ഇന്തോ-ചൈനീസ് അതിര്‍ത്തിയില്‍ ചൈനീസ് സേനകരുടെ പ്രകോപനം തുടരുന്നു

IN11_INDIA-CHINA_22797f

ലെ, ന്യൂഡല്‍ഹി: ലഡാഖിലെ ചുമാര്‍ മേഖലയിലേക്ക് നൂറോളം ചൈനീസ് സൈനികര്‍ കൂടി അതിക്രമിച്ചു കയറിയതോടെ ഇന്ത്യ- ചൈന അതിര്‍ത്തിയിലെ സംഘര്‍ഷം കൂടുതല്‍ വഷളാകുന്നു. കഴിഞ്ഞദിവസം 35 സൈനികര്‍ ചുമാറിലെ പര്‍വതത്തില്‍ താവളമുറപ്പിച്ചതിനു പിന്നാലെയാണ് 30 ആര്‍ പോയിന്‍റിലേക്ക് ഒമ്പതു വാഹനങ്ങളിലായി കൂടുതല്‍ പേരെത്തിയത്.

നിയന്ത്രണ രേഖയയ്ക്കിപ്പുറം ഇന്ത്യന്‍ സേനയ്ക്കു 100 മീറ്റര്‍ മാത്രം അകലെ നിലയുറപ്പിച്ചിരിക്കുകയാണ് ഇവര്‍. ഏഴു കൂടാരങ്ങളുമുയര്‍ത്തി. ചൈനീസ് പ്രദേശത്തേക്കുള്ള നിരീക്ഷണത്തിന് ഇന്ത്യന്‍ സേനയുടെ തന്ത്രപ്രധാന കേന്ദ്രമാണു 30 ആര്‍. ചൈനീസ് പ്രസിഡന്‍റ് ഷി ജിന്‍പിങ്ങും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ ചര്‍ച്ചയിലെ ധാരണപ്രകാരം പിന്‍വാങ്ങിയ ചൈനീസ് സൈനികര്‍ മണിക്കൂറുകള്‍ക്കുള്ളില്‍ തിരികെക്കയറുകയായിരുന്നു.

സംഘര്‍ഷം കനത്തതിനെത്തുടര്‍ന്ന് ഈയാഴ്ച നടക്കേണ്ട ഇന്ത്യ- ചൈന മാധ്യമ പ്രതിനിധികളുടെ ചര്‍ച്ച ഇന്ത്യ റദ്ദാക്കി. ഒഴിവാക്കാനാവാത്ത കാരണങ്ങളാല്‍ ചര്‍ച്ച റദ്ദാക്കുന്നുവെന്നു വിദേശകാര്യ മന്ത്രാലയം.

ലഡാഖിനു 300 കിലോമീറ്റര്‍ അകലെയാണു ചുമാര്‍. ഇന്ത്യയ്ക്കു നിരീക്ഷണ പോസ്റ്റുകളും മേധാവിത്വവുമുള്ള ഇവിടെ അലോസരം സൃഷ്ടിക്കാന്‍ മുന്‍പു പലപ്പോവും ശ്രമിച്ചിട്ടുണ്ട് ചൈന. തൊട്ടടുത്ത പര്‍വതത്തില്‍ കയറിക്കൂടിയ 35 ചൈനീസ് സൈനികരും ഇന്നലെയും ഇവിടെ തുടരുകയാണ്. ഇവര്‍ക്കായി ചൈന ഹെലികോപ്റ്ററില്‍ ഭക്ഷണമെത്തിച്ചു. എന്നാല്‍, വ്യോമാതിര്‍ത്തി ലംഘിച്ചിട്ടില്ല.

വ്യാഴാഴ്ച ചൈനയുടെ പിന്മാറ്റത്തെത്തുടര്‍ന്ന് നിയന്ത്രണരേഖയില്‍ നിന്ന് ഉള്ളിലേക്കു മാറിയ ഇന്ത്യന്‍ സൈന്യം പുതിയ സാഹചര്യത്തില്‍ വീണ്ടും അതിര്‍ത്തിയിലേക്കു മാറി. കഴിഞ്ഞ 14ന് ചൈനീസ് ഭാഗത്തു റോഡ് നിര്‍മിക്കാനെത്തിയ തൊഴിലാളികള്‍ ഇന്ത്യന്‍ അതിര്‍ത്തിയിലേക്കു കടന്നതോടെയാണ് മേഖലയില്‍ സംഘര്‍ഷം ഉടലെടുത്തത്. ഇവിടെ റോഡ് നിര്‍മിക്കാന്‍ തങ്ങള്‍ക്ക് നിര്‍ദേശം ലഭിച്ചിട്ടുണ്ടെന്നായിരുന്നു ഇവരുടെ വാദം. ഉടന്‍ തിരികെപ്പോയില്ലെങ്കില്‍ അതിര്‍ത്തി ലംഘിച്ചതിന് അറസ്റ്റ് ചെയ്യുമെന്നും ഇന്ത്യന്‍ നിയമപ്രകാരം വിചാരണ ചെയ്യുമെന്നും സൈന്യം മുന്നറിയിപ്പു നല്‍കിയതോടെ ഇവര്‍ മടങ്ങി. എന്നാല്‍, ചൈനീസ് സേന ഇവിടെ അതിക്രമിച്ചു കയറി.

ഹിമാചല്‍ പ്രദേശില്‍ ലഡാഖ് മേഖലയില്‍ ഇന്ത്യയുടെ അതിര്‍ത്തിയോടു ചേര്‍ന്ന ഗ്രാമമാണു ചുമാര്‍. 2012ല്‍ കരസേനയും ഇന്തോടിബറ്റന്‍ ബോര്‍ഡര്‍ പൊലീസും ഇവിടെ നിര്‍മിച്ച താത്കാലിക സംഭരണകേന്ദ്രങ്ങള്‍ ചൈനീസ് സേന നശിപ്പിച്ചിരുന്നു. കഴിഞ്ഞവര്‍ഷം ദൗലത് ബെഗ് ഓള്‍ഡിയില്‍ ഇന്ത്യ ബങ്കറുകള്‍ നിര്‍മിക്കുന്നതിനെ ചൈന എതിര്‍ത്തത് ഇരുസേനകളും മുഖാമുഖം ദിവസങ്ങളോളം നിലയുറപ്പിക്കുന്നതിലേക്കു നയിച്ചു. ഫ്ളാഗ് മീറ്റിങ്ങില്‍ ചില ബങ്കറുകള്‍ നശിപ്പിക്കാന്‍ ഇന്ത്യ സമ്മതിച്ചതോടെയാണു പ്രശ്നം അവസാനിച്ചത്. പിന്നീടു ചുമാറില്‍ ഇന്ത്യ സ്ഥാപിച്ച നിരീക്ഷണ ക്യാമറ ചൈനീസ് സേനാംഗങ്ങള്‍ എടുത്തുകൊണ്ടുപോയതും സംഘര്‍ഷം വര്‍ധിപ്പിച്ചു. ഇതു പിന്നീടു തിരികെ നല്‍കി. കഴിഞ്ഞ മഞ്ഞുകാലത്ത് ചൈനീസ് സേന കുതിരപ്പുറത്ത് ഇവിടേക്കു കയറിപ്പറ്റാന്‍ ശ്രമിച്ചിരുന്നു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment