പുതുമകള്‍ നിറഞ്ഞ പരിപാടികളോടെ ‘നാമം’ ഓണമാഘോഷിച്ചു

namam onam 6

ന്യൂജേഴ്സി: തികച്ചും പുതുമയാര്‍ന്ന പരിപാടികളോടെയാണ് പ്രമുഖ സാംസ്കാരിക സംഘടനയായ നാമം ഓണമാഘോഷിച്ചത്. പതിവില്‍ നിന്ന് വ്യത്യസ്തമായി ഓഡിറ്റോറിയത്തിലോ ഹാളിലോ വച്ചല്ല മറിച്ച് നാമം വൈസ് പ്രസിഡന്റ്‌ ഡോ ഗീതേഷ് തമ്പിയുടെ വീട്ടുമുറ്റത്തായിരുന്നു ആഘോഷം.

ഒരു തറവാട്ടില്‍ കുടുംബാംഗങ്ങള്‍ ഒത്തുകൂടുന്നത് പോലെ അനൗപചാരികമായി ഓണമാഘോഷിക്കാന്‍ സാധിച്ചതില്‍ വളരെയധികം സന്തോഷമുണ്ടെന്ന് നാമം സ്ഥാപകനും പ്രസിഡന്റുമായ മാധവന്‍ ബി നായര്‍ പറഞ്ഞു. നീണ്ട പ്രഭാഷണങ്ങളോ സ്റ്റേജ് പരിപാടികളോ ഇല്ലാതെ ഓണത്തിന്റെ തനിമയും ചാരുതയും ഉള്‍ക്കൊണ്ട് എല്ലാവരെയും പങ്കെടുപ്പിച്ചു കൊണ്ടായിരുന്നു ആഘോഷങ്ങള്‍.

നിലവിളക്കും നിറപറയും അത്തപ്പൂക്കളവുമൊരുക്കി, താലപ്പൊലിയും ആര്‍പ്പുവിളികളുമായി എല്ലാവരും മാവേലി തമ്പുരനെ വരവേറ്റു. മാവേലിയോടൊപ്പം അകമ്പടിയായി വന്ന പുലികളി കുട്ടികളെയും മുതിര്‍ന്നവരെയും ഒരു പോലെ രസിപ്പിച്ചു. തിരുവാതിരയും ഓണപ്പാട്ടുകളും, ഗാനമേളയും, നൃത്തങ്ങളും രുചിയേറിയ ഓണസദ്യയും ഏവരുമാസ്വദിച്ചു. പായസ മത്സരവും, ഓണത്തെ ആധാരമാക്കിയുള്ള കുട്ടികളുടെ ചിത്ര രചന മത്സരവും, വടം വലി മത്സരവുമൊക്കെ ആഘോഷങ്ങള്‍ക്ക് പകിട്ടേകി. അനേകം വീടുകള്‍ ഒന്നായത് പോലുള്ള അനുഭൂതിയാണ് ഏവര്‍ക്കുമുണ്ടായത്.

നാമം എന്ന സംഘടനയുടെ ഉദ്ദേശലക്ഷ്യങ്ങളെക്കുറിച്ച് പ്രസിഡന്റ്‌ മാധവന്‍ നായര്‍ സംസാരിച്ചു. എന്‍.എസ്‌. എസ്‌. ഓഫ് നോര്‍ത്ത് അമേരിക്കയുടെ പ്രസിഡന്റും ഫൊക്കാനയുടെ മുന്‍ പ്രസിഡന്റുമായ ജി. കെ പിള്ള നാമത്തിന് എല്ലാവിധ ഭാവുകങ്ങളും നേര്‍ന്നു. ഓവര്‍സീസ് ഫ്രണ്ട്സ് ഓഫ് ബി ജെ പിയുടെ ഭാരവാഹി ചന്ദ്രകാന്ത് പട്ടേല്‍ ഇത്തരത്തില്‍ ഓണാഘോഷം സംഘടിപ്പിച്ചവരെ അഭിനന്ദിച്ചു. സാമൂഹ്യ സാംസ്കാരിക രംഗങ്ങളിലെ പ്രമുഖരും നാമത്തിന്റെ സുഹൃത്തുക്കളുമായ നിരവധി പേര്‍ ആഘോഷങ്ങളില്‍ പങ്കു ചേര്‍ന്നു. മത്സരങ്ങളില്‍ പങ്കെടുത്തവര്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. നാമം സെക്രട്ടറി ബിന്ദു സഞ്ജീവ്കുമാര്‍ ഏവര്‍ക്കും നന്ദി പറഞ്ഞു.

കണ്‍വീനര്‍ സജിത്ത് പരമേശ്വരന്‍, ജോയിന്റ് കണ്‍വീനര്‍ ഡോ. ആശ വിജയകുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് പരിപാടികള്‍ സംഘടിപ്പിച്ചത്. പ്രേം നാരായണന്‍, സഞ്ജീവ് കുമാര്‍, അപര്‍ണ അജിത്‌, പാര്‍വ്വതി കാര്‍ത്തിക്, മാലിനി നായര്‍, അജിത്‌ മേനോന്‍, സജിത്ത് ഗോപി, ജാനു അവുല, അനാമിക നായര്‍, രെഷ്മി ഷിബു തുടങ്ങിയവര്‍ ഓണാഘോഷങ്ങള്‍ വിജയകരമാക്കാന്‍ പ്രവര്‍ത്തിച്ചു.

namam onam 1namam onam 2namam onam 5 namam onam 7 namam onam 8namam onam 3 namam onam 4

Print Friendly, PDF & Email

Leave a Comment