പുതിയ മദ്യനയം; കേരളത്തിലെ ഐ.ടി. കമ്പനികള്‍ സംസ്ഥാനം വിടുന്നു

technopark-e1408726619647കൊച്ചി: പുതിയ മദ്യനയം കേരളത്തിന്‍റെ ഐടി മേഖലാ വളര്‍ച്ചയ്ക്ക് വൈകാതെ മൂക്കുകയറിടുവാന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ട്. 2020ല്‍ സംസ്ഥാനത്തു 3000 പുതിയ ഐടി സ്ഥാപനങ്ങള്‍ എന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പ്രഖ്യാപിതലക്ഷ്യം നടക്കില്ലെന്നു മാത്രമല്ല, സ്മാര്‍ട്ട് സിറ്റി അടക്കമുള്ള നിലവിലെ പല പദ്ധതികളും പാതിവഴിയില്‍ അവസാനിക്കുകയും നിലവിലുള്ള പലരും കേരളം വിട്ടുപോവുകയും ചെയ്യുമെന്ന് ഐടി- ടൂറിസം- ഹോട്ടല്‍ മേഖലകളിലെ വിദഗ്ധര്‍ ഭയപ്പെടുന്നു.

ഇടത്തരം നിലവാരത്തിലുള്ള ബാര്‍ ഹോട്ടലുകള്‍ ഇല്ലാതാകുന്നതോടെ മികച്ച ശമ്പളം കൈപ്പറ്റുന്ന ഐടി പ്രൊഫഷനലുകള്‍ കേരളത്തെ ഉപേക്ഷിക്കുമെന്ന സൂചന ശക്തമായിട്ടുണ്ട്. യാതൊരു നിയന്ത്രണങ്ങളുമില്ലാത്ത തൊട്ടടുത്ത സംസ്ഥാനങ്ങളിലേക്കു ചേക്കേറാന്‍ പലരും തയാറെടുക്കുന്നതായാണു വിവരം. ഇതരസംസ്ഥാനത്തു നിന്നു കേരളത്തിലേക്കു വരാന്‍ ഒരുങ്ങിയിരുന്ന ഒട്ടുമിക്ക ഐടി പ്രൊഫഷണലുകളും ആ ആലോചന ഉപേക്ഷിക്കുന്നു. കേവലം 16 ഫൈവ് സ്റ്റാര്‍ ബാറുകളും സദാസമയവും തിരക്കും നീണ്ട ക്യൂവുമുള്ള തുറസായ ബിവ്റെജസ് ഔട്ട്‌ലെറ്റുകളൂം മാത്രമുള്ള കേരളത്തെ ഐടി രംഗം തീരെ ഇഷ്ടപ്പെടുന്നില്ലെന്നാണു പ്രതികരണങ്ങള്‍ വ്യക്തമാക്കുന്നത്.

കൊച്ചിയിലെ ഇന്‍ഫൊ പാര്‍ക്ക്, തിരുവനന്തപുരത്തെ ടെക്നോ പാര്‍ക്ക്, ഒട്ടേറെ ചെറുകിട ഐടി പാര്‍ക്കുകള്‍, ഉയര്‍ന്നുവരുന്ന സ്റ്റാര്‍ട്ടപ്പ് വില്ലെജുകള്‍ എന്നിവിടങ്ങളിലെ ജീവനക്കാരെല്ലാം സംസ്ഥാനത്തെ പുതിയ മദ്യനയത്തോടു കടുത്ത വിമര്‍ശനം സേഷ്യല്‍ മീഡിയയിലടക്കം രേഖപ്പെടുത്തിക്കഴിഞ്ഞു. അടയ്ക്കുന്ന ബാറുകളില്‍ ബിയര്‍, വൈന്‍ പാര്‍ലറുകളും അനുവദിക്കില്ലെന്ന കെപിസിസി പ്രസിഡന്‍റ് വി.എം. സുധീരന്‍റെ കടുത്ത നിലപാടിനെയും അവര്‍ രൂക്ഷമായ ഭാഷയിലാണു വിമര്‍ശിക്കുന്നത്.

കൊച്ചിയിലെ കൊട്ടിഘോഷിച്ച സ്മാര്‍ട്ട് സിറ്റി പദ്ധതിയും അനിശ്ചിതത്വത്തിലാണിപ്പോള്‍. ഏറെ കടമ്പകള്‍ കടന്നു നിര്‍മാണഘട്ടത്തിലേക്കു കടന്നിരിക്കുകയാണ് പദ്ധതി. എന്നാല്‍ പദ്ധതിപ്രദേശത്തു വിഭാവനം ചെയ്യുന്ന നക്ഷത്രഹോട്ടലുകളും സര്‍വീസ് അപ്പാര്‍ട്ട്മെന്‍റുകളും ബാര്‍ സൗകര്യം കൂടിയുള്ളതാണ്. ഇനി അതിന് അനുമതി കിട്ടാന്‍ യാതൊരു സാധ്യതയുമില്ല എന്നതിനാല്‍ പദ്ധതിയപ്പാടെ പുനരാലോചനയിലേക്കു കടന്നിരിക്കുന്നതായാണു റിപ്പോര്‍ട്ടുകള്‍.

ഞായറാഴ്ചകളില്‍ മദ്യമില്ല എന്ന സംസ്ഥാനത്തെ പുതിയ നയവും ഐടി മേഖലയുടെ വിമര്‍ശനത്തിനും പരിഹാസത്തിനും വഴിവച്ചിട്ടുണ്ട്. ഉല്ലാസത്തിനായി ആഴ്ചാവസാന ദിവസങ്ങള്‍ തെരഞ്ഞെടുക്കുന്നവര്‍ക്കു കേരളം ഒട്ടും ആകര്‍ഷകമല്ലാത്ത സംസ്ഥാനമായി മാറിയിരിക്കുന്നു എന്നാണു മിക്ക ഐടി കമ്പനി തലവന്മാരും അഭിപ്രായപ്പെടുന്നത്. കോടികളുടെ ഐടി നിക്ഷേപമാണു കേരളത്തില്‍ പ്രതീക്ഷിക്കപ്പെട്ടിരുന്നത്. പുതിയ മദ്യനയം വന്ന പശ്ചാത്തലത്തില്‍ തമിഴ്നാടും കര്‍ണാടകവും അടക്കമുള്ള സംസ്ഥാനങ്ങള്‍ കൂടുതല്‍ ഇളവുകള്‍ നല്‍കി അവരെയെല്ലാം അവിടേയ്ക്കു കൊണ്ടുപോകാനുള്ള സാധ്യതയും കൂടിവരുന്നതായി പറയപ്പെടുന്നു.

 

Print Friendly, PDF & Email

Related posts

Leave a Comment