ഇന്റര്‍നെറ്റ് തട്ടിപ്പ്; കേരളമുള്‍പ്പടെ വിവിധ സംസ്ഥനങ്ങളില്‍ നിരവധി പേര്‍ക്ക് പണം നഷ്ടപ്പെട്ടു

internet fraudകാനഡയിലേക്ക് ജോലി വാഗ്ദാനംചെയ്തുകൊണ്ടുള്ള ഇന്റര്‍നെറ്റ് പരസ്യ തട്ടിപ്പില്‍ കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ നിന്ന് നിരവധിപേര്‍ കുടുങ്ങി. തട്ടിപ്പിന്റെ ഇരകളില്‍ ഒരാളായ ഒടയംചാല്‍ സ്വദേശിയുടെ ഒരു ലക്ഷം രൂപ നഷ്ടപ്പെട്ടു. ഒടയംചാല്‍ ചക്കിട്ടടുക്കത്തെ ബോബിസ് തോമസിന്റെ ഒരു ലക്ഷം രൂപയാണ് തട്ടിപ്പ് പരസ്യത്തിലൂടെ തമിഴ്‌നാട് നാഗര്‍ കോവില്‍ സ്വദേശിയായ ചിത്തിരൈപഴം തട്ടിയെടുത്തത്. ബോബിസ് തോമസ് ഇതു സംബന്ധിച്ച് നല്‍കിയ ഹരജിയില്‍ കോടതി നിര്‍ദ്ദേശപ്രകാരം ചിത്തിരൈപഴത്തിനെതിരെ അമ്പലത്തറ പോലീസ് കേസെടുത്തു.

ഇന്റര്‍നെറ്റില്‍ കാനഡയിലേക്ക് ജോലി തരപ്പെടുത്തി നല്‍കാമെന്ന് സൂചിപ്പിക്കുന്ന പരസ്യം പ്രത്യക്ഷപ്പെട്ടിരുന്നു. ജോലി നല്‍കുന്ന കമ്പനിയുടെയും ഉടമസ്ഥന്റെ ഫോണ്‍ നമ്പറും പരസ്യത്തില്‍ ഉണ്ടായിരുന്നു. ഇതേ തുടര്‍ന്ന് ബോബിസ് തോമസ് ഫോണില്‍ ബന്ധപ്പെടുകയും ചിത്തിരൈപഴവുമായി സംസാരിക്കുകയും ചെയ്തു. കാനഡയില്‍ ആകര്‍ഷകമായ ജോലി വാഗ്ദാനം ചെയ്ത ചിത്തിരൈപഴം താന്‍ ഉടന്‍ തന്നെ അങ്ങോട്ട് വരാമെന്ന് ഉറപ്പുനല്‍കിയ ശേഷമാണ് ഫോണ്‍ വച്ചത്.

2013 ഡിസംബറില്‍ ചിത്തിരൈപഴം ചക്കിട്ടടുക്കത്തെ ബോബിസ് തോമസിന്റെ വീട്ടിലെത്തുകയും കാനഡയിലെ ജോലിയുടെ അനന്തസാധ്യതകള്‍ വിവരിക്കുകയും ചെയ്തു. ഇതേ തുടര്‍ന്ന് 65000 രൂപ ബോബീസ് തോമസ് ചിത്തിരൈപഴത്തിന് കൈമാറി. പിന്നീട് 2014 ജനുവരി 9ന് ചിത്തിരൈപഴം വീണ്ടും ചക്കിട്ടടുക്കത്ത് എത്തുകയും ബോബീസ് തോമസിനെ കണ്ട് 35000 രൂപ കൂടി വാങ്ങുകയും ചെയ്തു. ഒരു മാസത്തിനകം ജോലി തരപ്പെടുത്തി നല്‍കാമെന്നാണ് ചിത്തിരൈപഴം ഉറപ്പു നല്‍കിയത്. എന്നാല്‍ പണം നല്‍കി ഒരു മാസം കഴിഞ്ഞിട്ടും ജോലിക്കുള്ള വിസ ലഭിക്കാത്തതിനെ തുടര്‍ന്ന് ബോബീസ് തോമസ് ചിത്തിരൈപഴത്തിനെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല.

ഇതേ തുടര്‍ന്ന് ബോബീസ് തോമസ് നാഗര്‍കോവിലിലേക്ക് പോയി അന്വേഷണം നടത്തിയെങ്കിലും ചിത്തിരൈപഴം അവിടെയെങ്ങും ഉണ്ടായിരുന്നില്ല. അതിനിടെ തന്നെ മാത്രമല്ല നിരവധിപേരെ ഇന്റര്‍നെറ്റ് പരസ്യ തട്ടിപ്പില്‍ കുടുക്കി ചിത്തിരൈപഴം കോടികള്‍ കൈക്കലാക്കിയിട്ടുണ്ടെന്ന് ബോബിസ് തോമസ് മനസ്സിലാക്കി. നാഗര്‍കോവിലിലും വിസ തട്ടിപ്പ് കേസ് രജിസ്റ്റര്‍ ചെയ്തതിനാല്‍ അവിടെനിന്നും ഇയാള്‍ മുങ്ങുകയായിരുന്നു. ഇതേ തുടര്‍ന്ന് നിരാശയോടെ മടങ്ങിയ ബോബിസ് തോമസ് നാട്ടില്‍ തിരിച്ചെത്തിയ ശേഷം ചിത്തിരൈപഴത്തിനെതിരെ ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജ്‌സ്‌ട്രേറ്റ് (ഒന്ന്) കോടതിയില്‍ ഹരജി നല്‍കുകയാണുണ്ടായത്.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment