Flash News

പുതിയ നിയമനങ്ങള്‍ക്ക് റെയില്‍‌വേയില്‍ നിരോധനം

September 19, 2014 , സ്വന്തം ലേഖകന്‍

railway-top-imgകോഴിക്കോട്: സ്വകാര്യവത്കരണത്തിന്‍റെ ട്രാക്കില്‍ റെയ്ല്‍വേ കുതിച്ചുപായുമ്പോള്‍ അണിയറയില്‍ നിയമന നിരോധനവും തസ്തിക വെട്ടിക്കുറയ്ക്കലും ദ്രുതഗതിയില്‍. രണ്ടുവര്‍ഷമായി നിയമനങ്ങളൊന്നും നടത്താതെ ഞെങ്ങി ഞെരുങ്ങി മുന്നോട്ട് പോവുന്ന റെയ്ല്‍വേയില്‍ രണ്ടരലക്ഷം ഒഴിവുകളാണുള്ളത്. പാര്‍ലമെന്‍റിലെ ചോദ്യത്തിന് റെയ്ല്‍വേ മന്ത്രി സദാനന്ദഗൗഡ നല്‍കിയ മറുപടിയില്‍ ഇത് വ്യക്തം.

കാറ്ററിങ് മേഖല മുതല്‍ ടിക്കറ്റ് വില്‍പ്പന വരെയുള്ള സെക്‌ഷനുകള്‍ സ്വകാര്യവത്കരിച്ചതിനുശേഷമുള്ളതാണ് ഈ കണക്ക്. ആദ്യ എന്‍ഡിഎ സര്‍ക്കാരിന്‍റെ കാലത്താണ് സ്വാകാര്യവത്കരണത്തിനായുള്ള നിയമന നിരോധനം റെയ്ല്‍വേയില്‍ തുടങ്ങിയത്. അതിനു പിന്നാലെ വന്ന യുപിഎ സര്‍ക്കാരും ഈ നയം പിന്തുടര്‍ന്നു. ഇക്കഴിഞ്ഞ യുപിഎ സര്‍ക്കാരിന്‍റെ കാലത്താണ് ചെറിയ തോതിലെങ്കിലും നിയമനമുണ്ടായത്. എന്നാല്‍, പുതുതായി അധികാരത്തിലേറിയ എന്‍ഡിഎ സര്‍ക്കാര്‍ ഇനി റെയ്ല്‍വേയിലേക്ക് അടുത്തകാലത്തൊന്നും നിയമനം വേണ്ടെന്ന നിലപാടിലാണ്. പരമാവധി സെക്‌ഷനുകള്‍ സ്വകാര്യമേഖലയ്ക്ക് വീതിച്ച് നല്‍കി, ഉള്ള തസ്തികകളുടെ എണ്ണം കുറയ്ക്കുകയും അവിടെ തൊഴില്‍ നഷ്ടപ്പെടുന്ന ജീവനക്കാരെ മറ്റ് സെക്‌ഷനുകളില്‍ ആളുകള്‍ വിരമിക്കുന്ന മുറയ്ക്ക് പുനര്‍വിന്യസിക്കുകയും ചെയ്യാനാണ് തീരുമാനം.

1974-77 കാലത്താണ് റെയ്ല്‍വേയില്‍ ഏറ്റവും കൂടുതല്‍ നിയമനം നടന്നത്. നിലിവുള്ള 13 ലക്ഷം ജീവനക്കാരില്‍ 40 ശതമാനത്തോളം പേര്‍ അക്കാലയളവില്‍ വന്നതാണ്. 2010 മുതല്‍ ഇവര്‍ സര്‍വീസില്‍ നിന്നു വിരമിച്ചുതുടങ്ങി. അന്നുവന്നവരില്‍ അവസാനത്തെ ആളടക്കം 2015ഓടെ പുറത്തിറങ്ങും. അങ്ങനെ വരുമ്പോള്‍ നാല്‍പത് ശതമാനത്തോളം പേരുടെ കുറവ് 2015ഓടെ റെയ്ല്‍വേയിലുണ്ടാവും. 18 ലക്ഷം തസ്തികകളാണ് റെയ്ല്‍വേയിലുള്ളത്. ഇത്രയും തസ്തികകളില്‍ വിരമിക്കലും തസ്തിക വെട്ടിക്കുറക്കലും സ്വകാര്യവത്കരണവുമൊക്കെയായി 13ലക്ഷം പേരാണിപ്പോള്‍ ജോലി ചെയ്യുന്നത്.

വിവിധ വിഭാഗങ്ങളിലായി പാലക്കാട് ഡിവിഷനു കീഴില്‍ മാത്രം 1600ഓളം ജീവനക്കാരുടെ ഒഴിവാണുള്ളത്. സ്റ്റേഷന്‍ മാസ്റ്ററുടെ 90 ഒഴിവും ഡ്രൈവര്‍മാരുടെ 80 ഒഴിവുമുണ്ട്. റിസര്‍വേഷന്‍ ക്ലര്‍ക്ക്-25, കൊമേഴ്സ്യല്‍ ക്ലര്‍ക്ക് -20, ടിക്കറ്റ് എക്സാമിനര്‍-120 ഇങ്ങനെപോകുന്നു പാലക്കാട് ഡിവഷനിലെ ഒഴിവുകളുടെ കാര്യം. പാലക്കാട് ഡിവിഷനു കീഴില്‍ 200ഓളം റെയില്‍വേ ഗേറ്റാണുള്ളത്. എന്നാല്‍ ഇവിടെ ആകെയുള്ളത് 600ഓളം ജീവനക്കാര്‍ മാത്രം. ആയിരത്തിുത്ത് തൊഴിലാളികള്‍ വേണ്ടിടത്താണിത്. ഇത് സുരക്ഷാ വിഭാഗത്തിന്‍റെ പ്രവര്‍ത്തനം താളം തെറ്റിക്കുന്നതായാണ് ആക്ഷേപം. ജീവനക്കാരുടെ അഭാവം യാത്രക്കാരെയും പ്രയാസത്തിലാക്കുന്നുണ്ട്. പ്രധാന റെയ്ല്‍വേ കൗണ്ടറുകളില്‍ പോലും ബുക്കിങ് കലക്റ്റര്‍മാര്‍ കുറവാണ്. അന്താരാഷ്ട്ര നിലവാരത്തിലേക്കുയര്‍ത്തിയെന്നു പറയുന്ന കോഴിക്കോട് റെയ്ല്‍വേ സ്റ്റേഷനില്‍ നാലിലേറെ കൂടുതല്‍ ടിക്കറ്റ് കൗണ്ടറുകളുണ്ടെങ്കിലും മിക്കപ്പോഴും ടിക്കറ്റ് നല്‍കാന്‍ രണ്ടു പേര്‍ മാത്രമാണുണ്ടാവുക.

ദക്ഷിണ റെയ്ല്‍വേയെ മൊത്തം പരിഗണിച്ചാല്‍ ഒഴിവുകളുടെ എണ്ണം പതിനായിരത്തിലേറെ. സുരക്ഷാ വിഭാഗങ്ങളിലാണ് കൂടുതല്‍. രാജ്യത്തെ പ്രധാന റെയില്‍വേ ഡിവിഷനുകളെല്ലാം ലാഭത്തിലാണെന്നിരിക്കെയാണ് ജീവനക്കാരുടെ എണ്ണം കുറച്ച് റെയില്‍വേയുടെ പ്രവര്‍ത്തനം അവതാളത്തിലാക്കുന്നത്. കഴിഞ്ഞ വര്‍ഷം മാത്രം പാലക്കാട് ഡിവിഷന് 150 കോടി രൂപയാണ് ലാഭം. 2013ലെ കണക്ക് പ്രകാരം പാലക്കാട് ഡിവിഷന്‍റെ വരുമാനം 1000 കോടിയാണ്. രാജ്യത്ത് റെയ്ല്‍വേ നല്‍കുന്ന എല്ലാ സൗജന്യങ്ങളും കഴിച്ചാലും 2000 കോടിയോളമാണ് റെയ്ല്‍വേയുടെ ലാഭം.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top