എം.കെ സാനുവിന്‍െറ ജീവിതം സിനിമയാകുന്നു

MK-Sanuകൊച്ചി: പ്രഫ. എം.കെ. സാനുവിന്‍െറ ജീവിതവും കാലഘട്ടവും പ്രമേയമാക്കി സംവിധായകന്‍ മോഹന്‍ സിനിമയൊരുക്കുന്നു. ‘ജാലകങ്ങളിലെ സൂര്യന്‍’ എന്ന ഫീച്ചര്‍ സിനിമയുടെ ചിത്രീകരണം എം.ടി വാസുദേവന്‍ നായര്‍ മഹാരാജാസ് കോളേജില്‍ തുടങ്ങിവച്ചു. കോളജ് അധ്യാപകനും, സാഹിത്യ വിമര്‍ശകനും പ്രഭാഷകനും എഴുത്തുകാരനും മാധ്യമപ്രവര്‍ത്തകനും പൊതുപ്രവര്‍ത്തകനുമായി പലവിധവേഷങ്ങള്‍ ജീവിതത്തിലണിഞ്ഞ സാനുമാഷുടെ ആദ്യ ഷോട്ടും ഇതോടൊപ്പം ചിത്രീകരിച്ചു.

ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യര്‍, ഡോ. സി.കെ. രാമചന്ദ്രന്‍ എന്നിവര്‍ക്കൊപ്പം നടന്നു നീങ്ങുന്നതായിരുന്നു ആദ്യ രംഗം. ഇതിനിടക്ക് കെ.ജി. ജോര്‍ജ് ക്ളാപ്പടിച്ചു. അടുത്ത ഷോട്ടില്‍ സഹപ്രവര്‍ത്തകയായിരുന്ന എം. ലീലാവതി ടീച്ചര്‍ക്കൊപ്പം സംസാരിക്കുന്ന രംഗവും പൂര്‍ത്തീകരിച്ചു. എം.കെ. സാനു ഫൗണ്ടേഷനുവേണ്ടി നിര്‍മിക്കുന്ന ഫീച്ചര്‍ ചിത്രത്തിന്‍െറ ഷൂട്ടിങ് നിയമസഭാ മന്ദിരം, എം.എല്‍.എ ഹോസ്റ്റല്‍, എ.കെ.ജി സെന്‍റര്‍, വൈലോപ്പിള്ളി സംസ്കൃതി ഭവന്‍, മഹാരാജാസ് കോളജ്, സെന്‍റ് തെരേസാസ് കോളജ്, ചങ്ങമ്പുഴ പാര്‍ക്ക് എന്നിവിടങ്ങളിലായി പൂര്‍ത്തീകരിക്കും.

എം.ടി. വാസുദേവന്‍ നായര്‍ ചിത്രീകരണത്തിന്‍െറ സ്വിച്ച് ഓണ്‍ നിര്‍വഹിച്ചു. ചിത്രീകരണം കാണാന്‍ ഡോ. എം. തോമസ് മാത്യൂ, സി.ആര്‍. ഓമനക്കുട്ടന്‍, മഹാരാജാസ് കോളജിലെ മുന്‍ പ്രിന്‍സിപ്പല്‍മാരായിരുന്ന പ്രഫ. ഷേര്‍ളി മാത്യു, എം.കെ. പ്രസാദ് തുടങ്ങിയവരും എത്തിയിരുന്നു. സാനുമാഷിന്‍െറ ജീവിതം ചിത്രീകരിക്കേണ്ടത് കാലത്തിന്‍െറ ആവശ്യമാണെന്ന് എം.ടി. വാസുദേവന്‍ നായര്‍ പറഞ്ഞു.

Print Friendly, PDF & Email

Leave a Comment