Flash News

കനത്ത മഴ: വൈദ്യുതി പ്രതിസന്ധി ഇല്ലാതായി

September 8, 2014 , സ്വന്തം ലേഖകന്‍

21ELECTRICITY_19_1തിരുവനന്തപുരം: കനത്ത മഴയില്‍ അണക്കെട്ടുകളില്‍ ജലനിരപ്പ് ഗണ്യമായി ഉയര്‍ന്നതോടെ വൈദ്യുതി പ്രതിസന്ധി താല്‍കാലികമായി നീങ്ങി. പുറത്തുനിന്ന് കൊണ്ടുവരുന്നതില്‍ തടസ്സമുണ്ടാകാതിരിക്കുകയും മെച്ചപ്പെട്ട തുലാവര്‍ഷം ലഭിക്കുകയും ചെയ്താല്‍ ഇക്കൊല്ലം നിയന്ത്രണമില്ലാതെ മുന്നോട്ടുപോകാമെന്നാണ് വൈദ്യുതി ബോര്‍ഡ് വിലയിരുത്തല്‍.

ഇക്കൊല്ലം തുടക്കത്തില്‍ മഴ തീരെകുറവായിരുന്നത് ആശങ്ക സൃഷ്ടിച്ചിരുന്നു. ലോഡ്ഷെഡിങും പവര്‍കട്ടും ഏര്‍പ്പെടുത്തുന്നതിനെപ്പറ്റി ആലോചിക്കവെയാണ് കാലവര്‍ഷം ശക്തിപ്പെട്ടത്. ജൂലൈ-ആഗസ്റ്റ് മാസങ്ങളില്‍ പ്രതീക്ഷിച്ചതിനേക്കാള്‍ വെള്ളം കിട്ടി. വെള്ളിയാഴ്ചത്തെ കണക്കുപ്രകാരം സംഭരണികളില്‍ 73 ശതമാനം വെള്ളമുണ്ട്. ഇതുപയോഗിച്ച് 3034.497 ദശലക്ഷം യൂനിറ്റ് വൈദ്യുതി ഉല്‍പാദിപ്പിക്കാം. എല്ലാ സംഭരണികളിലുമായി പരമാവധി സംഭരിക്കാവുന്നത് 4140.25 ദശലക്ഷം യൂനിറ്റിനുള്ള വെള്ളമാണ്. കഴിഞ്ഞ വര്‍ഷം കാലവര്‍ഷത്തില്‍ മെച്ചപ്പെട്ട മഴ കിട്ടിയിരുന്നെങ്കിലും തുലാവര്‍ഷം അത്ര മെച്ചമായില്ല. കാലവര്‍ഷത്തില്‍ സംഭരിച്ച വെള്ളമാണ് വലിയ പ്രതിസന്ധിയില്‍നിന്ന് സംസ്ഥാനത്തെ രക്ഷിച്ചത്.

കഴിഞ്ഞ വര്‍ഷം ഇതേസമയം 3839 ദശലക്ഷം യൂനിറ്റിനുള്ള വെള്ളമാണ് ലഭിച്ചിരുന്നത്. അതിനേക്കാള്‍ 804 ദശലക്ഷം യൂനിറ്റ് കുറവാണിപ്പോള്‍. എന്നാല്‍ 2010, 12 വര്‍ഷങ്ങളേക്കാള്‍ ജലനിരപ്പ് മെച്ചമാണിപ്പോള്‍. സംഭരണികളിലേക്ക് നീരൊഴുക്ക് ശക്തമായി തുടരുന്നുമുണ്ട്. വ്യാഴാഴ്ച 532.86 ദശലക്ഷം യൂനിറ്റിനുള്ള വെള്ളം ഒഴുകിയത്തെി. ഏറ്റവുംവലിയ സംഭരണിയായ ഇടുക്കിയില്‍ 57 ശതമാനം വെള്ളമുണ്ട്. ഇതുപയോഗിച്ച് 1468.05 ദശലക്ഷം യൂനിറ്റ് വൈദ്യുതി ഉല്‍പാദിപ്പിക്കാം. രണ്ടാമത്തെ വലിയ പദ്ധതിയായ ശബരിഗിരിയിലെ പമ്പ-കക്കിയില്‍ 73 ശതമാനമാണ് വെള്ളം.

വലിയ അണക്കെട്ടായ ഷോളായാര്‍ പൂര്‍ണമായി നിറഞ്ഞുകിടക്കുകയാണ്. ഇടമലയാറില്‍ 88 ശതമാനവും കുണ്ടളയില്‍ 63ശതമാനവും മാട്ടുപ്പെട്ടിയില്‍ 67 ശതമാനവും വെള്ളമുണ്ട്. കുറ്റ്യാടി, തരിയോട്, പെരിങ്ങല്‍, ലോവര്‍ പെരിയാര്‍ എന്നിവയും പൂര്‍ണായി നിറഞ്ഞുകിടക്കുകയാണ്. പൊന്മുടിയില്‍ 97 ശതമാനവും ആനയിറങ്കലില്‍ 42 ശതമാനവും നേര്യമംഗലത്ത് 97 ശതമാനവും വെള്ളമുണ്ട്. ചെറിയ അണക്കെട്ടുകളില്‍ സംഭരണശേഷിയുടെ 99 ശതമാനവും നിറഞ്ഞുകിടക്കുകയാണ്. ഇവയില്‍ ഉല്‍പാദനം പൂര്‍ണതോതില്‍ നടക്കുന്നു.

മഴ ശക്തിപ്പെട്ടതോടെ കായംകുളം താപനിലയത്തില്‍നിന്ന് വൈദ്യുതി വാങ്ങുന്നത് നിര്‍ത്തി. ഇവിടെ 12.97 രൂപയാണ് യൂനിറ്റ് വില. കഴിഞ്ഞ മാസങ്ങളില്‍ ഇവിടെനിന്നുള്ള വൈദ്യുതി പൂര്‍ണ തോതില്‍ വാങ്ങിയത് ബോര്‍ഡിന് വന്‍ സാമ്പത്തികബാധ്യത വരുത്തിയിരുന്നു.

വ്യാഴാഴ്ച 57.75 ദശലക്ഷം യൂനിറ്റാണ് ഉപയോഗം. ഇതില്‍ 33.64 ദശലക്ഷം യൂനിറ്റും പുറത്തുനിന്ന് കൊണ്ടുവന്നതാണ്. 24.10 ദശലക്ഷം യൂനിറ്റാണ് ഇവിടെ ഉല്‍പാദിപ്പിച്ചത്. ഇടുക്കി, ശബരിഗിരി പദ്ധതികളില്‍നിന്ന് നേരിയ തോതില്‍ മാത്രമേ ഉല്‍പാദിപ്പിച്ചുള്ളൂ. പുറത്തുനിന്ന് കൂടുതല്‍ വൈദ്യുതി എത്തിക്കുന്നതിനുള്ള നീക്കം നടത്തുന്നുണ്ട്. ഇതിന് കരാര്‍ ഉണ്ടാക്കിയെങ്കിലും ലൈന്‍ കിട്ടാത്തതാണ് പ്രധാന വെല്ലുവിളി. ലൈന്‍ അനുവദിക്കാത്ത പവര്‍ഗ്രിഡ് കോര്‍പറേഷന്‍െറ നിലപാടിനെതിരെ ബോര്‍ഡ് നിയമനടപടി സ്വീകരിച്ചുവരികയാണ്. ലൈന്‍ ലഭ്യമായാല്‍ കുറഞ്ഞ നിരക്കില്‍ കൂടുതല്‍ വൈദ്യുതി എത്തിക്കാന്‍ കഴിയും.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top