നരേന്ദ്രമോഡി- ഒബാമ കൂടിക്കാഴ്ച തിങ്കളാഴ്ച, ചര്‍ച്ച ഒൗപചാരികമാകും

PM_Modi_rousing_New_York_reception_PTI_650_26Sept14ന്യൂയോര്‍ക്ക്: അഞ്ചുദിവസത്തെ സന്ദര്‍ശനത്തിന് അമേരിക്കയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോഡി പ്രസിഡന്‍റ് ഒബാമയുമായി തിങ്കളാഴ്ച കൂടിക്കാഴ്ച നടത്തും. ഒബാമയുടെ അത്താഴവിരുന്ന് അന്നാണ്. അതേസമയം, ചര്‍ച്ച വെറും ഒൗപചാരികതലത്തില്‍ ഒതുങ്ങുമെന്നാണ് സൂചന. പ്രധാനവിഷയങ്ങളില്‍ നിര്‍ണായകനീക്കം നടത്തുംവിധമുള്ള ചര്‍ച്ച നടക്കാനിടയില്ലെന്ന് രാഷ്ട്രീയനിരീക്ഷകര്‍ കരുതുന്നു. ഒരു ഇന്ത്യന്‍ പ്രധാനമന്ത്രിക്ക് അമേരിക്കയില്‍ ലഭിച്ച ഏറ്റവും തണുത്ത സ്വീകരണമാണ് മോഡിക്ക് ലഭിച്ചത്. ഇതുതന്നെ, കൂടിക്കാഴ്ച വെറും ഒൗപചാരികമാകുന്നതിന്‍െറ സൂചനയാണ്. വെള്ളിയാഴ്ച രാത്രി ഇന്ത്യന്‍ സമയം 10നാണ് മോഡി ന്യൂയോര്‍ക്കിലെ ജോണ്‍ എഫ്. കെന്നഡി വിമാനത്താവളത്തിലെത്തിയത്. അമേരിക്കയിലെ ഇന്ത്യന്‍ നയതന്ത്ര പ്രതിനിധികളാണ് മോഡിയെ സ്വീകരിക്കാനെത്തിയത്. ഉന്നത അമേരിക്കന്‍ ഭരണാധികാരികളാരും സ്വീകരണത്തിന് എത്തിയില്ല.

വിമാനമിറങ്ങിയ പ്രധാനമന്ത്രിയെ അമേരിക്കയിലെ ഇന്ത്യക്കാര്‍ മുദ്രാവാക്യം വിളികളോടെയും വന്ദേമാതരം ആലാപനത്തോടെയും സ്വീകരിച്ചു. അമേരിക്ക മോഡിയെ സ്നേഹിക്കുന്നു എന്ന പ്ളക്കാര്‍ഡുകളും ഏന്തിയിരുന്നു. 10.35ന് മോദി കനത്ത സുരക്ഷയില്‍ ന്യൂയോര്‍ക്കിലെ പാലസ് ഹോട്ടലിലേക്കുപോയി.

ശനിയാഴ്ച രാത്രി മോദി യു.എന്‍ പൊതുസഭയില്‍ പ്രസംഗിക്കും. യു.എന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണുമായി കൂടിക്കാണും. മൂന്നുദിവസം ന്യൂയോര്‍ക്കില്‍ തങ്ങുന്ന മോദി ശ്രീലങ്കന്‍ പ്രസിഡന്‍റ് മഹീന്ദ്ര രാജപക്സ, ബംഗ്ളാദേശ് പ്രധാനമന്ത്രി ശൈഖ് ഹസീന, നേപ്പാള്‍ പ്രധാനമന്ത്രി സുശീല്‍ കൊയ്‌രാള എന്നിവരുമായി ചര്‍ച്ച നടത്തും.

മോഡി അമേരിക്കയില്‍ എത്തുന്നതിന് 24 മണിക്കൂര്‍ മുമ്പ് ന്യൂയോര്‍ക്ക് ഫെഡറല്‍ കോടതി അദ്ദേഹത്തിന് സമന്‍സ് അയച്ചത് സന്ദര്‍ശനത്തിന്‍െറ ശോഭ കുറച്ചിട്ടുണ്ട്. 2002ല്‍ മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ, നടന്ന മുസ്ലിം വംശഹത്യയില്‍ അദ്ദേഹത്തിന് പങ്കുണ്ടെന്ന് കാണിച്ച് നല്‍കിയ പരാതിയിലാണ് നടപടി. അമേരിക്കന്‍ ജസ്റ്റിസ് സെന്‍റര്‍ എന്ന സംഘടനയും മറ്റുചിലരും ചേര്‍ന്നാണ് പരാതി നല്‍കിയത്.

മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങള്‍, ക്രൂരത, മനുഷ്യത്വരഹിതമായി നടപ്പാക്കിയ ശിക്ഷകള്‍, നിയമപ്രകാരമല്ലാത്ത നരഹത്യ തുടങ്ങി എട്ടോളം വിഷയങ്ങള്‍ ഉന്നയിച്ചാണ് പരാതി. അമേരിക്കന്‍ നിയമപ്രകാരവും മറ്റ് അന്താരാഷ്ട്ര ഉടമ്പടികളനുസരിച്ചും കോടതി നടപടികള്‍ നേരിടാന്‍ മോഡി ബാധ്യസ്ഥനാണെന്നാണ് ഹരജിക്കാരുടെ വാദം. നോട്ടീസില്‍ 21 ദിവസത്തിനകം മോഡി മറുപടി നല്‍കണം.

അമേരിക്കക്ക് പുറത്തുനടന്ന സംഭവമായാല്‍പോലും മനുഷ്യാവകാശ ലംഘനത്തിന്‍െറ പേരില്‍ ആര്‍ക്കെതിരെയും കേസ് ഫയല്‍ ചെയ്യാന്‍ അമേരിക്കന്‍ നിയമം പൗരന്മാര്‍ക്ക് അനുമതി നല്‍കുന്നുണ്ട്.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment