മദ്യനയം: ബാറുടമകളുടെ വാദം തിങ്കളാഴ്ചയും തുടരും

bar-e1408384592121കൊച്ചി: സര്‍ക്കാന്റെ മദ്യനയം ചോദ്യംചെയ്യുന്ന ഹരജികളില്‍ ബാറുടമകളുടെ വാദം പൂര്‍ത്തിയായില്ല. ശനിയാഴ്ച ക്ലാസിഫൈഡ് ഹോട്ടല്‍സ് ആന്‍ഡ് റസ്റ്റാറന്‍റ്സ് അസോസിയേഷനുവേണ്ടി ഹാജരായ സുപ്രീംകോടതിയിലെ മുന്‍ അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ ഇന്ദിര ജയ്സിങ്ങിന്റെ വാദമാണ് മുഴുവന്‍ സമയവും സിംഗ്ള്‍ ബെഞ്ച് കേട്ടത്. തുടര്‍ന്ന് കേസില്‍ വാദം കേള്‍ക്കുന്നത് തിങ്കളാഴ്ച തുടരാന്‍ ജസ്റ്റിസ് കെ. സുരേന്ദ്രമോഹന്‍ മാറ്റി. വ്യാഴാഴ്ച സുപ്രീംകോടതി അഭിഭാഷകന്‍ അര്യാമ സുന്ദരവും വെള്ളിയാഴ്ച മുതിര്‍ന്ന അഭിഭാഷകരായ സി.സി. തോമസ്, കെ. രാംകുമാര്‍, ഒ.വി. രാധാകൃഷ്ണന്‍ എന്നിവരും ബാറുടമകള്‍ക്കുവേണ്ടി ഹാജരായി വാദം നടത്തിയിരുന്നു. ബാറുടമകളുടെ വാദം പൂര്‍ത്തിയായ ശേഷമെ സര്‍ക്കാര്‍ വാദം ആരംഭിക്കൂ.

മുതിര്‍ന്ന അഭിഭാഷകനും മുന്‍ മന്ത്രിയുമായ കപില്‍ സിബലിനെയാണ് സര്‍ക്കാര്‍ ഹാജരാക്കുന്നതെങ്കിലും അദ്ദേഹം എന്ന് ഹാജരാകുമെന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. സര്‍ക്കാറിന്റെ മദ്യനയം വിവേചനപരമെന്ന വാദമാണ് ബാറുടമകള്‍ തുടരുന്നത്. സര്‍ക്കാറിന്റെ കീഴിലെ ബിവറേജസ് ഔട്ട്ലെറ്റുകള്‍ക്കും പഞ്ചനക്ഷത്ര ഹോട്ടലുകളിലെ ബാറുകള്‍ക്കും പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കുന്നതിലൂടെ വിവേചനമാണ് സര്‍ക്കാര്‍ കാണിച്ചിരിക്കുന്നത്. സമ്പൂര്‍ണ മദ്യനിരോധമാണ് ലക്ഷ്യമിടുന്നതെന്ന സര്‍ക്കാര്‍ വാദത്തില്‍ ആത്മാര്‍ഥതയില്ലന്ന് ഈ നിലപാടിലൂടെ വ്യക്തമാണെന്നും ഇവര്‍ സമര്‍ഥിക്കുന്നു.

അബ്കാരി നിയമത്തില്‍ ഭേദഗതി വരുത്താതെ മദ്യനയത്തിന്റെ ഭാഗമായി ബാറുകളുടെ ലൈസന്‍സ് റദ്ദാക്കാനാവില്ലന്നും ഇവര്‍ വാദിക്കുന്നു.അതേസമയം, സര്‍ക്കാര്‍നയത്തെ അനുകൂലിച്ച് പാലക്കാട് തൃത്താല മണ്ഡലം മുസ്ലിം ജമാഅത്ത് പ്രസിഡന്‍റ് ഹംസ മുസ്ലിയാര്‍, പാലക്കാട് പടിഞ്ഞാറങ്ങാടി എ.വി. മുഹമ്മദാലി, സെന്‍റര്‍ ഫോര്‍ കണ്‍സ്യൂമര്‍ എജുക്കേഷന്‍ മാനേജിങ് ട്രസ്റ്റി ഡിജോ കാപ്പന്‍ എന്നിവര്‍ ഹൈകോടതിയില്‍ ഹരജി നല്‍കി. ബാറുടമകളുടെ വാദം സാമൂഹികതാല്‍പര്യത്തിന് വിരുദ്ധമാണെന്നും ഇതിനെതിരെ നിലപാടറിയിക്കാനും വാദം നടത്താനും തങ്ങളെ കേസില്‍ കക്ഷി ചേര്‍ക്കണമെന്നും ആവശ്യപ്പെട്ടാണ് മൂവരും അഡ്വ. ജോണ്‍സണ്‍ മനയാനി മുഖേന ഹരജി നല്‍കിയത്.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment