ടൈറ്റാനിയം കേസ്; എ.ഐ. ഗ്രൂപ്പുകളില്‍ ചേരിപ്പോര് തുടങ്ങി

udf1-e1406224403765 (1)

തിരുവനന്തപുരം : ടൈറ്റാനിയം കേസിലെ കോടതി വിധിയോടെ കോണ്‍ഗ്രസില്‍ ഗ്രൂപ്പ് യുദ്ധത്തിനു വീണ്ടും തുടക്കം. തങ്ങളുടെ ഗ്രൂപ്പു നേതാക്കളെ രക്ഷിക്കാനായി എ, ഐ ഗ്രൂപ്പുകള്‍ ശ്രമം തുടങ്ങി. മറു ഗ്രൂപ്പുകാരനെ കൈയൊഴിഞ്ഞുള്ള രക്ഷാപ്രവര്‍ത്തനത്തിനാണ് എയും ഐയും രംഗത്തിറങ്ങിയിരിക്കുന്നത്. വിധി പ്പകര്‍പ്പു പഠിച്ചശേഷം തീരുമാനമറിയിക്കാമെന്ന കെപിസിസി പ്രസിഡന്‍റ് വി.എം. സുധീരന്‍റെ നിലപാട് ഗ്രൂപ്പ് നേതാക്കളുടെ പോരാട്ടത്തിനു പച്ചക്കൊടിയായി മാറുകയും ചെയ്തു.

ടൈറ്റാനിയം കേസിന്‍റെ പേരില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി രാജിവയ്ക്കുന്ന അവസ്ഥ എന്തു വിലകൊടുത്തും ഒഴിവാക്കുകയാണ് എ ഗ്രൂപ്പിന്‍റെ ലക്ഷ്യം. അതിനായി അവര്‍ ബലിയാടാക്കാന്‍ ആഗ്രഹിക്കുന്നത് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയേയും. വിജിലന്‍സ് വകുപ്പിന്‍റെ അധികാരമെങ്കിലും രമേശ് ചെന്നിത്തല ഒഴിയണമെന്നാണ് എ ഗ്രൂപ്പ് ആഗ്രഹിക്കുന്നത്. മുമ്പ് പാമോലിന്‍ കേസിലും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരേ വിജിലന്‍സ് കോടതി വിധിയുണ്ടായതാണ്. അന്ന് വിജിലന്‍സ് വകുപ്പിന്‍റെ ചുമതല ഒഴിയാന്‍ ഉമ്മന്‍ ചാണ്ടി തയാറായി. പിന്നീട് ആഭ്യന്തരവകുപ്പുതന്നെ മുഖ്യമന്ത്രി ഒഴിഞ്ഞു. പാമോലിന്‍ കേസിലെ തുടരന്വേഷണത്തിനു തടസമാകാതിരിക്കാനാണു പൊലീസ് വകുപ്പുതന്നെ ഒഴിഞ്ഞതെന്നായിരുന്നു വിശദീകരണം.

അതുകൊണ്ടാണു മുഖ്യമന്ത്രിസ്ഥാനത്ത് അദ്ദേഹം ഇപ്പോഴും തുടരുന്നത്. ആ മാതൃക സ്വീകരിച്ചാല്‍ ടൈറ്റാനിയം കേസിലെ കൂട്ടുപ്രതിയായ ചെന്നിത്തല കുറഞ്ഞപക്ഷം വിജിലന്‍സ് വകുപ്പിന്‍റെ ചുമതലയെങ്കിലും ഒഴിയണം. കേസിലെ പ്രതിതന്നെ ആഭ്യന്തരമന്ത്രി സ്ഥാനത്തിരിക്കുമ്പോള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു വിശ്വസനീയമായ അന്വേഷണം നടത്താന്‍ കഴിയാതെപോകും. മുഖ്യമന്ത്രിക്കും പൊതുമരാമത്ത് വകുപ്പുമന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞിനും വരാന്‍ പോകുന്ന അന്വേഷണത്തെ സ്വാധീനിക്കാന്‍ കഴിയില്ല. ആകെ തടസം കൂട്ടുപ്രതിയായ ആഭ്യന്തരമന്ത്രിയാണ്. അദ്ദേഹം വിജിലന്‍സ് സ്ഥാനം ഒഴിഞ്ഞാല്‍ ഈ പ്രശ്നം അവസാനിക്കും. നിഷ്പക്ഷ അന്വേഷണം കേസില്‍ ഉറപ്പുനല്‍കാന്‍ സര്‍ക്കാരിനു കഴിയും. അതിലൂടെ മന്ത്രിസഭയുടെ പതനം ഒഴിവാക്കാനാവുമെന്നുമാണ് എ ഗ്രൂപ്പ് നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നത്.

ഈ അഭിപ്രായം മുഖ്യമന്ത്രിയുടെ വിശ്വസ്തന്‍ പി.ടി. തോമസ് ഇന്നലെ പരസ്യമായി പറയുകയും ചെയ്തു. രമേശിന്‍റെ രാജി ചര്‍ച്ചവിഷയമാക്കാന്‍ ബോധപൂര്‍വമായ നീക്കങ്ങളും എ ഗ്രൂപ്പ് നടത്തുന്നുണ്ട്. എന്നാല്‍ രമേശിനെ ബലിയാടാക്കി ആരും രക്ഷപ്പെടാന്‍ ശ്രമിക്കേണ്ടതില്ലെന്നു തിരിച്ചടിക്കുകയാണ് ഐ ഗ്രൂപ്പ്. ടൈറ്റാനിയം കേസിന് ആധാരമായ സംഭവം നടക്കുമ്പോള്‍ താന്‍ കെപിസിസി പ്രസിഡന്‍റുപോലും ആയിട്ടില്ലെന്ന് ആദ്യം പ്രഖ്യാപിച്ചത് ചെന്നിത്തല തന്നെയാണ്. കേസിനു ആധാരമായ സംഭവം നടന്നു പിന്നെയും ഒന്നരമാസം കഴിഞ്ഞാണു താന്‍ കെപിസിസി പ്രസിഡന്‍റായതെന്നു പറയുന്ന ചെന്നിത്തല നല്‍കുന്നത് അദ്ദേഹത്തെ ഇതില്‍ കുടുക്കുകയായിരുന്നുവെന്ന സൂചനയാണ്. തൊട്ടുപിറകേ കെ. മുരളീധരനും സമാന അഭിപ്രായ പ്രകടനം നടത്തിക്കഴിഞ്ഞു. ടൈറ്റാനിയം കേസില്‍ അഴിമതിയില്ലെന്നു തെളിയിക്കാനായിരുന്നില്ല, മറിച്ചു ചെന്നിത്തല നിരപരാധിയാണെന്നു തെളിയിക്കലായിരുന്നു ഈ പ്രസ്താവനകളുടെ ലക്ഷ്യം.

ഉമ്മന്‍ ചാണ്ടിക്കു വേണ്ടി ചെന്നിത്തല ബലിയാടാവേണ്ട ആവശ്യമില്ലെന്നാണ് ഐ ഗ്രൂപ്പിന്‍റെ നിലപാട്. പ്രധാന ആരോപണം മുഖ്യമന്ത്രിക്കെതിരേയാണ്. എ ഗ്രൂപ്പ് അതിനു സമാധാനം പറയാതെ ചെന്നിത്തലയില്‍നിന്നും പൊലീസ് വകുപ്പ് എടുത്തുമാറ്റാനുള്ള അവസരമായി ഇതിനെ ഉപയോഗിക്കുകയാണ്. എ ഗ്രൂപ്പിന്‍റെ ശക്തമായ എതിര്‍പ്പിനെ ഹൈക്കമാന്‍ഡിലെ സ്വാധീനം ഉപയോഗിച്ചു മറികടന്നാണു ചെന്നിത്തല ആഭ്യന്തരമന്ത്രിയായത്. ഉമ്മന്‍ ചാണ്ടിക്കായി അതു വലിച്ചെറിയാന്‍ തങ്ങളെക്കിട്ടില്ലെന്ന സൂചന ഇതിനകം ഐ ഗ്രൂപ്പ് നല്‍കിയിട്ടുണ്ട്.

ഉമ്മന്‍ ചാണ്ടി രാജിവയ്ക്കുകയാണെങ്കില്‍ അടുത്ത മുഖ്യമന്ത്രി ചെന്നിത്തലയായിരിക്കുമെന്നു ഐ ഗ്രൂപ്പ് വിശ്വസിക്കുന്നു. കേസില്‍ താന്‍ പങ്കാളിയല്ലാത്തതിനാല്‍ സിബിഐ ഉള്‍പ്പെടെ ഏതന്വേഷണവും നേരിടാന്‍ താന്‍ തയാറാണെന്നു ചെന്നിത്തല പ്രഖ്യാപിച്ചിട്ടുണ്ട്. കേസ് സിബിഐ അന്വേഷിക്കുകയാണെങ്കില്‍ ആഭ്യന്തരമന്ത്രിയുടെ പദവിയില്‍നിന്നും അദ്ദേഹത്തിനു ഒഴിഞ്ഞുനില്‍ക്കേണ്ടി വരില്ല. അതുപക്ഷേ എ ഗ്രൂപ്പിനു സ്വീകാര്യമല്ല. കേന്ദ്രത്തില്‍ ഇപ്പോള്‍ ബിജെപി സര്‍ക്കാരാണുള്ളത്. ഈ സമയത്തു സിബിഐക്കു കേസ് കൈമാറുന്നത് ആത്മഹത്യാപരം ആയിരിക്കുമെന്നാണ് അവരുടെ വിലയിരുത്തല്‍. സംസ്ഥാന വിജിലന്‍സ് തന്നെ അന്വേഷിക്കുന്നതായിരിക്കും എല്ലാവര്‍ക്കും സുരക്ഷിതത്വം. മുസ്ലീം ലീഗിന്‍റെ പിന്തുണയും ഇക്കാര്യത്തില്‍ എ ഗ്രൂപ്പ് പ്രതീക്ഷിക്കുന്നുണ്ട്.

Print Friendly, PDF & Email

Leave a Comment