ഡൊമിനിക് ചക്കോണല്‍, ആഷ്ലി ജെ. മാങ്ങഴ: ഇന്തോ – അമേരിക്കന്‍ പ്രസ്‌ക്ലബ് ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍

news2ന്യൂയോര്‍ക്ക്: ഇന്തോ- അമേരിക്കന്‍ പ്രസ്‌ക്ലബ് ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളായി ഡൊമിനിക് ചക്കോണലിനെയും ആഷ്ലി ജെ. മാങ്ങഴയെയും തെരഞ്ഞെടുത്തതായി ഡയറക്ടര്‍ ബോര്‍ഡ് പ്രസിഡന്റ് ജിന്‍സ്മോന്‍ സഖറിയ, ഡയറക്ടര്‍ ബോര്‍ഡ് സെക്രട്ടറി ജയിന്‍ മുണ്ടയ്ക്കല്‍ എന്നിവര്‍ അറിയിച്ചു.

ഗ്വിന്‍ഡി എന്‍ജിനീയറിംഗ് കോളജില്‍ നിന്ന് ബിരുദവും ചെന്നൈ അണ്ണാ യൂണിവേഴ്‌സിറ്റിയില്‍ നിന്നു സൈക്കോളജിയില്‍ ബിരുദാനന്തര ബിരുദവും നേടിയിട്ടുള്ള ഡൊമിനിക് ചക്കോണല്‍ ദോഹയിലെ അല്‍ ഷാര്‍ക്ക് ആന്‍ഡ് ദ പെനിന്‍സുല ദിനപത്രത്തില്‍ ജോലി ചെയ്തുകൊണ്ടാണ് പത്രപ്രവര്‍ത്തന ജീവിതം ആരംഭിക്കുന്നത്. ദശാബ്ദങ്ങളുടെ അനുഭവ പരിചയത്തിലൂടെ വിശ്വസ്തതയും ധാര്‍മ്മികതയും നിക്ഷ്പക്ഷതയും മുറുകെ പിടിക്കുന്ന എഴുത്തു രീതികളിലാണ് അദ്ദേഹം വിശ്വസിക്കുന്നത്. വിവിധ രാജ്യങ്ങളില്‍ ജോലി ചെയ്തുള്ള പരിചയത്തിലൂടെ സത്യസന്ധമായി വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ വിജയം കൈവരിക്കാനും എഴുത്തിലുള്ള തന്റെ അഭിനിവേശം വളര്‍ത്തിയെടുക്കാനും ഡൊമിനിക്കിനു കഴിഞ്ഞിട്ടുണ്ട്. നിരന്തരം മാറ്റങ്ങള്‍ക്കു വിധേയമാകുന്ന നമ്മുടെ സമൂഹത്തില്‍ പത്രസ്വാതന്ത്ര്യത്തിന്റെ പ്രസക്തി വിലകുറച്ചു കാണാനാകില്ലെന്നു വിശ്വസിക്കുന്ന വ്യക്തികൂടിയാണദ്ദേഹം.

അമേരിക്കയില്‍ ഏറ്റവും പ്രചാരമുള്ള മലയാള പത്രമായ ജയ്ഹിന്ദ്‌വാര്‍ത്തയുടെ എഡിറ്റോറിയല്‍ ബോര്‍ഡ് അംഗമാണ് ആഷ്‌ലി. ഫ്‌ളോറിഡയില്‍ നിന്നു പ്രസിദ്ധീകരിച്ച മലയാളി മനസ് എന്ന പത്രത്തിലെ റിപ്പോര്‍ട്ടറായിട്ടായി 2003 ല്‍ പത്രപ്രവര്‍ത്തന ജീവിതം ആരംഭിച്ച അദ്ദേഹം പുതിയ കുടിയേറ്റക്കാര്‍ക്കായി 2006 ല്‍ പ്രസിദ്ധീകരിച്ച യാത്ര എന്ന മാഗസിന്റെ ചീഫ് എഡിറ്ററായിരുന്നു. കൂടാതെ, അമേരിക്കയിലെ പ്രമുഖ മലയാളം മാസികയായ അക്ഷരത്തിന്റെ മാനേജിംഗ് എഡിറ്ററായി 2007 മുതല്‍ 2009 വരെ പ്രവര്‍ത്തിച്ചിട്ടുണ്ട്. കൂടാതെ എഡ്മണ്ടനിലെ സെന്റ് അല്‍ഫോന്‍സാ സീറോമലബാര്‍ ചര്‍ച്ച് 2013 ല്‍ പുറത്തിറക്കിയ പ്രയാണം എന്ന സുവനീറിന്റെ ചീഫ് എഡിറ്ററായിരുന്നു.സാമൂഹ്യ, രാഷ്ട്രീയ, സാഹിത്യവിഷയങ്ങളില്‍ ആഷ്‌ലിയുടേതായി നിരവധി ലേഖനങ്ങളാണ് ഇതിനോടകം തന്നെ അച്ചടി, ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചിട്ടുള്ളത്.

മികച്ച സംഘാടകനായ അദ്ദേഹത്തിന്റെ നേതൃത്വത്തിലാണ് ചിക്കാഗോ രൂപത മെത്രാന്‍ മാര്‍ ജേക്കബ് അങ്ങാടിയത്തിന്റെ നിര്‍ദേശപ്രകാരം എഡ്മണ്ടനില്‍ സെന്റ് അല്‍ഫോന്‍സാ സീറോമലബാര്‍ ചര്‍ച്ച് സ്ഥാപിക്കുന്നത്. തുടര്‍ന്ന് പള്ളിയുടെ ആദ്യ എക്‌സിക്യൂട്ടീവ് കമ്മറ്റി പ്രസിഡന്റ് ആയും പ്രവര്‍ത്തിച്ചു. എഡ്മണ്ടന്‍ കാത്തലിക് അസോസിയേഷന്‍ എക്‌സിക്യൂട്ടീവ് അംഗമായി പ്രവര്‍ത്തിച്ചിട്ടുള്ള ആഷ്‌ലി നിരവധി അസോസിയേഷനുകളുടെയും ക്ലബുകളുടെയും സ്ഥാപകനാണ്.
1999 ല്‍ അമേരിക്കയിലെത്തിയ അദ്ദേഹം മികച്ച സംഘാടകനെന്ന നിലയില്‍ മലയാളികള്‍ക്കിടയില്‍ അറിയപ്പെടുന്ന വ്യക്തിത്വമാണ്. ഇപ്പോള്‍ കാനഡയിലെ പോസ്റ്റല്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ ജോലി ചെയ്യുന്ന ആഷ്‌ലി അമേരിക്കയില്‍ വര്‍ഷങ്ങളോളം പ്രവര്‍ത്തിച്ചിട്ടുണ്ട്.

മൂവാറ്റുപുഴ നിര്‍മല കോളജില്‍ നിന്നു ബോട്ടണിയില്‍ ബിരുദം നേടിയിട്ടുളള ആഷ്‌ലി പഠനകാലത്തുതന്നെ രാഷ്ടീയ, സാമൂഹ്യരംഗങ്ങളില്‍ സജീവമായിരുന്നു. പിന്നീട്, ഹോട്ടല്‍ മാനേജ്‌മെന്റില്‍ ബിരുദം നേടി അമേരിക്കയിലെത്തുകയായിരുന്നു. മൂവാറ്റുപുഴ കടവൂര്‍ ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പലായിരുന്ന മാങ്ങഴ എം.ജി. ജോസഫിന്റെയും മേരിയുടെയും മകനാണ്. ജില്ലിമോളാണ് ഭാര്യ. മക്കള്‍: അഞ്ജലീന, ബ്രയേണ്‍.

ഡൊമിനിക് ചക്കോണല്‍, ആഷ്ലി ജെ. മാങ്ങഴ എന്നിവരുടെ പ്രവര്‍ത്തനപാടവങ്ങള്‍ ഇന്‍ഡോ-അമേരിക്കന്‍ പ്രസ് ക്ലബിന് ഒരു വരദാനമാണെന്നും, എല്ലാവിധ ഭാവുകങ്ങള്‍ അര്‍പ്പിക്കുന്നതായും പ്രസിഡന്റ് അജയ് ഘോഷ്, എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ജോണ്‍സണ്‍ പുഞ്ചക്കോണം, വൈസ് പ്രസിഡന്റ് ജേക്കബ് ഈശോ, ജനറല്‍ സെക്രട്ടറി വിനീത നായര്‍, ട്രഷറര്‍ രാജശ്രീ പിന്റൊ, ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാന്‍ ജിന്‍സ്മോന്‍ സഖറിയ, ഡയറക്ടര്‍ ബോര്‍ഡ് സെക്രട്ടറി ജയിന്‍ മാത്യു മുണ്ടയ്ക്കല്‍ എന്നിവര്‍ അഭിപ്രായപ്പെട്ടു.

Print Friendly, PDF & Email

Related News

Leave a Comment