ന്യൂഡല്‍ഹി: വിഖ്യാത ചരിത്രകാരന് ബിപന്‍ ചന്ദ്ര (86) അന്തരിച്ചു. ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാല സെന്റര്‍ ഫോര്‍ ഹിസ്റ്റോറിക്കല്‍ സ്റ്റഡീസ് അധ്യക്ഷനായും യൂനിവേഴ്സിറ്റി ഗ്രാന്റ്സ് കമീഷന് അംഗമായും നാഷനല്‍ ബുക് ട്രസ്റ്റ് അധ്യക്ഷനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ആധുനിക ഇന്ത്യയുടെ സാമ്പത്തിക, രാഷ്ട്രീയ ചരിത്രത്തില്‍ അവഗാഹമുണ്ടായിരുന്ന ബിപന്‍ ചന്ദ്ര ‘എന്‍ക്വയറി’ എന്ന പ്രസിദ്ധീകരണം ആരംഭിക്കുകയും ദീര്‍ഘകാലം അതിന്‍െറ എഡിറ്റോറിയല്‍ ബോര്‍ഡ് അംഗമായി പ്രവര്‍ത്തിക്കുകയും ചെയ്തു. ഇടതുപക്ഷ സഹയാത്രികനായ അദ്ദേഹം ‘ദ റൈസ് ആന്‍ഡ് ഗ്രോത്ത് ഓഫ് എക്കണോമിക് നാഷനലിസം’, ‘ഇന്‍ ദ നെയിം ഓഫ് ഡെമോക്രസി: ദ ജെ.പി മൂവ്മെന്റ് ആന്‍ഡ് ദ എമര്‍ജന്‍സി’, ‘നാഷനലിസം ആന്‍ഡ് കൊളോണിയലിസം ഇന്‍ മോഡേണ്‍ ഇന്ത്യ’, ‘ദ മേക്കിങ് ഓഫ് മോഡേണ്‍ ഇന്ത്യ: ഫ്രം മാര്‍ക്സ് ടു ഗാന്ധി’ എന്നിവയുള്‍പ്പെടെ നിരവധി ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്.
ഹിമാചല്‍ പ്രദേശിലെ കാന്‍ഗ്ര ജില്ലയില്‍ 1928ല്‍ ജനിച്ച ബിപന്‍ ചന്ദ്ര ലാഹോറിലെ ഫോര്മാന് ക്രിസ്റ്റ്യന്‍ കോളജ്, യു.എസിലെ സ്റ്റാന്‍ഫഡ് യൂനിവേഴ്സിറ്റി, ഡല്‍ഹി യൂനിവേഴ്സിറ്റി എന്നിവിടങ്ങളിലാണ് പഠിച്ചത്. ഡല്‍ഹി യൂനിവേഴ്സിറ്റിക്കു കീഴിലെ ഹിന്ദു കോളജില്‍ റീഡറായും ജവഹര്‍ലാല്‍ നെഹ്റു യൂനിവേഴ്സിറ്റിയില്‍ പ്രഫസറായും പ്രവര്‍ത്തിച്ചിട്ടുണ്ട്.