ഫിലാഡല്‍ഫിയ ക്‌നാനായ മിഷനില്‍ സെ. ജോണ്‍ ന്യൂമാന്റെ തിരുനാള്‍ ആഗസ്റ്റ്‌ 30, 31 തീയതികളില്‍

image (14)ഫിലാഡല്‍ഫിയ: സെ. ജോണ്‍ ന്യൂമാന്‍ ക്‌നാനായ കാത്തലിക്‌ മിഷന്‍ ആദ്യമായി ഫിലാഡല്‍ഫിയാ വിശുദ്ധനും, ഇടവക മധ്യസ്ഥനുമായ വിശുദ്ധ ജോണ്‍ ന്യൂമാന്റെ തിരുനാളും, പരിശുദ്ധ കന്യാമറിയത്തിന്റെ സ്വര്‍ഗ്ഗാരോപണ തിരുനാളും സംയുക്തമായി ആഗ്‌സ്റ്റ്‌ 30 ശനി, 31 ഞായര്‍ ദിവസങ്ങളിലായി ആഘോഷിക്കുന്നു.

ആഗസ്റ്റ്‌ 30 ശനിയാഴ്‌ച്ച വൈകുന്നേരം ആറരമണിക്കുള്ള ലദീഞ്ഞോടുകൂടി രണ്ടുദിവസത്തെ തിരുനാളിനു തുടക്കമാവും. തുടര്‍ന്ന്‌ സീറോമലബാര്‍ ഫൊറോനാ പള്ളി വികാരി റവ. ഫാ. ജോണിക്കുട്ടി ജോര്‍ജ്‌ പുലിശേരിയുടെ പ്രധാന കാര്‍മ്മികത്വത്തില്‍ വിശുദ്ധ കുര്‍ബാന, പ്രസംഗം, മാതാവിന്റെ ഗ്രോട്ടോയിലേക്ക്‌ മെഴുകുതിരി പ്രദക്ഷിണം, കുര്‍ബാനയുടെ സമാപനാശീര്‍വാദം. റവ. ഫാ. ജേക്കബ്‌ ജോണ്‍ തിരുനാള്‍ സന്ദേശം നല്‍കും. സ്‌നേഹവിരുന്നോടുകൂടി അന്നത്തെ പരിപാടികള്‍ സമാപിക്കും. പ്രധാന തിരുനാള്‍ദിനമായ ആഗ്‌സ്റ്റ്‌ 31 ഞായറാഴ്‌ച്ച വൈകുന്നേരം നാലുമണിക്ക്‌ തിരുനാള്‍ തിരുക്കര്‍മ്മങ്ങള്‍ ആരംഭിക്കും. ലദീഞ്ഞിനുശേഷം ആഘോഷമായ സമൂഹബലി. ന്യൂയോര്‍ക്ക്‌ റോക്‌ലാന്‍ഡ്‌ ക്‌നാനായ കാത്തലിക്‌ മിഷന്‍ ഡയറക്ടര്‍ റവ. ഫാ. റെന്നി കട്ടേല്‍ മുഖ്യകാര്‍മ്മികനായി അര്‍പ്പിക്കപ്പെടുന്ന ദിവ്യബലിയില്‍ റവ. ഡോ. മാത്യു മണക്കാട്ട്‌, റവ. ഫാ. ഷിജു മുടക്കോടില്‍ (ചിക്കാഗോ സെ. മേരീസ്‌ ക്‌നാനായ കാത്തലിക്‌ പള്ളി അസി. വികാരി), റവ. ഫാ. തോമസ്‌ മലയില്‍ (സെ. ജൂഡ്‌ മലങ്കര കാത്തലിക്ക്‌ ചര്‍ച്ച്‌ മുന്‍ വികാരി) എന്നിവര്‍ സഹകാര്‍മ്മികരാവും. ഫാ. ഷിജു മുടക്കോടില്‍ തിരുനാള്‍ സമ്പേശം നല്‍കും.

സമൂഹബലിയെ തുടര്‍ന്ന്‌ വിവിധവര്‍ണ്ണങ്ങളിലുള്ള മുത്തുകുടകളുടെയും, വാദ്യമേളങ്ങളുടെയും അകമ്പടിയോടെ തിരുസ്വരൂപങ്ങള്‍വഹിച്ചുകൊണ്ട്‌ ദേവാലയത്തിന്‌ വെളിയിലൂടെയുള്ള ആഘോഷമായ പ്രദക്ഷിണം. കുര്‍ബാനയുടെ സമാപനാശീര്‍വാദത്തെ തുടര്‍ന്ന്‌ ക്‌നാനായ കാത്തലിക്‌ അസോസിയേഷന്റെ നേതൃത്വത്തില്‍ ക്‌നാനായ നൈറ്റ്‌ അരങ്ങേറും. സെ. ആല്‍ബര്‍ട്ട്‌ ദി ഗ്രേറ്റ്‌ ചര്‍ച്ച്‌ പാസ്റ്റര്‍ മോണ്‍. ജോസഫ്‌ ഡങ്കന്‍ തദവസരത്തില്‍ ആശംസകള്‍ അര്‍പ്പിക്കും. ക്‌നാനായ തനിമയും, പൈതൃകവും വിളിച്ചോതുന്ന വിവിധ കലാപരിപാടികള്‍ ക്‌നാനായ നൈറ്റില്‍ അവതരിപ്പിക്കപ്പെടും. സ്‌നേഹവിരുന്നോടുകൂടി രണ്ടുദിവസത്തെ തിരുനാളും, ക്‌നാനായ കലാസന്ധ്യയും സമാപിക്കും.

വിശുദ്ധരുടെ തിരുനാളിലും, ക്‌നാനായ നൈറ്റിലും പങ്കെടുക്കാന്‍ ഫിലാഡല്‍ഫിയായിലും പരിസരപ്രദേശങ്ങളിലുമുള്ള എല്ലാ വിശ്വാസികളെയും മിഷന്‍ഡയറക്ടര്‍ റവ. ഡോ. മാത്യു മണക്കാട്ട്‌, കൈക്കാരന്‍മാരായ ജോസഫ്‌ മാണി (സണ്ണി പാറക്കല്‍), ക്ലമന്റ്‌ പതിയില്‍, ക്‌നാനായ കാത്തലിക്‌ അസോസിയേഷന്‍ പ്രസിഡന്റ്‌ ജോണ്‍സണ്‍ ചാരാത്ത്‌ എന്നിവര്‍ ഹൃദയപൂര്‍വം ക്ഷണിക്കുന്നു.

Print Friendly, PDF & Email

Related News

Leave a Comment