണ ബോര്‍ഡ് പുറത്തിറക്കിയ സര്‍ക്കുലറിന്‍റെ അടിസ്ഥാനത്തിലായിരുന്നു ഇത്. ഇതോടെ ദൂരപരിധിയുടെ പേരില്‍ അടച്ചുപൂട്ടിയ പാറമടകള്‍ തുറന്നു പ്രവര്‍ത്തനമാരംഭിക്കുകയും ചെയ്തിരുന്നു. ഇതു വിവാദമായതിനെത്തുടര്‍ന്നാണ്, 2011നു മുന്‍പ് ആരംഭിച്ച ക്വാറികള്‍ക്കു മാത്രമാണ് ഇളവുനല്‍കിയതെന്ന വിശദീകരണവുമായി ബോര്‍ഡ് ഇന്നലെ രംഗത്തുവന്നത്.

2007ലാണ് ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തില്‍ പാറമടകള്‍ക്ക് മലിനീകരണ നിയന്ത്രണ ബോര്‍ഡിന്‍റ അനുമതി നിര്‍ബന്ധമാക്കിയത്. ഇതനുസരിച്ച് പുതിയ പാറമടകളുടെ ദൂരപരിധി ജനവാസകേന്ദ്രങ്ങളില്‍നിന്ന് 100 മീറ്ററാക്കി ഉയര്‍ത്തിക്കൊണ്ട് 2011 ജൂലൈ 20നു മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉത്തരവിറക്കി. ഇതിനുള്ളില്‍ ജനവാസകേന്ദ്രങ്ങളോ പ്രാര്‍ഥനാലയങ്ങളോ, പാലങ്ങളോ ഉണ്ടെങ്കില്‍ പാറ പൊട്ടിക്കാന്‍ അനുമതി നല്‍കരുതെന്നായിരുന്നു നിര്‍ദേശം. 2011ല്‍ പഴയതും പുതിയതുമായ എല്ലാ പാറമടകളുടെയും ദൂരപരിധി 100മീറ്ററാക്കിയിരുന്നു. ഈ നിയമം നടപ്പാക്കിയപ്പോള്‍ പ്രവര്‍ത്തനം നിര്‍ത്തേണ്ടിവന്ന ക്വാറികളുടെ അപേക്ഷകള്‍ കൂടി പരിഗണിച്ചായിരുന്നു ദൂരപരിധി ഇളവുചെയ്തതെന്നാണു ബോര്‍ഡിന്‍റെ വിശദീകരണം.

ഓഗസ്റ്റ് ആറിന് ഇതുസംബന്ധിച്ച ഉത്തരവു നല്‍കിയിട്ടുണ്ടെന്നും ബോര്‍ഡ് ചെയര്‍മാന്‍ അറിയിച്ചു. 2011നു മുന്‍പു പ്രവര്‍ത്തനമാരംഭിച്ചിരുന്നു എന്നതിനുള്ള തെളിവുകളും രേഖകളും ഹാജരാക്കിയാല്‍ മാത്രമേ ഇളവുകള്‍ അനുവദിക്കൂ. മനുഷ്യശക്തിയില്‍ കൂടം ഉപയോഗിച്ചു പാറക്കഷണങ്ങള്‍ ചെറുതാക്കുന്ന യൂനിറ്റുകള്‍ക്കു ദൂരപരിധി ബാധകമല്ല. ദൂരപരിധി 50 മീറ്ററാക്കാന്‍ ക്വാറി ഉടമകള്‍ സര്‍ക്കാറില്‍ സമ്മര്‍ദം ചെലുത്തിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലായിരുന്നു ദൂരപരിധി കുറയ്ക്കാനുള്ള നീക്കം. ദൂരപരിധി കൂട്ടിയതോടെ ക്വാറികള്‍ പ്രവര്‍ത്തനം നിര്‍ത്തിയതിനെത്തുടര്‍ന്നു നിര്‍മാണ മേഖല സ്തംഭിച്ചു എന്നായിരുന്നു വിശദീകരണം. എന്നാല്‍, ദൂരപരിധി കുറച്ചതിനെതിരേ വ്യാപകമായി പ്രതിഷേധമുണ്ടായിരുന്നു. തീരുമാനം വിവാദമാകും എന്നു കണ്ടതിനെത്തുടര്‍ന്നാണു തീരുമാനം നിബന്ധനകള്‍ക്കു വിധേയമായിരിക്കും എന്ന വിശദീകരണവുമായി മലിനീകരണം നിയന്ത്രണ ബോര്‍ഡ് രംഗത്തെത്തിയത്.

ബോര്‍ഡിന്‍റെ നിബന്ധനക്കനുസരിച്ചു ദൂരപരിധി 100 മീറ്ററാണെങ്കിലും ഖനനവകുപ്പിന്‍റെ നിബന്ധന പ്രകാരം ദൂരപരിധി ഇപ്പോഴും 50 മീറ്റര്‍ തന്നെയാണ്. 50 മീറ്റര്‍ പരിധി പാലിക്കുന്ന ക്വാറികള്‍ക്കു ഖനനവകുപ്പ് അനുമതി നല്‍കുമെങ്കിലും മലിനീകരണ നിയന്ത്രണ ബോര്‍ഡിന്‍റെ സര്‍ട്ടിഫിക്കറ്റ് ലഭിക്കില്ലായിരുന്നു. ഇതിനെത്തുടര്‍ന്നാണു ദൂരപരിധി കുറയ്ക്കണം എന്ന ആവശ്യവുമായി ക്വാറി ഉടമകള്‍ രംഗത്തെത്തിയത്. ബോര്‍ഡ് ഇപ്പോള്‍ നല്‍കിയിരിക്കുന്ന വിശദീകരണം അനുസരിച്ചു ദൂരപരിധിയുടെ പേരില്‍ പൂട്ടിക്കിടക്കുന്ന ക്വാറികള്‍ക്കു തുറന്നു പ്രവര്‍ത്തിക്കാമെങ്കിലും പുതിയ ക്വാറികള്‍ക്കു ദൂരപരിധി 100 മീറ്റര്‍ തന്നെയായിരിക്കും. എന്നാല്‍ 50 മീറ്റര്‍ ദൂരപരിധിയില്‍ പ്രവര്‍ത്തിക്കുന്ന ക്വാറികള്‍ക്കെതിരേ പലയിടത്തും ജനകീയ പ്രതിഷേധങ്ങള്‍ ശക്തമാണ്.

Print Friendly, PDF & Email

Leave a Comment