എന്തുകൊണ്ട് ജനങ്ങളില്‍ പലരും അധ്യാപകരാവുന്നില്ല എന്ന് നരേന്ദ്രമോഡി

264847-modi-newന്യൂഡല്‍ഹി: അധ്യാപകര്‍ വിദ്യാര്‍ഥികളുടെ വീരനായകരാണെന്നും എന്നിട്ടും എന്തുകൊണ്ടാണ് ജനങ്ങളില്‍ പലരും അധ്യാപകരാവുന്നില്ല എന്നും പ്രധാനമന്ത്രി നരേന്ദ്രമോഡി. അധ്യാപകദിനത്തോടനുബന്ധിച്ച് രാജ്യത്തെ വിദ്യാര്‍ഥികളെ അഭിസംബോധന ചെയ്യുകയായിരുന്നു മോഡി. ഡോക്ടര്‍മാരും എന്‍ജിനീയര്‍മാരുമടക്കം എല്ലാ വിദ്യാസമ്പന്നരും ക്ളാസുകളെടുക്കാന്‍ തയാറാവണമെന്നും അതുവഴി അധ്യാപനം ഒരു രാഷ്ട്രനിര്‍മാണ പ്രക്രിയയാക്കി മാറ്റണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.

സ്ത്രീവിദ്യാഭ്യാസത്തിന് താന്‍ മുഖ്യ പരിഗണന നല്‍കുമെന്ന് വ്യക്തമാക്കിയ പ്രധാനമന്ത്രി, പെണ്‍കുട്ടികളുടെ പഠനം പാതിവഴി മുടങ്ങുന്നതില്‍ ദു$ഖം പ്രകടിപ്പിച്ചു. പെണ്‍കുട്ടികള്‍ക്ക് വീടിനടുത്തുതന്നെ വിദ്യാഭ്യാസ സൗകര്യം ലഭ്യമാക്കാനാവണം. ഒരു പെണ്‍കുട്ടിക്ക് വിദ്യ നല്‍കുമ്പോള്‍ രണ്ടു വീടുകള്‍ വിദ്യാസമ്പന്നമാകുന്നു. ശൗചാലയങ്ങളില്ലാത്തത് പെണ്‍കുട്ടികളുടെ കൊഴിഞ്ഞുപോക്കിന് കാരണമാണ്. എല്ലാ സ്കൂളിലും ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേക ശൗചാലയങ്ങള്‍ പണിയണം. ജപ്പാനിലെ സ്കൂളുകളില്‍ അധ്യാപകരും വിദ്യാര്‍ഥികളും ചേര്‍ന്നാണ് ശൗചാലയങ്ങള്‍ വൃത്തിയാക്കുന്നത്. അത് എന്തുകൊണ്ട് ഇന്ത്യയില്‍ നടപ്പാക്കിക്കൂടായെന്ന് അദ്ദേഹം ചോദിച്ചു.

90 മിനിറ്റ് നീണ്ട പ്രസംഗത്തിനുശേഷം കുട്ടികളുടെ ചോദ്യങ്ങള്‍ക്കും മോദി മറുപടി നല്‍കി. ബാല്യം ആസ്വദിക്കണമെന്നു പറഞ്ഞ അദ്ദേഹം, താനും വികൃതി നിറഞ്ഞ ബാലനായിരുന്നുവെന്നും കല്യാണവീടുകളില്‍ കുഴല്‍വാദ്യക്കാരെ പുളി കാണിച്ച് കൊതിപ്പിക്കുമായിരുന്നുവെന്നും വെളിപ്പെടുത്തി. വിദ്യാര്‍ഥികള്‍ ഒട്ടേറെ സ്വപ്നങ്ങള്‍ കാത്തുസൂക്ഷിക്കുന്നുണ്ടാവും. അവ നിറവേറ്റണമെന്ന് ദൃഢനിശ്ചയം ചെയ്തുകഴിഞ്ഞാല്‍ ഒരു ശക്തിക്കും തടഞ്ഞുനിര്‍ത്താനാവില്ല. വിദ്യാര്‍ഥിയായിരിക്കെ പ്രധാനമന്ത്രിയാകുമെന്ന് ഒരുവേളപോലും കരുതിയതല്ല. സ്കൂളില്‍ മോണിറ്റര്‍പോലും ആയിട്ടില്ല. തനിക്ക് പ്രധാനമന്ത്രിയാവാന്‍ എന്തു ചെയ്യണമെന്നു ചോദിച്ച കുട്ടിയോട് കുഴപ്പമൊന്നും പറ്റിയില്ളെങ്കില്‍ 2024ലെ തെരഞ്ഞെടുപ്പിനായി തയാറെടുക്കാനും സത്യപ്രതിജ്ഞാ ചടങ്ങിന് തന്നെ ക്ഷണിക്കണമെന്നും അദ്ദേഹം പറഞ്ഞു.

പ്രകൃതി സംരക്ഷിക്കുമെന്നും വൈദ്യുതി പാഴാക്കില്ളെന്നും ഉറപ്പുനല്‍കിയാണ് കുട്ടികള്‍ മടങ്ങിയത്. തെരഞ്ഞെടുത്ത വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും മുന്നില്‍ ഡല്‍ഹി മനേക്ഷാ ഓഡിറ്റോറിയത്തില്‍ നടത്തിയ പ്രസംഗം രാജ്യത്തെ സ്കൂളുകളില്‍ ദൂരദര്‍ശന്‍ വഴി പ്രദര്‍ശിപ്പിച്ചു.

Print Friendly, PDF & Email

Leave a Comment